റിയാദ് - കഴിഞ്ഞ വർഷം പ്രാദേശിക തൊഴിൽ വിപണിയിൽ സൗദി വനിതാ പങ്കാളിത്തം 23 ശതമാനമായി ഉയർന്നതായി ശൂറാ കൗൺസിൽ അംഗവും സൗദി ഇക്കണോമിക് അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഡോ. നൂറ അൽയൂസുഫ് വെളിപ്പെടുത്തി. ഏതാനും വർഷത്തിനിടെ സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ച സൗദി വനിതകളുടെ എണ്ണം ആറു ലക്ഷം കവിഞ്ഞു. സൗദി വനിതകൾ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുകയും തൊഴിൽ വിപണിയിൽ പങ്കാളിത്തം വർധിപ്പിക്കുകയും ചെയ്ത വർഷമാണ് കഴിഞ്ഞുപോയത്. വനിതകൾക്കുള്ള ഡ്രൈിംഗ് അനുമതി, പീഡന വിരുദ്ധ നിയമം നടപ്പാക്കൽ, സ്‌കൂളുകളിൽ വിദ്യാർഥിനികൾക്ക് സ്‌പോർട്‌സ് അനുമതി നൽകൽ, സ്റ്റേഡിയങ്ങളിൽ കുടുംബങ്ങൾക്ക് പ്രവേശനം നൽകൽ എന്നിവ അടക്കം സൗദി വനിതകൾക്ക് ഗുണകരമായ നിരവധി തീരുമാനങ്ങൾ കഴിഞ്ഞ വർഷം നടപ്പാക്കി.
പുതിയ വർഷത്തിൽ ഖനന, പുനരുപയോഗ ഊർജ മേഖലകളിൽ വനിതകൾക്ക് പുതിയ തൊഴിലവസരങ്ങൾ ലഭിക്കും. ഇതുവഴി സ്വകാര്യ മേഖലയിലെ വനിതാ പങ്കാളിത്തം ഇനിയും ഉയരും. എല്ലാ തൊഴിൽ മേഖലകളിലും വനിതകൾ കഴിവുകൾ തെളിയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ഉന്നത പദവികളിൽ വനിതകളെ നിയമിക്കുന്നതിന് വിഷൻ 2030 പദ്ധതി അനുവദിക്കുന്നു. രാജ്യത്ത് യൂനിവേഴ്‌സിറ്റി വിദ്യാഭ്യാസം പൂർത്തിയാക്കി പുറത്തിറങ്ങുന്നവരിൽ 55 ശതമാനവും വനിതകളാണ്. സൗദിയിലും വിദേശത്തും ഉന്നത വിദ്യാഭ്യാസം നേടുന്ന വനിതകളുടെ എണ്ണവും വർധിച്ചുവരികയാണ്. കിംഗ് സൽമാൻ സ്‌കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി വിദേശത്ത് ഉപരിപഠനം നടത്തുന്നവരിൽ മുപ്പതു ശതമാനത്തിലേറെയും വനിതകളാണെന്നും ഡോ. നൂറ അൽയൂസുഫ് പറഞ്ഞു.
വികസനത്തിൽ സൗദി വനിതകളുടെ പങ്കാളിത്തം വർധിക്കുന്നതിന് കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചതായി മറ്റൊരു ശൂറാ കൗൺസിൽ അംഗം ഡോ. നൂറ അൽമുസാഅദ് പറഞ്ഞു. നിരവധി പുതിയ തൊഴിൽ മേഖലകൾ വനിതകൾക്കു മുന്നിൽ തുറന്നിട്ടു. ഡെപ്യൂട്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രി പദവി, വാണിജ്യ, നിക്ഷേപ സഹമന്ത്രി പദവി, ബലദിയ മേധാവി അടക്കം മുമ്പ് അപ്രാപ്യമായിരുന്ന നിരവധി ഉന്നത തസ്തികകളിൽ വനിതകളെ നിയമിച്ചു. വിവാഹ മോചിതരായ വനിതകൾക്ക് ജീവനാംശം നൽകുന്നതിന് പ്രത്യേക നിധി സ്ഥാപിക്കൽ, കോടതിയിൽ കേസ് നൽകാതെ തന്നെ കുട്ടികളുടെ സംരക്ഷണ ചുമതല മാതാക്കൾക്ക് നൽകുന്നത് തെളിയിക്കുന്ന രേഖ അനുവദിക്കൽ അടക്കം വനിതകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സുപ്രധാന തീരുമാനങ്ങളും കഴിഞ്ഞ വർഷം പ്രഖ്യാപിച്ചതായി ഡോ. നൂറ അൽമുസാഅദ് പറഞ്ഞു.
സ്വകാര്യ, പൊതുമേഖലകളിൽ നിരവധി ഉന്നത പദവികളിൽ വനിതകൾ നിയമിക്കപ്പെടുന്നതിന് കഴിഞ്ഞ വർഷം സാക്ഷ്യം വഹിച്ചതായി മറ്റൊരു ശൂറാ കൗൺസിൽ അംഗമായ ഡോ. റായിദ അബ്ദുല്ല അബൂനയ്യാൻ പറഞ്ഞു. തൊഴിൽ വിപണിയിൽ വനിതാ പങ്കാളിത്തം ശ്രദ്ധേയമായ നിലയിൽ വർധിച്ചു. സ്വകാര്യ മേഖലയിൽ വനിതാ നിക്ഷേപം ഇരുപതു ശതമാനത്തിലധികമായി ഉയർന്നു. ദേശീയ സമ്പദ്‌വ്യവസ്ഥയിൽ പങ്കാളിത്തം വഹിക്കുന്നതിന് വനിതകൾക്കു മുന്നിൽ സർക്കാർ വലിയ അവസരങ്ങൾ തുറന്നിട്ടു. മൊത്തം ആഭ്യന്തരോൽപാദനത്തിൽ ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിന് സർക്കാർ ഊന്നൽ നൽകുന്നതിനും തുടങ്ങി. ചെറുകിട, ഇടത്തരം മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് പ്രത്യേക അതോറിറ്റി സ്ഥാപിച്ചു. എങ്കിലും ചെറുകിട, ഇടത്തരം മേഖലയിൽ വനിതാ പങ്കാളിത്തം പ്രതീക്ഷക്കൊത്ത നിലവാരത്തിലേക്ക് ഉയർന്നിട്ടില്ല. മധ്യപൗരസ്ത്യ ദേശത്ത് വനിതകളുടെ ഉടമസ്ഥതയിലുള്ള ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾ പതിനാലു ശതമാനം കവിയില്ല. ഈ മേഖലയിൽ സൗദി വനിതകൾ ഇപ്പോൾ ശക്തമായി മത്സരിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും ഡോ. റായിദ അബ്ദുല്ല അബൂനയ്യാൻ പറഞ്ഞു.