വനിതാ മതിലിൽ ആവേശപൂർവമാണ് തിരുവനന്തപുരം ജില്ലാ കലക്ടർ ഡോ.കെ.വാസുകി അണിചേർന്നത്. ഭർത്താവും കൊല്ലം ജില്ലാ കലക്ടറുമായ ഡോ.എസ്. കാർത്തികേയനും കൊല്ലത്ത് മതിലിന്റെ വിജയ വഴിയിൽ നിറസാന്നിധ്യമായി. വെള്ളയമ്പലത്തെ അയ്യങ്കാളി പ്രതിമക്കടുത്ത പ്രധാനപ്പെട്ട മതിൽ വേദിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റു പ്രധാനികളുടെയും സാന്നിധ്യത്തിലായിരുന്നു കലക്ടർ വാസുകിയുടെ പങ്കാളിത്തം. സി.പി.എം പോളിറ്റ് ബ്യൂറോ അംഗം വ്യന്ദ കാരാട്ടടക്കമുള്ളവരുമായി സംസാരിച്ചും സദസ്സിലെ പരിചയക്കാരെ അഭിവാദ്യം ചെയ്തും ആഘോഷപൂർവം മതിലിൽ കണ്ണി ചേർന്ന ജില്ലാ കലക്ടർ, ഇടക്ക് സദസ്സിലൊരാളെ മതിലിലേക്ക് ക്ഷണിക്കുന്നതും കണ്ടു. ക്ഷണിച്ചത് പോലീസ് ഓഫീസർ നിശാന്തിനി (ഐ.പി.എസ്) യെയായിരുന്നുവെന്ന് സംഘാടകരുടെ അനൗൺസ്‌മെന്റ് കേട്ടപ്പോൾ മനസ്സിലായി - നിശാന്തിനി ഐ.പി.എസ് മതിലിൽ ചേരാനായി സ്‌റ്റേജിലേക്ക് കയറേണ്ടതാണ് - അനൗൺസ്‌മെന്റ് കേട്ടയുടൻ പോലീസ് വേഷത്തിലല്ലാതെ അവിടെയുണ്ടായിരുന്ന നിശാന്തിനി മതിലിലെത്തി വാസുകിയുടെ അടുത്തായി നിന്നു. ആഹ്ലാദ പൂർണമായ ഇടപെടലുകളായിരുന്നു പിന്നെ. മതിലിലെ വനിതാ പാർട്ടി സഖാക്കളുടെയും നേതാക്കളുടെയും ഒപ്പം തന്നെയുണ്ട് എന്ന ശരീര ഭാഷയുമായുള്ള സാന്നിധ്യം. സി.പി.എമ്മിന്റെ പ്രമുഖ നേതാവ് ഡോ. സീമയുടെ നിർദേശങ്ങൾക്കനുസരിച്ച് കൈ മുഷ്ടിച്ചുരുട്ടി മുന്നോട്ട് പിടിച്ചുള്ള നിൽപ്. പാർട്ടി മഹിളകളുടെ അതേ രീതിയിലുള്ള പ്രതിജ്ഞയെടുപ്പ്. മതിലിന്റെ പ്രധാന വേദിയിൽ തന്നെ കലക്ടറും ഐ.പി.എസ് ഓഫീസറും അണി ചേരുക വഴി കേരളത്തിന് നൽകിയ സന്ദേശം വ്യക്തമായിരുന്നു- സംശയമില്ല, വനിതാ മതിൽ പൂർണ സർക്കാർ പരിപാടി തന്നെ. മതിലിൽ യുവ വനിത ഐ.പി.എസ് ഓഫീസറെ കൂടി കിട്ടിയത് ഇത്തരമൊരന്തരീക്ഷത്തിന് ശക്തി പകരാനാണ് സഹായിച്ചത്. തൃശൂർ ജില്ലാ കലക്ടർ അനുപമയും വാസുകിയുടെയും, നിശാന്തിനിയുടെയും വഴിയിൽ തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് മുതൽ, തദ്ദേശ സ്ഥാപനങ്ങൾ വരെ എണ്ണയിട്ട യന്ത്രം കണക്കേ പ്രവർത്തിച്ചാണ് മതിൽ വിജയിപ്പിച്ചത്. ജില്ലാ കലക്ടർമാരായിരുന്നു സംഘാടക സമിതി കൺവീനർമാർ. എല്ലാ സർക്കാർ സംവിധാനങ്ങളും ഉപയോഗിച്ചുള്ള ആദ്യത്തെ പാർട്ടി പരിപാടി. അത്തരമൊരു പരിപാടിയോട് വാക്കിലും നോക്കിലും ചേർന്നുനിന്ന വാസുകി ഇക്കാര്യത്തിൽ പൂർണത കൈവരിച്ചുവെന്ന് മാത്രം. സ്വന്തം പിതാവ് മരിച്ചപ്പോൾ, പുരുഷന്മാർ മാത്രം ചെയ്യേണ്ട മരണാനന്തര ചടങ്ങുകൾ സ്വയം നിർവ്വഹിച്ച് ആചാര മാറ്റത്തിന് മുൻകൈയെടുത്ത ഡോ.വാസുകി വനിതാ മതിലിന്റെ പുറമേക്ക് പറയുന്ന ലക്ഷ്യവും ഇത്തരമൊന്നാണെന്ന് തിരിച്ചറിഞ്ഞിരിക്കാം.
കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ വനിതാ മതിൽ പണിയുമെന്ന് പറഞ്ഞപ്പോൾ ഇക്കാലത്ത് അത് സാധ്യമോ എന്ന് നെറ്റി ചുളിച്ചവരായിരുന്നു അധികവും. ശബരിമല യുവതി പ്രവേശത്തിനെതിരെ നാടാകെ ഓടുമ്പോൾ നടുവെ ഓടാൻ തയാറാകാതെ അവശിഷ്ട കമ്യൂണിസ്റ്റ് ആർജവത്തോടെ തിരിഞ്ഞു നടക്കാൻ തയാറായ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് ഇവിടെയും വിജയി. ശബരിമല പ്രശ്‌നത്തിൽ ചാഞ്ചാടിക്കൊണ്ടിരുന്ന സ്വന്തം പാർട്ടിക്കാരെ പോലും നിശ്ശബ്ദരാക്കിയായിരുന്നു മുഖ്യമന്ത്രിയുടെ ഓരോ നീക്കവും. തിരുവിതാംകൂർ ദേവസ്വം ബോർഡ് ചെയർമാൻ എ.പത്മകുമാറിൽ നിന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനിൽ നിന്നുമെല്ലാം എതിർപ്പിന്റെ വളരെ നേരിയ ശബ്ദമുയർന്നപ്പോഴും മലകളിളകിലും ...എന്ന രാഷ്ട്രീയ ഊക്കിൽ
തന്നെയായിരുന്നു മുഖ്യമന്തി പിണറായി വിജയൻ. മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ സി.പി.എമ്മിലും എൽ.ഡി.എഫിലുമെല്ലാം എതിർപ്പ് ഉയർന്നു തുടങ്ങിയ ഘട്ടത്തിലാണ് മതിലു കൊണ്ടൊരു സർജിക്കൽ സ്‌ട്രൈക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ആസൂത്രണം ചെയ്തത്. ഒടുവിലത് സി.പി.എം പരിപാടി എന്നതിൽ നിന്നും മാറി, ഇടതു ജനാധിപത്യമുന്നണി പരിപാടിയാക്കാനും ഏതാണ്ട് സമ്പൂർണമായ സർക്കാർ പരിപാടിയാക്കി എതിരാളികളെ വെല്ലുവിളിക്കാനും മുഖ്യമന്ത്രിക്ക് സാധിച്ചിരിക്കുന്നു. വി.എസ.് അച്യുതാനന്ദന്റെ എതിർപ്പുകളും തരിമ്പും വിലപ്പോയില്ല. വി.