Sorry, you need to enable JavaScript to visit this website.

മലപ്പുറത്ത് അഞ്ഞൂറിലധികം പേർക്കെതിരെ കേസ്

ഹർത്താൽ ദിനത്തിൽ ബസ് കിട്ടാതെ വലഞ്ഞവർ

മലപ്പുറം-ശബരിമല കർമസമിതിയുടെ നേതൃത്വത്തിൽ ഇന്നലെ നടന്ന ഹർത്താലിനിടെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപകമായ അക്രമം. പൊന്നാനി, തിരൂർ, എടപ്പാൾ, തവനൂർ, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലാണ് അക്രമങ്ങളുണ്ടായത്. വാഹനങ്ങൾക്കും കടകൾക്കും നേരെ വ്യാപക അക്രമമുണ്ടായി. വിവിധ സ്ഥലങ്ങളിലായി പോലീസ് അഞ്ഞൂറിലേറെ  പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. തിരൂരിൽ അക്രമം നടത്തിയവരെ പോലീസ് വിരട്ടിയോടിച്ചു. പൊന്നാനിയിൽ കണ്ണീർ വാതകപ്രയോഗം നടത്തി. തവനൂരിൽ സി.പി.എം ഓഫീസിന് ഹർത്താൽ അനുകൂലികൾ തീയിട്ടു. 
ഹർത്താൽ മഞ്ചേരിയിൽ ഭാഗികമായിരുന്നു. എന്നാൽ ഒറ്റപ്പെട്ട അക്രമ സംഭവങ്ങളുണ്ടായി. നഗരവാസികൾ ഹർത്താലിനോട് പ്രതികൂല സമീപനമാണ് കൈക്കൊണ്ടത്.  കടകളിലേറെയും സാധാരണ പോലെ തുറന്നു പ്രവർത്തിച്ചു.  ഓട്ടോ റിക്ഷകളും സ്വകാര്യ വാഹനങ്ങളും സർവീസ് നടത്തിയെങ്കിലും സ്വകാര്യ ബസുകളും കെ എസ് ആർ ടി സിയും നിരത്തിലിറങ്ങിയില്ല.  
രാവിലെ വായ്പ്പാറപ്പടിയിൽ ചരക്കു ലോറിക്കു നേരെ കല്ലേറുണ്ടായി. മൈസൂരുവിൽ നിന്നും കൊട്ടാരക്കരയിലേക്കു പഴങ്ങളുമായി പോവുകയായിരുന്ന ലോറിക്കു നേരെയാണ് കല്ലേറുണ്ടായത്. കല്ലേറിൽ വാഹനത്തിന്റെ ചില്ലു തകർന്നു.  എന്നാൽ ലോറി ജീവനക്കാർ പരാതി നൽകാൻ തയാറാകാതെ യാത്ര തുടർന്നതിനാൽ സംഭവത്തിൽ പോലീസ് കേസെടുത്തില്ല. പ്രദേശത്ത് റോഡിൽ കല്ലും മറ്റും ഉപയോഗിച്ച് മർഗതടസ്സം സൃഷ്ടിച്ചതിന് രണ്ടു പേരെ മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തു.  മഞ്ചേരി മേലാക്കം കാളികാവ് ക്ഷേത്ര പരിസരവാസിയായ ടി സത്യൻ (53), നറുകര മേച്ചേരി രാജഗോപാൽ (43) എന്നിവരാണ് അറസ്റ്റിലായത്. 
