Sorry, you need to enable JavaScript to visit this website.

സർക്കാർ വക്കീലന്മാരുടെ ശമ്പളം ഉയർത്തും

തിരുവനന്തപുരം- കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് ആവിഷ്‌കരിച്ച 'പ്രവാസി ഡിവിഡൻറ് പദ്ധതി 2018' നടപ്പാക്കുന്നതിന് പ്രവാസി കേരള ക്ഷേമ ആക്ടിൽ ഭേദഗതി വരുത്തി ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിന് ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പ്രവാസി കേരളീയരിൽ നിന്നും നിക്ഷേപം സ്വീകരിക്കുന്നതിനും ഈ നിക്ഷേപം ഉപയോഗിച്ച് കിട്ടുന്ന തുകയും സർക്കാർ വിഹിതവും ചേർത്ത് നിക്ഷേപകർക്ക് പ്രതിമാസം ഡിവിഡൻറ് നൽകുന്ന പദ്ധതി നടപ്പാക്കാനും ഉദ്ദേശിച്ചാണ് നിയമം ഭേദഗതി ചെയ്യുന്നത്. പ്രവാസ ജീവിതം കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തുന്ന കേരളീയർക്ക് നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പ്രവാസി ഡിവിഡൻറ് പദ്ധതി വിഭാവനം ചെയ്തിട്ടുളളത്. ഈ പദ്ധതിയിലൂടെ സ്വരൂപിക്കുന്ന തുക കിഫ്ബിക്കും മറ്റു സ്ഥാപനങ്ങൾക്കും വികസന പദ്ധതികൾ നടപ്പാക്കാൻ കൈമാറുന്നതാണ്.  നെയ്യാറ്റിൻകരയിൽ ഡിവൈ.എസ്.പി തള്ളിയിട്ടു കൊന്ന  സനലിന്റെ കുടുംബത്തിന് പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. 
സർക്കാർ വക്കീലന്മാരുടെ ശമ്പളം ഉയർത്തും. ഹൈക്കോടതിയിലെ സ്‌പെഷ്യൽ  പ്ലീഡർമാരുടെ മാസവേതനം 1,20,000 രൂപയായും സീനിയർ പ്ലീഡർമാരുടെ വേതനം 1,10,000 രൂപയായും പ്ലീഡർമാരുടെ വേതനം 1,00,000 രൂപയായും വർധിപ്പിച്ചു. സർക്കാർ വക്കീലന്മാരുടേത് തികച്ചും രാഷ്ട്രീയ നിയമനമാണ്. ശമ്പളത്തിനു പുറമെ  വാഹനം ഉൾപ്പെടെ സൗകര്യങ്ങളും   ഇവർക്ക് നൽകുന്നുണ്ട്.ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ ആരംഭിക്കുന്ന ഓപൺ സർവകലാശാലയുടെ സ്‌പെഷ്യൽ ഓഫീസറായി  ഡോ.ജെ. പ്രഭാഷിനെ നിയമിക്കും. 
മത്സ്യത്തൊഴിലാളികളുടെ  വായ്പകൾക്കുള്ള മൊറട്ടോറിയത്തിന്റെ കാലാവധി 2019 ഡിസംബർ 31 വരെ നീട്ടും.ആലപ്പുഴ ജില്ലയിലെ ആല, പുളിയൂർ, ബുധനൂർ, പാണ്ടനാട്, മുളക്കുഴ, വെൺമണി എന്നീ പഞ്ചായത്തുകൾക്കും ചെങ്ങന്നൂർ മുനിസിപ്പാലിറ്റിക്കും വേണ്ടിയുളള സമഗ്ര കുടിവെള്ള പദ്ധതി കിഫ്ബിയിൽ നിന്ന് ഫണ്ട് ലഭ്യമാക്കി നടപ്പാക്കാൻ കേരള വാട്ടർ അതോറിറ്റിക്ക് തത്വത്തിൽ അംഗീകാരം നൽകി.വിയ്യൂർ, കണ്ണൂർ, ചീമേനി ജയിൽ വളപ്പുകളിൽ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ചില്ലറ വിൽപനശാലകൾ സ്ഥാപിക്കുന്നതിന് ഭൂമി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനിച്ചു. ഉടമസ്ഥാവകാശം റവന്യൂ വകുപ്പിൽ നിലനിർത്തി നിബന്ധനകൾക്ക് വിധേയമായാണ് ഭൂമി കൈമാറുക. പുതുതായി ആരംഭിക്കുന്ന കുന്നമംഗലം സബ് ട്രഷറിയിൽ സബ് ട്രഷറി ഓഫീസറുടെയും ജൂനിയർ സൂപ്രണ്ടിന്റെയും സെലക്ഷൻ ഗ്രേഡ് അക്കൗണ്ടന്റിന്റെയും ഓഫീസ് അറ്റൻഡന്റിന്റെയും ഓരോ തസ്തികയും അക്കൗണ്ടന്റിന്റെ രണ്ടു തസ്തികകളും സൃഷ്ടിക്കാൻ തീരുമാനിച്ചു.

Latest News