തിരുവനന്തപുരം- വിഴിഞ്ഞം കരാറിനെതിരെ സി.എ.ജിയുടെ രൂക്ഷ വിമർശനം. സംസ്ഥാന താൽപര്യങ്ങൾക്ക് വിരുദ്ധമാണ് വിഴിഞ്ഞം കരാറെന്നും അദാനി ഗ്രൂപ്പിന് വൻ ലാഭം നേടിക്കൊടുത്തുവെന്നും വ്യക്തമാക്കുന്ന റിപ്പോർട്ടിൽ അദാനിക്ക് 29,217 കോടിയുടെ അധികലാഭം ഉണ്ടാക്കികൊടുത്തുവെന്നും വിമർശനമുണ്ട്. തുറമുഖത്തിന്റെ കരാർ കാലാവധി പത്തുവർഷം കൂട്ടി നൽകിയത് നിയമവിരുദ്ധമാണ്. മുപ്പത് വർഷമെന്ന കൺസ്ട്രക്ഷൻ കാലാവധിയാണ് അട്ടിമറിച്ചത്. ഇതിന് പുറമെ ഇരുപത് വർഷം കൂടി അധികം നൽകാമെന്ന വ്യവസ്ഥ ചട്ടവിരുദ്ധമാണെന്നും ഓഹരിഘടനയിലെ മാറ്റം കനത്ത നഷ്്ടമുണ്ടാക്കിയെന്നും റിപ്പോർട്ടിലുണ്ട്. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കുന്നതിൽ ഉൾപ്പെടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും സി.എ.ജി വ്യക്തമാക്കി. നാൽപത് വർഷത്തെ കരാറിൽ സംസ്ഥാനത്തിന് തുച്ഛമായ ലാഭം മാത്രമാണെന്നും നിയമസഭയിൽ വെച്ച സി.എ.ജി റിപ്പോർട്ടിലുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2015- ലാണ് വിഴിഞ്ഞം കരാർ ഒപ്പുവെച്ചത്.