രാവിലെ പത്തര മണിയോടെ ഹർത്താൽ അനുകൂലികൾ നഗരത്തിൽ പ്രകടനം നടത്തി. വൻ പോലീസ് സന്നാഹമാണ് പ്രകടന സമയത്ത് നഗരത്തിൽ നിലയുറപ്പിച്ചിരുന്നത്. ഹർത്താലുമായി സഹകരിക്കില്ലെന്നു വ്യാപാരികൾ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. തുറന്നു പ്രവർത്തിച്ച സ്ഥാപനങ്ങൾക്ക് സുരക്ഷയും പിന്തുണയും വാഗ്ദാനം ചെയ്ത് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, വ്യാപാരി വ്യവസായി സമിതി തുടങ്ങിയ സംഘടന നേതാക്കളും നേരത്തെ തന്നെ നിലയുറപ്പിച്ചിരുന്നു. 
മഞ്ചേരി നിത്യ മാർക്കറ്റിന്റെ പ്രവർത്തനത്തേയും ഹർത്താൽ ബാധിച്ചില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും തുറന്നു പ്രവർത്തിച്ചു. എന്നാൽ ഹാജർ നിലയിൽ കുറവുണ്ടായി. മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികളിൽ ചികിൽസ തേടിയെത്തിയ രോഗികളും കുറവായിരുന്നു.
ഹർത്താൽ അനുകൂലികളുടെ പ്രകടനം നേരെ പോയത് കോഴിക്കോട് റോഡിലെ എട്ടിയോട്ട് അയ്യപ്പ ക്ഷേത്രത്തിലേക്കായിരുന്നു.  മലബാർ ദേവസ്വം ബോർഡിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷേത്രത്തിലേക്ക് പ്രവേശിച്ച പ്രവർത്തകർ ഓഫീസ് കയ്യേറുകയും വഴിപാട് കൗണ്ടറിൽ നിന്നും ക്ലർക്ക് അടക്കമുള്ള ജീവനക്കാരെ പുറത്താക്കിയ ശേഷം നാമജപ സമരം നടത്തുകയും ചെയ്തു.  വിശ്വാസ - ആചാരാനുഷ്ഠാനങ്ങൾക്ക് നേരെയുള്ള കയ്യേറ്റ ശ്രമം പ്രതിരോധിക്കുമെന്നും പോരാട്ടം ശക്തമാക്കുമെന്നും കർമ്മ സമിതി പ്രവർത്തകർ പറഞ്ഞു.  തുടർന്ന് ക്ഷേത്ര വാതിലുകൾ താഴിട്ടു പൂട്ടിയാണ് സമരക്കാർ പിരിഞ്ഞു പോയത്.  ക്ഷേത്ര ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് മഞ്ചേരി സി ഐ  എൻ ബി ഷൈജു, എസ് ഐ  അബ്ദുൽ ജലീൽ കറുത്തേടത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ പോലീസാണ് താഴ് തകർത്ത് ക്ഷേത്രം തുറന്നു കൊടുത്തത്. സംഭവത്തിൽ കണ്ടാലറിയാവുന്ന നാൽപതോളം പേർക്കെതിരെ കേസെടുത്തു.  കർമസമിതി പ്രവർത്തകരായ എളങ്കൂർ മഞ്ഞപ്പറ്റ മോഴിക്കൽ ചന്ദ്രശേഖരൻ (39), നെല്ലിപ്പറമ്പ് കണ്ണമ്പള്ളി സുബ്രഹ്മണ്യൻ (47), മഞ്ഞപ്പറ്റ വേങ്കടത്ത് പ്രദീപ് കുമാർ (37), അരുകിഴായ കാഞ്ഞിരപ്പിലാക്കൽ സുകുമാരൻ (54), ഉദയനഗർ ചിത്രകൂടത്തിൽ വി പ്രസാദ് (38), മംഗലശ്ശേരി പുണർതം പ്രഭാകരൻ (53), കരുവമ്പ്രം അഖിലയിൽ പി എ സുരേഷ് കുമാർ (45), കരിക്കാട് ടി കെ സനൂജ് എന്നിവരെ അറസ്റ്റ് ചെയ്തു.
