ഇന്ത്യയുടെ തെക്കേ അറ്റത്തെ സംസ്ഥാനത്ത് നാല് വിമാനത്താവളങ്ങളുണ്ട്. വേണമെങ്കിൽ അഞ്ചെന്ന് പറയാം. അത്യുത്തര കേരളത്തിലെ കാസർകോട് ജില്ലയിൽ നിന്ന് ഏറെ ദൂരെയല്ല കർണാടകയിലെ ഈ വിമാനത്താവളം. അമേരിക്കയിലും മറ്റു വികസിത രാജ്യങ്ങളിലുമെന്ന പോലെ കാശുള്ളവർക്ക് ചുരുങ്ങിയ സമയത്തിനിടയ്ക്ക് കേരളമാവുന്ന അഞ്ഞൂറിൽപരം കിലോ മീറ്റർ ദൈർഘ്യമുള്ള പട്ടണത്തിനിടയ്ക്ക് യാത്ര ചെയ്യാം. നമ്മൾ സാധാരണക്കാർ നാട്ടിൽ ട്രെയിനിലും ട്രാൻസ്‌പോർട്ട് ബസുകളിലും യാത്ര ചെയ്യുന്നു. തീവണ്ടി യാത്രക്കാരെ ഇങ്ങോട്ട് ആകർഷിക്കാൻ പാകത്തിൽ കെ.എസ്.ആർ.ടി.സി മിന്നൽ സർവീസ് തുടങ്ങിയിട്ടുണ്ട്. തലസ്ഥാനത്ത് നിന്ന് കോഴിക്കോട്ടും പാലക്കാട്ടും ഏഴ്-എട്ട് മണിക്കൂറിൽ പറന്നെത്തുന്നവയാണ് രാത്രി വണ്ടികളായ മിന്നൽ സർവീസുകൾ.
ഇക്കഴിഞ്ഞ സെപ്തംബറിൽ കൊച്ചിയിൽ നിന്ന് കോഴിക്കോട്ടേക്ക് തിരിച്ചുവരാൻ എറണാകുളം സൗത്ത് റെയിൽവേ ജംഗ്ഷനിൽ ഉച്ച നേരത്ത് ചെന്നു. മുംബൈ കുർള വരെ പോകുന്ന നേത്രാവതി എക്‌സ്പ്രസായിരുന്നു ലക്ഷ്യം. കാരണവുമുണ്ട്. മുൻ വർഷം ഈ ട്രെയിനിൽ തിരിച്ചു വരുമ്പോൾ സ്ലീപ്പർ കമ്പാർട്ടുമെന്റിൽ വെച്ച് മുംബൈയിൽ സ്ഥിരതാമസമാക്കിയ മലയാളികളെ സുഹൃത്തുക്കളായി ലഭിച്ചിരുന്നു.
എറണാകുളം ജംഗ്ഷനിലെ സമയ വിവര പട്ടികയിൽ കുർള ലേറ്റായി ഓടുന്നതായി കാണിക്കുന്നു. 2.30 ന് വരും. തൊട്ടു പിറകിൽ വരുന്ന കൊച്ചുവേളി-ഇൻഡോർ ട്രെയിൻ നിശ്ചിത സമയത്തും. അതായത് മുന്നേ കാലിനും. സ്റ്റോപ്പ് കുറവാണ് ഇൻഡോർ വണ്ടിയ്‌ക്കെന്ന് എൻക്വയറി കൗണ്ടറിലുള്ളവർ പറഞ്ഞു. യാത്രാനിരക്ക് ഒരേ പോലെ. റെയിൽവേയ്ക്ക് ഒരു പരിപാടിയുണ്ട്. ഏതെങ്കിലും ട്രെയിൻ ലേറ്റാണെങ്കിൽ അവനെ തീരെ ഗൗനിക്കാതെ മറ്റുള്ള തീവണ്ടികളെ സമയക്രമം പാലിക്കാൻ അനുവദിക്കുക. കുർള വണ്ടി പുറപ്പെട്ട് അര മണിക്കൂർ കഴിഞ്ഞാണ് ഇൻഡോർ പുറപ്പെട്ടത്. റായ്ബറേലി കോച്ച് ഫാക്ടറിയിൽ നിർമിച്ച പുതിയ സുന്ദരൻ കോച്ചുകളുമായി ഇൻഡോർ ട്രെയിൻ ആലുവ, ചാലക്കുടി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ, താനൂർ, പരപ്പനങ്ങാടി, ഫറോക്ക് എന്നിവിടങ്ങളിലൊന്നും നിർത്താതെ കുതിച്ചു. ആദ്യ സ്റ്റോപ്പ് തൃശൂരിൽ. നാലേ കാലിന് തൃശൂർ വിട്ട ട്രെയിൻ ഷൊർണൂർ ജംഗ്ഷനിൽ പത്ത് മിനിറ്റ് നിർത്തി യാത്ര തുടർന്നു. വഴിയിൽ പട്ടാമ്പിയിൽ വിശ്രമിക്കുകയായിരുന്ന നേത്രാവതിയെ മറികടന്നു. മലപ്പുറം ജില്ലയുടെ പ്രധാന സ്റ്റേഷനായ തിരൂരിനെ തീരെ ഗൗനിക്കാതെ രാജധാനി പോകും പോലെ ഇൻഡോർ ട്രെയിൻ മുന്നേറി. തിരൂരിനൊക്കെ ഇപ്പോഴും പാർലമെന്റിൽ പ്രതിനിധിയുണ്ടാവുമെന്ന് വെറുതെ ഓർത്തു. നമ്മുടെ വിഷയം അതല്ലല്ലോ. ആറേ മുക്കാലിന് കോഴിക്കോട് സ്റ്റേഷന്റെ നാലാം പ്ലാറ്റ് ഫോമിൽ ഈ ട്രെയിൻ എത്തി. ഇതേ സമയമെടുത്താണ് രാവിലെ പുറപ്പെടുന്ന ജനശതാബ്ദി കൊച്ചിയിലെത്തുന്നത്. അതായത് ഷൊർണൂരിൽ കുറച്ചു നിർത്തിയാലും സ്റ്റോപ്പ് പരിമിതപ്പെടുത്തിയ ട്രെയിനുകൾക്ക് മൂന്നര മണിക്കൂറിൽ ഓടിയെത്താവുന്ന ദൂരമാണ് കൊച്ചിക്കും കോഴിക്കോടിനുമിടയിൽ. ദുരന്തോ എക്‌സ്പ്രസിന് ഇത്രയും സമയം വേണ്ടതില്ലെന്ന് കേട്ടിട്ടുണ്ട്. പരീക്ഷിച്ചിട്ടില്ല. ഒരു കാര്യം ഉറപ്പാണ്. റോഡ് വാഹനങ്ങൾ എത്ര മുന്തിയതായാലും ഇത്രയും സമയമെടുത്ത് ഈ ദൂരം താണ്ടാനാവില്ല. ഇരട്ടിപ്പിച്ച റെയിൽപാത യാഥാർഥ്യമായതാണ് തീവണ്ടികളുടെ വേഗം വർധിപ്പിച്ചത്. കോട്ടയം വഴിയുള്ള പാത കൂടി ഇരട്ടിപ്പിക്കുന്നതോടെ ഇനിയും സൗകര്യം വർധിക്കുമെന്നതിൽ സംശയമില്ല. നിലവിലെ പാതയിലൂടെ ഇത് പോലെ വേഗത്തിലോടുന്ന ട്രെയിനുകൾ കൂടുതലായി ഓടിച്ചാൽ കേരളത്തിലെ യാത്രാ പ്രശ്‌നം തീരും. ഒരു മണിക്കൂർ ഇടവിട്ട് ഇത്തരം ട്രെയിനുകളുണ്ടായാൽ മതി. അല്ലാത്തതെല്ലാം ഇപ്പോൾ ചെയ്യുന്ന മാതിരി ഇഴഞ്ഞു തന്നെ തുടരട്ടെ.
കേരളത്തിന് മൂന്നും നാലും പാതകൾ നിർമിക്കാൻ കേന്ദ്രം അനുമതി നൽകിയതായി കഴിഞ്ഞ ദിവസം വാർത്തയുണ്ടായിരുന്നു. തിരുവനന്തപുരം - കാസർകോട് മൂന്നും നാലും പാതകൾക്കും തലശ്ശേരി- മൈസൂർ പുതിയ പാതയ്ക്കുമാണ് റെയിൽവേ ബോർഡ് തത്വത്തിൽ അനുമതി നൽകിയത്. വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) സമർപ്പിച്ചാൽ അന്തിമ അനുമതി നൽകും. ജപ്പാൻ വായ്പയെടുക്കാനും കേന്ദ്രം അനുമതി നൽകും. റെയിൽവേ ബോർഡ് ചെയർമാൻ അശ്വിനി ലൊഹാനിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചർച്ചകളുടെ ഫലമായാണിത്.
തലശ്ശേരി- മൈസൂർ പാതയുടെ ഡി.പി.ആർ നാല് മാസത്തിനകവും തിരുവനന്തപുരം കാസർകോടിന്റേത് ഏഴ് മാസത്തിനകവും സമർപ്പിക്കും. ഡി.പി.ആർ തയ്യാറാക്കാൻ 100 കോടിയാണ് ചെലവ്. കേരളത്തിന് 51 ശതമാനവും റെയിൽവേക്ക് 49 ശതമാനവും ഓഹരിയുള്ള കേരള റെയിൽവേ ഡെവലപ്‌മെന്റ് കോർപറേഷനാവും പദ്ധതി നടപ്പാക്കുക. പൂർത്തിയാവാൻ ഏഴ് വർഷമാണ് കണക്കാക്കുന്നത്.
