Sorry, you need to enable JavaScript to visit this website.

കണ്ണുരുട്ടി പേടിപ്പിക്കാൻ നോക്കരുത്; വിമർശനവുമായി മന്ത്രി ജലീൽ

കോഴിക്കോട്- നരകത്തിന് മുകളിലൂടെ സ്വർഗത്തിലേക്ക് കെട്ടിയ സിറാത്ത് പാലത്തിലൂടെ കടക്കുന്നവരുടെ പട്ടിക തയ്യാറാക്കാൻ ആരാണ് ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. ഫെയ്‌സ്ബുക്കിലാണ് ലീഗിനും സുന്നി നേതാക്കൾക്കുമെതിരെ കടുത്ത വിമർശനവുമായി ജലീൽ രംഗത്തെത്തിയത്. എ.പി, ഇ.കെ സുന്നി വിഭാഗം നേതാക്കളുടെ പേര് പരോക്ഷമായി സൂചിപ്പിച്ചാണ് ജലീലിന്റെ വിമർശനം. ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില 'മഹാൻമാർ'ക്ക് മാത്രം അർഹതപ്പെട്ടതാണ് സ്വർഗ്ഗമെങ്കിൽ ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ നരകത്തിലേക്ക് തള്ളി വിട്ടോളൂവെന്നും ജലീൽ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. 
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 
അഴീക്കോട്ടെ യു.ഡി.എഫ് ങഘഅ യുടെ നിയമസഭാംഗത്വം റദ്ദാക്കാൻ ഹൈക്കോടതി ആധാരമാക്കിയ നോട്ടീസിലെ വാചകങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളോട് ലീഗ് നേതൃത്വത്തിന്റെ അഭിപ്രായമെന്താണെന്ന് ഞാൻ ചോദിച്ചിരുന്നു. അതിനവർ നേരിട്ടു മറുപടി പറയാതെ ചില പാതിരാ പ്രസംഗകരെ ഇറക്കിവിട്ട് ഇസ്‌ലാം മതത്തിൽ നിന്നുതന്നെ എന്നെ പുറത്താക്കാൻ കഴിയുമോ എന്നാണ് നോക്കുന്നത്. ആ മുറുക്കാൻ പൊതി കയ്യിലിരിക്കട്ടെ. ഇനി കാര്യത്തിലേക്ക് വരാം. 
ആരാണ് സ്വർഗ്ഗ ലബ്ധിക്ക് അർഹരായവർ?
സ്വർഗ്ഗം ഏതെങ്കിലും വിഭാഗക്കാർക്കോ ദേശക്കാർക്കോ നെറ്റിയിൽ സ്റ്റിക്കറൊട്ടിച്ചവർക്കോ മാത്രം അവകാശപ്പെട്ടതാണോ? ഞാൻ മനസ്സിലാക്കിയ ഖുർആനും പ്രവാചക ചര്യയും പ്രകാരം ജീവിതത്തിൽ തിൻമയെക്കാൾ നന്മ ഒരംശം അധികരിപ്പിച്ച സർവ്വ മനുഷ്യർക്കും അവകാശപ്പെട്ടതത്രെ സ്വർഗ്ഗം. നിരാലംബർക്കും അനാഥർക്കും നിരാശ്രയർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവർക്കും ആരാധനകളുടെ അന്തസ്സത്ത ഉൾക്കൊണ്ട് അത് അനുഷ്ഠിക്കുന്നവർക്കും സൽപ്രവൃത്തികൾ കൊണ്ട് ജീവിതം അലങ്കരിക്കുന്നവർക്കും പടച്ച തമ്പുരാൻ പരലോകത്ത് കരുതി വെച്ചിട്ടുള്ള സംവിധാനമാണത്. ആരാണ് സ്വർഗ്ഗത്തിലെന്നോ ആരാണ് നരകത്തിലെന്നോ നിശ്ചയിക്കാനുള്ള അധികാരം വിശുദ്ധ ഖുർആൻ ഒരു പടപ്പിനും അനുവദിച്ചു നൽകിയിട്ടില്ല. എന്നിരിക്കെ 'സിറാത്ത്' പാലം (നരകത്തിന് മുകളിലൂടെ കെട്ടിയ സ്വർഗ്ഗത്തിലേക്കുള്ള പാലം) കടക്കാത്തവരുടെ പട്ടിക തയ്യാറാക്കാൻ ലീഗ് നേതൃത്വത്തെ ആരാണ് ചുമതലപ്പെടുത്തിയത്? മഹാത്മാഗാന്ധിയും മൗലാനാ മുഹമ്മദലിയും മദർ തരേസയും എ.കെ.ജി യും സ്വർഗ്ഗത്തിൽ ഉണ്ടാകുമെന്ന് കരുതാനാണ് എനിക്കിഷ്ടം.
