ഓലയും എഴുത്താണിയുമായി ഇരുന്ന് മുഹൂർത്തം കുറിച്ച് പെരുന്നയിൽ ബ്രഹ്മശ്രീ സുകുമാരൻ നായർ ജ്യോത്സ്യനവർകൾ അരുൾ ചെയ്തു 2019 ജനുവരി ഒന്ന് സായാഹ്‌നം കഴിഞ്ഞാൽ കേരള സംസ്ഥാനം ചെകുത്താന്റെ നാടായി അറിയപ്പെടും. അങ്ങനെ തന്നെ മാറുകയും ചെയ്യും എന്ന് പ്രശ്‌നവശാൽ കാണുന്നു.
സുകുമാരൻ പറഞ്ഞാൽ അച്ചട്ടാണെന്നു വൃദ്ധരും വാനരന്മാരും പറഞ്ഞുനടന്നു, പാടിയും ഓടിയും ചാടിയും നടക്കാനും മറന്നില്ല. പഴയ പാണന്മാർ പണ്ടത്തെപ്പോലെ തന്നെ വടക്കൻ വീരഗാഥകൾ മാത്രം പാടിയതിന്റെ ഫലമായി ജനുവരി ഒന്നിനു നടന്ന വനിതാ മതിൽ വമ്പിച്ച വിജയമാണെന്നു ചരിത്രത്തിൽ എഴുതിച്ചേർക്കുകയും ചെയ്തു. അതു തത്സമയം സംപ്രേഷണം ചെയ്യാൻ ചാനൽ വീരന്മാരും വീരാംഗനമാരും തമ്മിൽ ഉന്തും തള്ളുമുണ്ടായത്രേ! ഏതായാലും ചെകുത്താന്റെ നാടായി മാറാൻ എന്തൊക്കെ വേണമെന്ന് അങ്ങിങ്ങു ചർച്ചയുണ്ടായി. നിലവിലുള്ള വടക്കൻ വീരഗാഥക്കാരൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുകയും തെക്കുദേശത്തെ ഇരവിക്കുട്ടിപ്പിള്ള വലിയ പടത്തലവന്റെ അനന്തഗാമിയും 'പോപ്പ്' എന്ന അപരനാമധേയത്തിൽ അറിയപ്പെടുന്നവനുമായ മേൽപടി പെരുന്ന നായർജി സ്ഥാനമേൽക്കുകയും ചെയ്താൽ മാത്രമേ, നാട് കുട്ടിച്ചോറാവുകയും ചെകുത്താന്റെ നാട് എന്ന പേരിൽ ലോക പ്രസിദ്ധി നേടുകയും ചെയ്യുകയുള്ളൂ എന്നായിരുന്നു നാടെങ്ങും നടന്ന കൂലങ്കഷമായ ചർച്ചാഫലം. അതിനാൽ തന്നെ ഒന്നാം തീയതി നാട്ടുകാർ സമാധാനത്തോടെ കിടന്നുറങ്ങാനും പോയി. ആകാശം ഇടിഞ്ഞുവീഴുമെന്നു വന്നാലല്ലേ, അപ്പോക്കാണാം എന്നായിരുന്നു ഏവരുടെയും മനസ്സിലിരിപ്പ്.
സുകുമാരൻ നായർജിയുടെ ഉള്ളിലിരിപ്പ് മാത്രം ആർക്കും പിടികിട്ടിയില്ല. അതു മുകളിലിരിക്കുന്നവനു മാത്രം അറിയുന്നതായിരിക്കും. ഏതായാലും ഒരു വിമോചന സമരത്തിനു സാധ്യതയില്ല. സരിതാ മോഡലുകളെ കാട്ടി പിണറായി സഖാവിനെ വിരട്ടാനും സാധ്യതയില്ല. അതിന്റെയൊക്കെ സംവിധായകരും തിരക്കഥാകൃത്തുക്കളുമെല്ലാം ഇപ്പോൾ എൽ.ഡി.എഫിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു!