എസിന്റെ ക്ലാസ് മിസ്സാക്കാത്ത അവസാനത്തെ കുട്ടി എന്ന് ഒരു ഘട്ടത്തിൽ കലാകൗമുദി അസോസിയേറ്റ് എഡിറ്റർ കെ.ബാലചന്ദ്രൻ തന്റെ കോളത്തിൽ വിശേഷിപ്പിച്ച കാനം രാജേന്ദ്രനു പോലും മറ്റൊരു നിലപാടെടുക്കാൻ സാധിച്ചില്ല. പിണറായി വിജയൻ എന്ത് പറഞ്ഞാലും ചെയ്താലും അതിനെതിരെ ഒളിയമ്പുകളുമായി പതിയിരിക്കാറുള്ള കാനവും സി.പി.ഐയുമൊക്കെ അടുത്ത കാലത്തായി എല്ലാ മൗനങ്ങളെയും പിന്നിലാക്കുന്ന മഹാമൗനികളുടെ ഗണത്തിലെത്തിക്കഴിഞ്ഞു. അതെ, എല്ലാ കാര്യത്തിലും കാനവും ഇപ്പോൾ വി.എസിന്റെ ക്ലാസുകൾ കട്ട് ചെയ്യാനും നിർബന്ധിതനാണ്.
മതിൽ വിജയിച്ചതിന്റെ അടുത്ത ദിവസം തന്നെ ശബരിമല യുവതി പ്രവേശം സാധ്യമാക്കുക വഴി മുഖ്യമന്ത്രി നൽകുന്ന സന്ദേശവും ചെറുതല്ല. ശബരിമലയിൽ യുവതികൾ കയറിയ വിവരം ആദ്യ മണിക്കൂറിൽ തന്നെ സ്ഥിരീകരിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ആ വാക്കുകൾ ഇങ്ങനെ: യുവതികൾ കയറി എന്നത് വസ്തുതയാണ്. കയറുന്ന ആളുകൾക്ക് പോലീസ് സംരക്ഷണം നൽകുമെന്ന് നേരത്തെ പറഞ്ഞ കാര്യമാണ്. അതുണ്ടായിട്ടുണ്ട.് പ്രതിഷേധ കോലാഹലങ്ങൾക്കിടയിലും പിണറായിയുടെ നിലപാടിന് മാറ്റമുണ്ടായിരുന്നില്ല.
വനിതാ മതിലിന്റെ വിജയം മുഖ്യമന്ത്രിക്കും കൂടെ നിൽക്കുന്നവർക്കും പകർന്നു നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. കാസർകോട് മുതൽ തിരുവനന്തപുരം വരെ 620 കിലോമീറ്റർ വനിതകൾ ഒരൊറ്റ മതിലായി നിന്നത് കണ്ടപ്പോൾ നായർ സർവീസ് സൊസൈറ്റി സെക്രട്ടറി ജി. സുകുമാരൻ നായർ വല്ലാത്തൊരു വർത്തമാനം പറഞ്ഞു. ''മതിൽ കഴിഞ്ഞാൽ കേരളം ചെകുത്താന്റെ നാടാകും'' എന്നായിരുന്നു ആ മുന്നറിയിപ്പ്. കുറച്ചു കാലമായി സി.പി.എമ്മുമായും പ്രത്യേകിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായും അതിരു കവിഞ്ഞ നിലക്കുള്ള മമതാ ബന്ധത്തിലായിരുന്ന സുകുമാരൻ നായർ വക്കുകൊണ്ടെങ്കിലും വല്ലാതെ മാറി എന്ന് കാണിക്കുന്ന നിലപാട്. മതിൽ കഴിഞ്ഞ ശേഷം ഇതെഴുതുമ്പോഴും കേരളത്തിൽ നടക്കുന്ന കാര്യങ്ങൾ കാണുമ്പോൾ ഉയരുന്ന സംശയം ഇതാണ്- മതിലിനപ്പുറം എന്തായിരിക്കും കേരളം കാത്തുവെച്ചത്.