കൊച്ചി- സി.പി.എം നേതാവും ഷൊർണൂർ എം.എൽ.എയുമായ പി.കെ.ശശിക്കെതിരായ ലൈംഗിക ആരോപണ പരാതിയിൽ കേസ് എടുക്കണമെന്ന ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരൻ കേസ് പിൻവലിക്കാൻ അനുമതി തേടിയതിനെ തുടർന്നാണ് ഹരജി തള്ളിയത്. കേസിൽ പൊതുതാൽപര്യം ഇല്ലെന്നും ഹരജി ഫയൽ ചെയ്യാൻ തന്നെ ഹരജിക്കാരന് അവകാശമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
വനിത ഡി.വൈ.എഫ്.ഐ നേതാവ് നൽകിയ പരാതി പാർട്ടി പോലീസിന് കൈമാറിയില്ലെന്നും പാർട്ടിയുടെ നിയമ വിരുദ്ധമായ നടപടിമൂലം എം.എൽ.എ തന്നെ സംശയത്തിന്റെ നിഴലിലാണെന്നും തന്റെ പരാതിയിൽ എം.എൽ.എക്കെതിരെ കേസെടുക്കാൻ ചീഫ് സെക്രട്ടറിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ട് ഷൊർണൂർ മണ്ഡലത്തിലെ വോട്ടറായ ടി.എസ്. കൃഷ്ണകുമാറാണ് ഹൈക്കോടതിയെ സമീപിച്ചത്. യുവതിയുടെ പരാതി പാർട്ടി പോലീസിന് കൈമാറിയില്ലെന്ന ആരോപണം കോടതി തള്ളി. ഇരക്ക് സ്വകാര്യത ഉണ്ടെന്നും വോട്ടർ ആണെങ്കിലും ഹരജിക്കാരന് ഇരയുടെ സ്വകാര്യത ഹനിക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ഹരജിക്കാരന്റെ അവകാശത്തോക്കാൾ വലുതാണ് ഇരയുടെ സ്വകാര്യതയെന്നും കോടതി വ്യക്തമാക്കി. പരാതി ആർക്കു നൽകണമെന്നത് ഇരയുടെ വിവേചനാധികാരമാണെന്നും യുവതി പാർട്ടിക്കു മാത്രമായി പരാതി നൽകിയത് പോലീസിന് പരാതി നൽകാൻ ആഗ്രഹിക്കാത്തതു കൊണ്ടാകാമെന്നും കോടതി നിരീക്ഷിച്ചു. പരാതിക്കാരിക്കില്ലാത്ത ആക്ഷേപം വോട്ടർക്ക് ഉണ്ടാകേണ്ടതില്ലെന്നും പോലീസിനോട് കേസെടുക്കാൻ നിർദേശിക്കാനാവില്ലെന്നും കോടതി പറഞ്ഞു.
പാർട്ടി സ്വന്തം നിലക്ക് അന്വേഷിച്ചുവെന്നും കുറ്റക്കാരനായി കണ്ടെത്തി നടപടിയെടുത്തിട്ടും പോലീസിന് പരാതി കൈമാറാത്തത് നിയമവിരുദ്ധമാണെന്നതാണ് ഹരജിയിലെ ആരോപണം. ചീഫ് ജസ്റ്റിസ് ഋഷികേശ് റോയി, ജസ്റ്റിസ് എ.കെ.ജയശങ്കർ നമ്പ്യാരും ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.