**** **** ****
ബി.ജെ.പിയുടെ നിരാഹാര സമരം മുപ്പതു ദിവസത്തിലെത്തി. നല്ലൊരു സിനിമയായിരുന്നുവെങ്കിൽ ഇതിനകം അഡ്വാൻസായി 'വിജയക്കൊടി പറത്തുന്ന അമ്പതാം ദിവസം' എന്നു വലിയ പോസ്റ്റർ നമ്മുടെ റോഡും തോടുമൊക്കെ അലങ്കരിച്ചേനേ. ഇതിപ്പോൾ വല്ലാത്ത ഗുലുമാലായി എന്നു തോന്നുന്നു. ഒരു ആർട്ട് പടത്തിന്റെ പരസ്യമേ ആ ദേശീയ പാർട്ടിയുടെ സെക്രട്ടറിയേറ്റ് സമരത്തിനു കിട്ടുന്നുള്ളൂ. കൂടുതൽ മുതൽ മുടക്കാൻ ഇല്ലാഞ്ഞിട്ടല്ല. കേന്ദ്രം എല്ലാ ഫണ്ടും സ്വരൂപിക്കുന്നതും വക മാറ്റുന്നതും ഇക്കൊല്ലത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു വേണ്ടിയാണ്. അതിനിടയ്ക്ക് തങ്ങൾക്ക് സിറ്റിംഗ് സീറ്റില്ലാത്ത കേരളത്തിലെ ശിഷ്യഗണങ്ങൾ ഉണ്ടാലെന്ത്, ഇറങ്ങിയാലെന്ത്? മാത്രമല്ല, റിലേ നിരാഹാര സത്യഗ്രഹമായിട്ടാണ് സംഗതി പരിണമിച്ചതും. മുട്ടയായി, പ്യൂപ്പയായി, പുഴുവായി, ശലഭമായി പറന്നു പോകുന്നതു പോലെ, കവി പുംഗവനായ ശ്രീധരൻ പിള്ളയിൽ തുടങ്ങി, സീക്കേ പത്മനാഭനിലൂടെ, ശോഭാ സുരേന്ദ്രനിലൂടെ ഇപ്പോൾ ശിവരാജനിലെത്തി നിൽക്കുന്നു നമ്മുടെ നിരാഹാര പരിപാടി. അണിയറയിൽ ആരോ നല്ലവണ്ണം തൈരും ഗോമാതാവിന്റെ പാലും വെണ്ണയുമൊക്കെ കഴിച്ച് നിരാഹാരം കിടക്കാൻ തയാറെടുക്കുന്നുവെന്നാണ് ശ്രുതി. ശിവരാജൻ എപ്പോഴാണ് പായയും ചുരുട്ടി സ്ഥലം വിടുന്നതെന്ന് അറിയില്ലല്ലോ!
**** **** ****
നവകേരള നിർമാണത്തിന്റെ കുളമ്പടികൾ കേൾക്കാൻ തുടങ്ങിയത് നാലു മാസം മുമ്പാണ്. ഇപ്പോൾ കുതിര അതിന്റെ പാട്ടിനു പോയ മട്ടാണ്. പ്രളയത്തിൽ തകർന്ന 17,000 വീടുകളും ഭാഗികമായി തകർന്ന രണ്ടു ലക്ഷം വീടുകളും ഏതു കണ്ടിഷനിലാണെന്നറിയാൻ ഇനി പാഴൂർ കണിയാരെ ചെന്നു കാണേണ്ടിവരും. പ്രളയക്കെടുതിയിൽ കിടന്നു കൈകാലിട്ടടിക്കുമ്പോഴും ജില്ലാ മേധാവികളുടെ പട്ടികയിൽ ഇടം നേടാതെ പോയവർ മുപ്പത്തി അയ്യായിരത്തിലേറെയുണ്ട്. അവർക്ക് സമയ ദോഷമാണെന്നു പ്രത്യേകം പറയേണ്ടതില്ല. സമയം മാറുന്നതിന് ലോക്കൽ നേതാക്കളെ കാണണം എന്ന പ്രാഥമിക വിദ്യാഭ്യാസം പോലും നൽകാൻ ആളില്ല എന്നതാണ് നാടിന്റെ അരക്ഷിതാവസ്ഥ!
**** **** ****
കോൺഗ്രസിൽ പുനഃസംഘടന എന്നു കേട്ടപ്പോൾ യൂത്ത് പിള്ളേർ ആവേശപൂർവം തുള്ളിച്ചാടി. ബലൂണുകൾ പറത്തിവിട്ടു! 'ഷവർമ' വാങ്ങി ഗ്രൂപ്പ് ഭേദമെന്യേ ഷെയർ ചെയ്തു. എല്ലാം വെറും നൈമിഷികമായിരുന്നു! താൽക്കാലിക പുനഃസംഘടന മാത്രം എന്ന് കൊട്ടാരത്തിൽ നിന്നു കൽപന പുറത്തു വന്നു.
