റിയാദ് - സൗദി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് പുതിയ മാനദണ്ഡങ്ങള്‍ നടപ്പാക്കിയതോടെ ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പടിക്ക് പുറത്ത്. ആവശ്യമായ രേഖകള്‍ സഹിതം ഡ്രൈവിംഗ് സ്‌കൂളിലെത്തുന്നവര്‍ക്ക് 30 മണിക്കൂര്‍ വരെ പരിശീലനം നിര്‍ബന്ധമാക്കിയതോടെയാണ് ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് പടിക്ക് പുറത്തായത്.
സൗദി അറേബ്യയില്‍ വാഹനാപകടങ്ങള്‍ കുറക്കാനുള്ള പദ്ധതികളുടെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് ട്രാഫിക് വകുപ്പ് പ്രത്യേക നിബന്ധനകള്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് നടപ്പാക്കിയിരുന്നു. നന്നായി ഡ്രൈവിംഗ് അറിയുന്നവര്‍ മിനിമം ആറു മണിക്കൂറും അല്ലാത്തവര്‍ 30 മണിക്കൂറും അംഗീകൃത സ്‌കൂളുകളില്‍ ചെന്ന് പരിശീലനം നേടിയിരിക്കണമെന്നതാണ് വ്യവസ്ഥ. സൗദി അറേബ്യ അംഗീകരിച്ച ഏതാനും വിദേശ രാജ്യങ്ങളുടെ ലൈസന്‍സ് നേടിയവരെ മാത്രമേ ഈ പരിശീലന പരിപാടിയില്‍ നിന്ന് ഒഴിവാക്കുകയുള്ളൂ. ഇതോടെയാണ് ഇന്ത്യന്‍ ലൈസന്‍സ് അപേക്ഷയോടൊപ്പം പരിഗണിക്കാതെ പോകുന്നത്.
നേരത്തെ ഒറിജിനല്‍ ഇന്ത്യന്‍ ലൈസന്‍സും അതിന്റെ പരിഭാഷയും കൂടി അപേക്ഷയോടൊപ്പം സമര്‍പ്പിച്ചാല്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ പരിശീലനം ആവശ്യമില്ലായിരുന്നു. പൂരിപ്പിച്ച ഫോമും രക്തം, കണ്ണ് പരിശോധനകളും ഇഖാമ, പാസ്പോര്‍ട്ട് കോപ്പികളും ഫോട്ടോയും ഇന്ത്യന്‍ ലൈസന്‍സ് പരിഭാഷയും ഒറിജിനലും പ്രത്യേക ഫയലില്‍ ഡ്രൈവിംഗ് സ്‌കൂളിന്റെ കൗണ്ടറില്‍ സമര്‍പ്പിച്ചാല്‍ പരിശോധനക്ക് ശേഷം നേരെ പ്രാഥമിക ടെസ്റ്റിന് വിടലായിരുന്നു രീതി. അതില്‍ പരാജയപ്പെട്ടാല്‍ വീണ്ടും ഫോം പൂരിപ്പിച്ച് കൊണ്ടുവന്നാല്‍ ടെസ്റ്റ് നടത്താമായിരുന്നു. ആ ടെസ്റ്റ് പാസായാല്‍ 100 റിയാല്‍ കൗണ്ടറില്‍ അടച്ച് നിശ്ചിത ദിവസം കംപ്യൂട്ടര്‍ ടെസ്റ്റിനും റോഡ് ടെസ്റ്റിനും ഹാജരാകണം. ഈ പരീക്ഷകള്‍ കൂടി പാസാകുന്നതോടെ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും. കംപ്യൂട്ടര്‍ ടെസ്റ്റിന് ഏകദിന പരിശീലന ക്ലാസും നടന്നിരുന്നു. ഇന്ത്യന്‍ ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലെങ്കില്‍ അന്ന് 435 റിയാല്‍ അടച്ച് 10 ദിവസം മൂന്നു മണിക്കൂര്‍ വീതം പ്രത്യേക പരിശീലനം നിര്‍ബന്ധമാക്കിയിരുന്നു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എന്നാല്‍ അതിനിടെയാണ് അപകടങ്ങള്‍ കുറക്കുന്നതിന്റെ ഭാഗമായി ഡ്രൈവിംഗ് ലൈസന്‍സ് എടുക്കുന്നതിന് നിബന്ധന കര്‍ശനമാക്കിയത്. ഇതോടെ സ്വദേശികളും വിദേശികളുമായ എല്ലാവര്‍ക്കും പുതിയ ലൈസന്‍സ് എടുക്കാന്‍ പരിശീലനം നിര്‍ബന്ധമാക്കി. കണ്ണ് പരിശോധന, രക്ത ഗ്രൂപ്പ് പരിശോധന, പൂരിപ്പിച്ച ഫോം തുടങ്ങിയ രേഖകളുമായി സ്‌കൂള്‍ കൗണ്ടറിലെത്തിയാല്‍ പ്രാഥമിക ടെസ്റ്റ് നടത്തും. നന്നായി ഡ്രൈവിംഗ് അറിയുന്നവര്‍ മിനിമം ആറു മണിക്കൂറെങ്കിലും സ്‌കൂളില്‍ പരിശീലനം നേടിയിരിക്കണം. അല്ലാത്തവര്‍ മൂന്നു മണിക്കൂര്‍ വീതം 10 ദിവസം 30 മണിക്കൂര്‍ പരിശീലനം നേടണം. 10 ദിവസത്തേക്ക് 457 റിയാലാണ് ഫീസ് നല്‍കേണ്ടത്. രാവിലെയും ഉച്ചക്കും വൈകുന്നേരവുമുള്ള ഏതെങ്കിലും ഷിഫ്റ്റ് ക്ലാസുകള്‍ അപേക്ഷകന് തെരഞ്ഞെടുക്കാം. പല ഡ്രൈവിംഗ് സ്‌കൂളുകളും മൂന്നു മാസത്തിനപ്പുറത്തേക്കാണ് പരിശീലനത്തിന് തീയതി നല്‍കുന്നത്. നേരത്തെ നല്‍കിയ കണ്ണ് പരിശോധനയുടെ കാലാവധി മൂന്നു മാസമായതിനാല്‍ വീണ്ടും പരിശീലനത്തിന് ഹാജരാകുമ്പോള്‍ മറ്റൊരു പരിശോധനാ സര്‍ട്ടിഫിക്കറ്റ് കൂടി കരുതേണ്ടിവരും. ക്ലാസ് കഴിയുന്നതോടെ നിശ്ചിത ദിവസം ടെസ്റ്റ് നടക്കും. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ഉദ്യോഗസ്ഥര്‍ സൂക്ഷ്മമായി നിരീക്ഷിച്ചാണ് മാര്‍ക്കിടുന്നത്. ഇതോടെ പലരും രണ്ടും മൂന്നും പ്രാവശ്യം ഹാജരായാണ് ടെസ്റ്റ് പാസാകുന്നത്. പരാജയപ്പെട്ടാല്‍ വീണ്ടും അവസരമുണ്ട്.