തിരുവനന്തപുരം- ശബരിമലയില്‍ യുവതികള്‍ സന്ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് രണ്ടു ദിവസമായി സംസ്ഥാനത്തുടനീളം തുടരുന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം മുഖ്യമന്ത്രി പിണറായി വിജയനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്തെ എല്ലാവിഭാഗം ജനങ്ങളും ശാന്തിയും സമാധാനവും നിലനിര്‍ത്താന്‍ തയ്യാറാവണമെന്ന് ഗവര്‍ണര്‍ അഭ്യര്‍ഥിച്ചു.
സംസ്ഥാനത്തുടനീളം സി.പി.എം, ബി.ജെ.പി അക്രമം വ്യാപിച്ച സാഹചര്യത്തില്‍ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറെ കണ്ടിരുന്നു. സംസ്ഥാനത്ത് ക്രമസമാധാന നില പാടേ തകര്‍ന്നിരിക്കുകയാണ്. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയും സംസ്ഥാനം ഭരിക്കുന്ന പാര്‍ട്ടിയും പരസ്പരം ഏറ്റുമുട്ടുകയും അക്രമം അഴിച്ചുവിടുകയും ചെയ്യുകയാണെന്ന് ചെന്നിത്തല ഗവര്‍ണറോട് പറഞ്ഞു.