ഇംഗ്ലീഷിൽ നമ്മൾ പണ്ടൊക്കെ 'അഡ്‌ഹോക് കമ്മിറ്റി' എന്നു പറഞ്ഞാണ് ശീലിച്ചത്. എല്ലാ ഇടപാടുകളും മാതൃഭാഷയിലാക്കണമെന്ന തീരുമാനം പകർത്തിയെഴുതിയതിന്റെ ഫലമായി അത് 'താൽക്കാലികം' ആയി. പിടക്കോഴി അടയിരിക്കുന്നതുപോലെ കസേരകളിൽ അമർന്നു ശീലിച്ച ഒന്നു രണ്ടു പേർ മാറിയതൊഴിച്ചാൽ എല്ലാം ശുഭം! പഴയ പടി തന്നെ. യൂത്ത് കോരന്മാർക്കു കഞ്ഞി കുമ്പിളിൽ നിന്നു കോരിക്കുടിച്ചിട്ടു പോകാം! എന്തൊക്കെയോ ശുഭപ്രതീക്ഷകളുമായി കൊച്ചിക്കു വന്നിറങ്ങിയ മുല്ലപ്പള്ളി കാർ മാർഗം തലസ്ഥാനം കൂടി കണ്ടതോടെ വായടച്ചു. ഇപ്പോൾ ഇടതുമുന്നണിക്കാര്യം മാത്രമേ ഉരിയാടാറുള്ളൂ. കോൺഗ്രസ് കാര്യം ചോദിച്ചാൽ അദ്ദേഹം ചില പദങ്ങൾ ആവർത്തിക്കുകയും ആകാശത്തേക്കു നോക്കുകയും ചെയ്യും. പക്ഷേ അത് നിസ്സഹായാവസ്ഥയാണെന്നു വ്യാഖ്യാനിച്ചു കളയരുത്. മഹത്തുക്കളുടെ ഓരോ ചലനത്തിനും കൈമുദ്രയ്ക്കും നോട്ടത്തിനുമൊക്കെ നാനാർഥങ്ങളുണ്ട്. പ്രത്യക്ഷവും വ്യംഗ്യവുമുണ്ട്.
ഭരതമുനിയുടെ 'നാട്യശാസ്ത്ര'ത്തിൽ പറയുന്ന അഭിനയ മുറകൾ പഠിച്ചവർക്കേ കേപ്പീസിസി പ്രസിഡന്റായിരിക്കുവാൻ കഴിയൂ. മുല്ലപ്പള്ളി മാനത്തേക്കു നോക്കുന്നതിന്റെ അർഥം ദില്ലിയിൽ നിന്നു വിമാനത്തിൽ ആൾ വരാനുണ്ട്; ബാക്കി പിന്നെപ്പറയാം എന്നു മാത്രമാണ്.
**** **** ****
വനിതാമതിൽ 'ഗിന്നസിലും' 'ലിംകാ'യിലും സ്ഥലം പിടിച്ചു. അമ്പതുലക്ഷം കവിഞ്ഞു പങ്കാളികൾ എന്നാണ് രാജ്ഭവൻ മുതൽ കാസർകോട് വരെ ഓടിയവർ പറഞ്ഞത്. ഏവരെയും ഞെട്ടിക്കുന്ന ഒരു വസ്തുത കൂടിയുണ്ട്; കേരളത്തിലെ ഇടതുമുന്നണി കെട്ടിപ്പൊക്കിയ ഒരു വനിതാ മതിലിന് പിന്തുണ കൊടുക്കാൻ നമ്മുടെ പഴയ യജമാനന്മാരുടെ നാടായ ഇംഗ്ലണ്ടിൽ പോലും ഒരു കൊച്ചു മതിൽ തീർത്തുവത്രേ! എഴുത്തുകാരും മെഡിസിൻ എൻജിനീയറിംഗ് പിള്ളേരും വിദേശികളുമൊക്കെ അതിൽ അണിനിരന്നുവത്രേ! കാര്യം മനസ്സിലാക്കാതെ ആയിരിക്കണം. ഹർത്താൽ ദിനത്തിൽ ഇവിടെ വന്നിട്ടുള്ള ഒരു വിദേശിയെങ്കിലും സംഭവ സ്ഥലത്തുണ്ടായിരുന്നുവെങ്കിൽ ഇത്തരമൊരു അബദ്ധം പിണയുകയില്ലായിരുന്നു.
പ്രളയ ദുരിതാശ്വാസ പ്രശ്‌നം അവസാനിച്ചിട്ടില്ലാത്തതിനാൽ ഇപ്പോൾ ഒരു വലിയ മതിൽ തന്നെ വേണ്ടായിരുന്നുവെന്ന് ഒരു പെൺവിരോധിയായ മൂപ്പീസ് കമന്റിട്ടു.
അങ്ങോർ ഇടതുമുന്നണിക്കിട്ട് ഇങ്ങനെ താങ്ങി:- നാടിന്റെ ഇന്നത്തെ അവസ്ഥയിൽ, ഒരു വേലിയോ കയ്യാലയോ മതിയായിരുന്നു. എന്തൊരു ധൂർത്താ ഇത്?