ദമാം - അൽഹസ എയർപോർട്ടിൽ അടുത്ത ഏപ്രിൽ മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കുമെന്ന് അൽഹസ ചേംബർ ഓഫ് കൊമേഴ്‌സ് ടൂറിസം കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ അൽഅഫാലിഖ് പറഞ്ഞു. അൽഹസ വിമാനത്താവളത്തിൽ അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കണമെന്ന അപേക്ഷ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അംഗീകരിച്ചിട്ടുണ്ട്. 2016 ൽ അൽഹസ എയർപോർട്ടിൽ നിന്ന് പ്രതിവാരം 46 അന്താരാഷ്ട്ര സർവീസുകൾ വീതം നടത്തിയിരുന്നു. ആ വർഷം അൽഹസ എയർപോർട്ട് വഴി അന്താരാഷ്ട്ര സർവീസുകളിൽ 1,36,000 പേർ യാത്ര ചെയ്തു.
2016 ൽ അഞ്ചു വിമാന കമ്പനികൾ അൽഹസയിൽ നിന്ന് അന്താരാഷ്ട്ര സർവീസുകൾ നടത്തിയിരുന്നു. അഞ്ചു വിദേശ നഗരങ്ങളിലേക്ക് ഇവിടെ നിന്ന് സർവീസുകളുണ്ടായിരുന്നു. നിലവിൽ ഇവിടെ അന്താരാഷ്ട്ര സർവീസുകളൊന്നും നടക്കുന്നില്ല. നിലവിൽ പ്രതിവാരം പതിനാലു ആഭ്യന്തര സർവീസുകൾ അൽഹസ എയർപോർട്ട് വഴി നടത്തുന്നുണ്ട്. കൂടാതെ സൗദി അറാംകോ പ്രതിവാരം 54 സർവീസുകളും അൽഹസ വിമാനത്താവളത്തിൽ നിന്ന് നടത്തുന്നു.