ഇസ്ലാമിനെ കേൾക്കാതെയും മനസ്സിലാക്കാതെയും ജീവിച്ച്, കാലയവനികക്കുള്ളിൽ മറഞ്ഞവരും ഇന്ന് ജീവിച്ചിരിക്കുന്നവരും ഇനി ജീവിക്കാനുള്ളവരുമായ, സൽപ്രവൃത്തികൾ ചെയ്യുന്ന മനുഷ്യരൊക്കെയും, അവർ ഒരു പ്രത്യേക ബ്രാൻഡുകാരല്ലാ എന്ന ഒരേ ഒരു കാരണത്താൽ നരകത്തിലായിരിക്കും പ്രവേശിപ്പിക്കപ്പെടുക എന്നു കരുതാൻ ക്രൂരൻമാരിൽ ക്രൂരർക്കു മാത്രമേ കഴിയൂ. ഒരുറുമ്പിനെപ്പോലും നോവിക്കാതെ, നല്ലതുമാത്രം ചെയ്ത് ജീവിതം സുരഭിലമാക്കിയ മനുഷ്യന്, മരണാനന്തര ജീവിതത്തിൽ ലഭിക്കുമെന്ന് വിശ്വാസികൾ കരുതുന്ന സ്വർഗ്ഗത്തെ ആരും ഇലക്ട്രിക് മതിലു കെട്ടി 'ഞമ്മന്റെ' ആളുകൾക്കു മാത്രമായി കുടുസ്സാക്കി പരിമിതപ്പെടുത്താതെ നോക്കിയാൽ അതാകും ഇസ്ലാമിന്റെ സാർവ്വലൗകികതയുടെ ഏറ്റവും മഹത്തരമായ അടയാളം.
ദേശമംഗലത്തും പന്തല്ലൂരിലും വടശ്ശേരിയിലും കിനാലൂരിലും തരുവണയിലും ഓണംപിള്ളിയിലും പത്തനാപുരത്തും കൂടത്തായിയിലും ഒക്കെയുള്ള ചില 'മഹാൻമാർ'ക്ക് മാത്രം അർഹതപ്പെട്ടതാണ് സ്വർഗ്ഗമെങ്കിൽ ഞങ്ങളെപ്പോലുള്ളവരെ നിങ്ങൾ നരകത്തിലേക്ക് തള്ളി വിട്ടോളൂ. ഒരു പരിഭവവുമില്ല. മുസ്ലിങ്ങളിലെ അവാന്തര വിഭാഗങ്ങളിൽ പെടുന്ന വിശ്വാസികളെയും സുന്നികളിൽ തന്നെ ഇരു വിഭാഗങ്ങളിൽ പെടുന്ന നേതാക്കളെയും പ്രവർത്തകരെയും പരസ്പരം നരകത്തിലാക്കുന്ന ജോലിയാണല്ലോ ഇവരെപ്പോലുള്ളവർ കാലങ്ങളായി എടുത്തു കൊണ്ടിരുന്നത്.
ലോകത്തോളം വിശാലമായ ഇസ്ലാമിക ദർശനത്തെ രാഷ്ട്രീയവും സാമ്പത്തികവുമായ താൽപര്യങ്ങൾക്കായി അതിസങ്കുചിതമാക്കി അപഹസിക്കുന്നതിനെക്കാൾ വലിയ പാപം മറ്റെന്തുണ്ട്? 'സിറാത്ത്' പാലം കടക്കാത്തവരെ പാലം കടക്കുന്നവരാക്കി എന്നും പറഞ്ഞ് എന്നെ ഇസ്ലാമിൽ നിന്ന് പടിയടച്ച് പിണ്ഡം വെക്കാൻ വിശ്വാസ ഭ്രാന്ത് തലക്ക് പിടിച്ച് മത്തായവർ കച്ചകെട്ടി ഇറങ്ങേണ്ട. ആരുടെയെങ്കിലും ഊരമ്മേൽ കെട്ടിയ കൂരയാണ് ഇസ്ലാംമത വിശ്വാസമെന്നും ഏതെങ്കിലും സംഘടനാ നേതാക്കളുടെ കോന്തലയിലാണ് സ്വർഗ്ഗത്തിന്റെ താക്കോൽകൂട്ടം കെട്ടിത്തൂക്കി ഇട്ടിരിക്കുന്നതെന്നും കരുതുന്ന ആളല്ല ഞാൻ. അതു കൊണ്ട് തന്നെ എനിക്കതിലൊന്നും ഒട്ടും ഭയപ്പാടുമുണ്ടാകില്ല. അങ്ങിനെയൊക്കെ ആശങ്കപ്പെടുന്നവരോട് മതി നിങ്ങളുടെ വിരട്ടലും കണ്ണുരുട്ടലും.
 

Latest News