അബുദബി- പുതുവര്‍ഷത്തിലെ ആദ്യ അബുദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.5 കോടി ദിര്‍ഹം മലയാളി സുഹൃത്തുക്കളായ ശരത്ത് പുരുഷോത്തമന്‍ (34), പ്രശാന്ത് സുരേന്ദ്രന്‍ (36) എന്നിവര്‍ക്കാണ്. ദുബായില്‍ ഒരേ കമ്പനിയില്‍ ജോലി ചെയ്യുകുയം ഒരേ മുറിയില്‍ ഉറങ്ങുകയും ചെയ്യുന്ന ഈ ഉറ്റ സുഹൃത്തുക്കള്‍ക്ക് 75 ലക്ഷം യുഎഇ ദിര്‍ഹം വീതമാണ് സമ്മാനമായി ലഭിച്ചത്. വ്യാഴാഴ്ച അബുദബി എയര്‍പോര്‍ട്ടില്‍ നടന്ന നറുക്കെടുപ്പിലാണ് ഇവരുടെ 083733 നമ്പര്‍ ടിക്കറ്റ് സമ്മാനര്‍ഹമായത്. ഒരേ കമ്പനിയില്‍ ജോലി ചെയ്യുന്ന, കഴിഞ്ഞ 10 വര്‍ഷമായി സുഹൃത്തുക്കളായ ശരത്തിനും പ്രശാന്തിനും ഈ സമ്മാനം ഇരട്ട സന്തോഷമായിരിക്കുകയാണ്. ഈ നേട്ടം ആഘോഷിക്കാന്‍ ഇരുവരും കേരളത്തിലേക്കു തിരിച്ചു. ഇവരുള്‍പ്പെടെ കോടികള്‍ വാരിക്കൂട്ടിയത് ആറു മലയാളികളാണ്. സമ്മാനര്‍ഹരായ ആദ്യ 10-ല്‍ എട്ടു പേരും ഇന്ത്യക്കാരാണ്.
പ്രശാന്തിന്റെ 28 ദിവസം മാത്രം പ്രായമുള്ള മകള്‍ ശ്രീനിധിയുടെ പേരിടല്‍ ചടങ്ങാണ് വെള്ളിയാഴ്ച. ഈ ചടങ്ങിന് നിധിയുമായി പോകാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് പ്രശാന്ത്. എന്റെ മകളാണ് എന്റെ ഭാഗ്യം. അവളുടെ പേര് തന്നെ ദൈവിക സമ്മാനം എന്നാണ്. അത് യാഥാര്‍ത്ഥ്യമായിരിക്കുന്നു- പ്രശാന്ത് പറഞ്ഞു. ഭാര്യ ആരതിയുടെ പ്രസവത്തിനു ശേഷം തിരിച്ചെത്തിയിട്ട് അധികം നാളായിട്ടില്ല. കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിന് 28-ാം ദിവസം തിരിച്ചു നാട്ടിലെത്താനായതില്‍ അതിയായ സന്തോഷമുണ്ടെന്നും പ്രശാന്ത് പറഞ്ഞു. ആറു വസസ്സുളള ഒരു മകനും പ്രശാന്തിനുണ്ട്.
ശരത്തിന് സമ്മാനമടിച്ച സന്തോഷത്തില്‍ അമ്മയെ ആണ് ആദ്യം കാണേണ്ടത്. ഏതൊരു വലിയ സന്തോഷമുണ്ടാകുമ്പോഴും അമ്മയുടെ അടുത്തായിരിക്കണമെന്നാണ് എന്റെ ആഗ്രഹം. എത്രയും വേഗം അമ്മയെ കാണണമെന്ന് ശരത്ത് പറഞ്ഞു. ശരത്തിനും ആറു മാസം പ്രായമുള്ള മകളുണ്ട്.
വര്‍ഷങ്ങളായി നറുക്കെടുപ്പില്‍ ഭാഗ്യ പരീക്ഷണം നടത്തി വരികയായിരുന്നു തങ്ങളെന്ന് ഇരുവരും പറയുന്നു. എന്തെങ്കിലും പ്രതീക്ഷാനായി വേണ്ടിയിരുന്നു. അതിനാല്‍ എല്ലാ മാസവും ടിക്കറ്റെടുത്ത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് ഫലത്തിനായി കാത്തിരിക്കും. ഇത് മൂന്നാം തവണയാണ് ഒരുമിച്ച് ഒരു ടിക്കറ്റെടുക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഈ പുതുവര്‍ഷം ഇത്രത്തോളം വ്യത്യസ്തമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും ഇരുവരും പറഞ്ഞു. ഒരുമിച്ച് ഒരു കാര്‍ഷിക സംരഭം തുടങ്ങുന്ന കാര്യവും പരിഗണനയിലുണ്ട്. എങ്കിലും ധാരാളം സമയം മുന്നിലുള്ളതിനാല്‍ തീരുമാനങ്ങള്‍ പിന്നീടുണ്ടാകുമെന്നും ഇപ്പോള്‍ കുടുംബത്തെ ഗള്‍ഫ് സന്ദര്‍ശനത്തിന് എത്തിക്കലാണ് അടുത്ത പരിപാടിയെന്നും ഇവര്‍ പറഞ്ഞു.