നിലമ്പൂരിൽ കെ.എസ്.ആർ.ടി.സി ബസിനു നേരെ കല്ലേറുണ്ടായി. വഴിക്കടവിൽ നിന്നും കോയമ്പത്തൂരിലേക്ക് പുറപ്പെട്ട കെ.എസ്.ആർ.ടി.സി ബസിനെതിരെ പുലർച്ചെ നാലരയോടെയാണ് കെ.എൻ.ജി റോഡിൽ മുട്ടിക്കടവിൽ വെച്ച് കല്ലേറുണ്ടായത്.  ബസിന്റെ മുൻവശത്തെ ചില്ലുകൾ തകർന്നു. കോയമ്പത്തൂരിലേക്കുള്ള സർവീസ് നിർത്തിവെച്ച് ബസ് നിലമ്പൂർ ഡിപ്പോയിൽ ഹാൾട്ട് ചെയ്തു. ഇതോടെ നിലമ്പൂർ ഡിപ്പോയിൽ നിന്നുള്ള ബസുകൾ ഒന്നും സർവീസ് നടത്തിയില്ല. കെ.എസ്.ആർ.ടി.സി അധികൃതർ പോലീസിൽ പരാതിപ്പെട്ടു. നിലമ്പൂരിലും പരിസരങ്ങളിലും ഹർത്താലുമായി ബന്ധപ്പെട്ട് 140 പേർക്കെതിരേ പോലീസ് കേസെടുത്തു. നിലമ്പൂരിൽ കടകളടപ്പിച്ചതിനും അകമ്പാടത്ത് അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് കേസ്. മുട്ടിക്കടവിൽ കെ.എസ്.ആർ.ടി.സി ബസിനെതിരേ കല്ലെറിഞ്ഞതിനും മുത്തേടം, എടക്കര എന്നിവിടങ്ങളിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിനുമാണ് എടക്കരയിൽ കേസെടുത്തത്. അതേസമയം മലയോരത്ത് ഹർത്താൽ ഭാഗികമായിരുന്നു. കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ നിരത്തിലിറങ്ങിയില്ലെന്നതൊഴിച്ചാൽ സാധാരണ ജനജീവിതമാണ് മലയോരത്ത് ഹർത്താൽ ദിനത്തിലും ഉണ്ടായത്. ഉൾഗ്രാമങ്ങളിൽ കടകമ്പോളങ്ങളും ഓഫീസുകളും സാധാരണ പോലെ പ്രവർത്തിച്ചു. നിലമ്പൂർ നഗരത്തിൽ തുറന്ന ഏതാനും കടകൾ ഹർത്താൽ അനുകൂലികൾ അടപ്പിച്ചു. രാവിലെ പതിനൊന്നരയോടെയാണ് കടകൾ അടപ്പിച്ചത്. അന്തർസംസ്ഥാന പാതയായ കെ.എൻ.ജി റോഡിൽ പാലുണ്ടയിൽ സമരക്കാർ വാഹനങ്ങൾ തടഞ്ഞു. വിവിധ സ്‌റ്റേഷനുകളിൽ നേതാക്കളെ കരുതൽ തടങ്കലിൽ പാർപ്പിച്ചുവെങ്കിലും വൈകിട്ട് ആറു മണിക്കു ശേഷം വിട്ടയച്ചു. സമരക്കാർ ടൗണുകളിൽ പ്രകടനങ്ങളും നടത്തി.
മലപ്പുറം നഗരത്തിൽ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഓഫീസിനു മുന്നിലെ ബി.ജെ.പി ബോർഡ് നശിപ്പിച്ചെന്നാരോപിച്ച് സി.പി.എം.-ബി.ജെ.പി. പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. പോലീസ് സ്ഥലത്തെത്തിയതോടെയാണ് സ്ഥിതി ശാന്തമായത്. യു.ഡി.എഫ് പ്രഖ്യാപിച്ച കരിദിനാചരണത്തിന്റെ ഭാഗമായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ പ്രകടനം നടത്തി.

Latest News