തിരുവനന്തപുരം - കാസർകോട് മൂന്നും നാലും പാതകളിൽ 180, 200 കി.മീറ്റർ വേഗമുള്ള സെമി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കാം. വളവുകൾ കുറയ്ക്കും.
നിലവിലെ 575 കിലോമീറ്റർ ഇരട്ട പാതയിൽ ശരാശരി വേഗത്തിലും കൂടുതലാണിത്. 55,000 കോടിയാണ് ചെലവ്. പദ്ധതി ചെലവിന്റെ 10 ശതമാനം വീതം കേന്ദ്രവും സംസ്ഥാനവും വഹിക്കും. ബാക്കി ജപ്പാൻ ഇന്റർനാഷണൽ കോഓപറേഷൻ ഏജൻസി (ജിക്ക) വായ്പയാണ്.
25 വർഷത്തിലധികം തിരിച്ചടവ് കാലാവധിയുണ്ടാവും. ഉത്തര കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്കുള്ള എളുപ്പ വഴിയാണ് തലശ്ശേരി-മൈസൂർ പാത. തലശ്ശേരി-മൈസൂർ പുതിയ പാതയ്ക്ക് 5000 കോടിയാണ് ചെലവ്. അതായത് കൊച്ചി മെട്രോ നിർമിക്കാൻ ആവശ്യമായത്ര പണം കൊണ്ട് കേരളവും ബാംഗ്ലൂരും കൂടുതൽ അടുക്കുമെന്ന് സാരം. രണ്ട് പദ്ധതികളോടും റെയിൽവേ ബോർഡ് പോസിറ്റീവാണ്. ഡി.പി.ആർ സമർപ്പിച്ചാൽ അനുമതി ലഭിക്കും. വിദേശ വായ്പയ്ക്കായി പ്രോജക്ട് അംഗീകരിക്കും. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം യാഥാർഥ്യമായതോടെ കർണാടകയിലെ മൈസൂർ, കുടക് പ്രദേശങ്ങളിലുള്ളവർ ധാരാളമായി ഈ താവളത്തെ ആശ്രയിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് മുതൽ ആലോചിച്ചു തുടങ്ങിയ തലശ്ശേരി-മൈസൂർ പാതയ്ക്ക് വേണ്ടി പണം മുടക്കുന്നത് ഉചിതമായിരിക്കും.
കൊച്ചിക്കും തിരുവനന്തപുരത്തിനുമിടയിൽ മുമ്പ് കോട്ടയം വഴി മാത്രമേ യാത്ര ചെയ്യാൻ സാധിച്ചിരുന്നുള്ളൂ. ആലപ്പുഴ വഴി തീരദേശ റെയിൽ പാതയും ഇപ്പോഴുണ്ട്. പല ദീർഘദൂര ട്രെയിൻ സർവീസുകളും ആലപ്പുഴ, കായംകുളം വഴിയാണ്. വടക്കൻ കേരളത്തിലാണ് ആദ്യം തീവണ്ടിയുടെ ചൂളം വിളി മുഴങ്ങിയതെങ്കിലും മലബാർ പ്രദേശത്ത് അത്തരമൊരു സൗകര്യമില്ല. സർവേ പൂർത്തിയാക്കിയ കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ - കരിപ്പൂർ എയർപോർട്ട് - അങ്ങാടിപ്പുറം റെയിൽപാത യാഥാർഥ്യമാക്കാൻ സത്വര നടപടി കൈക്കൊള്ളുമെന്ന് റെയിൽവേ ഉദ്യോഗസ്ഥർ ഉറപ്പു നൽകിയെന്ന് എം കെ രാഘവൻ എം പി ഈയിടെ അറിയിച്ചിരുന്നു. ദൽഹി റെയിൽ ഭവനിൽ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിലാണ് ഇക്കാര്യം എം പിയെ അറിയിച്ചത്. കരിപ്പൂർ വിമാനത്താവളത്തെ ആശ്രയിക്കുന്ന യാത്രക്കാരുടെ സൗകര്യവും കോഴിക്കോടിന്റെ വികസനവും മുൻനിർത്തി റെയിൽപാത അനിവാര്യമാണ്.
ഈ പാതയെ മലപ്പുറത്തെ അങ്ങാടിപ്പുറവുമായി ബന്ധിപ്പിച്ചാൽ ഷൊർണൂരിനും കോഴിക്കോടിനുമിടയിൽ സമാന്തര പാതയായി. കേന്ദ്രത്തിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന പ്രതിബദ്ധതയുള്ള എം.പിമാർക്ക് അങ്ങാടിപ്പുറം പാതയെ ഒറ്റപ്പാലത്തെത്തിച്ച് കേരളത്തെ തമിഴുനാടുമായി ബന്ധപ്പെടുത്തുന്ന പാതയുമായി യോജിപ്പിക്കാനും സാധിക്കും.