ജിദ്ദ- ഫുട്‌ബോള്‍ മൈതാനങ്ങളെ കാല്‍പന്തു കളിയുടെ മാസ്്മരികതയാല്‍ കോരിത്തരിപ്പിച്ച സീനിയര്‍ ഫുട്‌ബോള്‍ താരങ്ങള്‍ക്കായി ജിദ്ദയില്‍ ഇതാദ്യമായി ഫുട്‌ബോള്‍ ടൂര്‍ണമെന്റൊരുങ്ങുന്നു. 40 വയസ്സിനു മുകളിലുള്ള കളിക്കാര്‍ക്കായി താമര്‍ സൂപ്പര്‍ സീനിയര്‍ കപ്പ് എന്ന പേരില്‍ ടൂര്‍ണമെന്റിന് വേദിയൊരുക്കിയിട്ടുള്ളത് ജിദ്ദയിലെ പ്രമുഖ ഫുട്‌ബോള്‍ അക്കാദമിയായ ജെ.എസ്.സി-ഐ.എസ്.എം അക്കാദമിയാണ്. വെള്ളിയാഴ്ച ഖാലിദ് ബിന്‍ വലീദിലുള്ള ഹിലാല്‍ ശാം സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴു മണിക്ക് ടൂര്‍ണമെന്റ് ആരംഭിക്കും. മൂന്നാഴ്ച നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റിന് പരിസമാപ്തികുറിച്ച് ഈ മാസം 18ന് ഫൈനല്‍ മത്സരം നടക്കും.
ജിദ്ദയിലെ എട്ടു പ്രശസ്ത ടീമുകള്‍ നോക്ക്ഔട്ട് അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റില്‍ മാറ്റുരക്കും. വിവിധ സംസ്ഥാനങ്ങള്‍ക്കും ക്ലബ്ബുകള്‍ക്കും വേണ്ടി ദേശീയ, അന്താരാഷ്ട്ര തലത്തില്‍ കളിച്ചിട്ടുള്ള നൂറില്‍പരം പഴയ കളിക്കാര്‍ സൂപ്പര്‍ സോക്കറില്‍ ജഴിസി അണിയും.
കഴിഞ്ഞ കാലങ്ങളില്‍ കാല്‍പന്തു കളിയില്‍ മൈതാനങ്ങളെ ത്രസിപ്പിച്ച, ഗ്യാലറികളില്‍ ആരവം വിതറിയ പ്രഗത്ഭരായ കളിക്കാരുടെ കാല്‍ മികവിന്റെ മിന്നലാട്ടങ്ങള്‍ പുതു തലമുറകള്‍ക്കു പകര്‍ന്നു നല്‍കുകയാണ് ലക്ഷ്യം. കൂടാതെ ജിദ്ദയിലെ പഴയകാല കളിക്കാര്‍ക്ക് ഒരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ അവസരം ഒരുക്കുന്നതോടൊപ്പം പഴയകാല കളിക്കാരുടെ സേവനം ജിദ്ദയിലെ വളര്‍ന്നു വരുന്ന പുതു തലമുറകള്‍ക്കും ക്ലബ്ബുകള്‍ക്കും അക്കാദമികള്‍ക്കും ലഭ്യമാക്കുക എന്നതും ഉദ്ദേശ്യമാണെന്ന് സംഘാടകര്‍ അറിയിച്ചു. ആദ്യ മത്സരത്തില്‍ ബ്ലാസ്റ്റേഴ്‌സ് എഫ്.സി കാപ്പ എഫ്.സിയെയും രണ്ടാം മത്സരത്തില്‍ മമ്പാട് ഫ്രണ്ട്‌സ് പെന്റിഫ് എഫ്.സിയെയും മൂന്നാം മത്സരത്തില്‍ ജെ.എസ്.സി സീനിയേഴ്‌സ് ടൗണ്‍ ടീം അരീക്കോടിനെയും അവസാന മത്്‌സരത്തില്‍ ബ്ലൂസ്റ്റാര്‍ എഫ്.സി സോക്കര്‍ ഫ്രീക്‌സിനെയും നേരിടും.
സീസണ്‍സ് റസ്റ്റോറന്റില്‍ നടന്ന ലൈവ് ഫിക്‌സ്ചര്‍ റിലീസ് ചടങ്ങില്‍ സൗദി ഗസറ്റ് ചീഫ് സ്‌പോര്‍ട്‌സ് എഡിറ്റര്‍ കെ.ഒ പോള്‍സണ്‍, താമര്‍ ഗ്രൂപ്പ് പ്രതിനിധി ടി.പി ബഷീര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്ന.
ജെ.എസ്.സി ചീഫ് കോച്ച് പി.ആര്‍ സലീം കളിയുടെ നിയമങ്ങളും നിര്‍ദേശങ്ങളും അവതരിപ്പിച്ചു. പി.എം. മായിന്‍കുട്ടി (മലയാളം ന്യൂസ്), പി.ഷംസുദ്ദീന്‍, പി.കെ.സിറാജ് (മാധ്യമം), ബിജു രാമന്തളി (കൈരളി), ജെ.എസ്.സി പ്രതിനിധി ഇസ്മായില്‍ കല്ലായി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ടൂര്‍ണമെന്റ് കണ്‍വീനര്‍ റാഫി ബീമാപള്ളിയുടെ നേതൃത്വത്തില്‍ നടന്ന ചടങ്ങില്‍ ജാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. അഷ്ഫാഖ് ലൈവ് ഫിക്‌സ്ചര്‍ റിലീസിംഗിന് നേതൃത്വം നല്‍കി. പ്രവീണ്‍ പദ്മന്‍ സ്വാഗതവും അഡ്വ.അഷ്‌റഫ് നന്ദിയും പറഞ്ഞു.