റിയാദ് - ഇറാൻ ബാലിസ്റ്റിക് മിസൈൽ പദ്ധതി അയൽ രാജ്യങ്ങൾക്കു മാത്രമല്ല, മേഖലയിലെ രാജ്യങ്ങൾക്കും ആഗോള സുരക്ഷക്കും ഭീഷണിയാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനാവസാനം സൗദി അറേബ്യയും അമേരിക്കയും പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകൾ മേഖലക്കും ലോകത്തിനും ഭീഷണിയാണ്. ഇറാനുമായുണ്ടാക്കിയ ആണവ കരാറിലെ ചില വകുപ്പുകൾ പുനഃപരിശോധിക്കണം.
മറ്റു രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ ഇറാൻ നടത്തുന്ന ഇടപെടലുകളും വിഭാഗീയ സംഘർഷങ്ങൾക്ക് തിരികൊളുത്തുന്നതും ചെറുക്കണം. ഭീകരർക്കും സായുധ സംഘങ്ങൾക്കും ഇറാൻ പിന്തുണ നൽകുകയാണ്. സുരക്ഷാ സഹകരണം ശക്തമാക്കുന്നതിനും സുരക്ഷാ മേഖലയിൽ വിവരങ്ങൾ പരസ്പരം കൈമാറുന്നതിനും വിദേശ പോരാളികളുടെ ഒഴുക്ക് തടയുന്നതിനും ഭീകര സംഘടനകൾക്ക് പണം ലഭിക്കുന്നത് ഇല്ലാതാക്കുന്നതിനുമുള്ള പ്രതിജ്ഞാബദ്ധത ട്രംപും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവും ആവർത്തിച്ചു.
ഭീകര സംഘടനകളെ ചെറുക്കുന്നതിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളെ അമേരിക്കൻ പ്രസിഡന്റ് പ്രശംസിച്ചു. 276 ഭീകരാക്രമണ പദ്ധതികൾ സൗദി സുരക്ഷാ വകുപ്പുകൾ മുൻകൂട്ടി കണ്ടെത്തി പരാജയപ്പെടുത്തി. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുണ്ടാക്കാൻ ഭീകര സംഘടനകൾ വിഫലശ്രമം നടത്തി. 1990 മുതൽ ഇതുവരെ നൂറിലേറെ ഭീകരാക്രമണങ്ങൾ സൗദി അറേബ്യ നേരിട്ടു.
ഐ.എസ് വിരുദ്ധ പോരാട്ടം നടത്തുന്ന, അമേരിക്കയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സഖ്യവും ഭീകര വിരുദ്ധ പോരാട്ടത്തിന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഇസ്‌ലാമിക സഖ്യവും നടത്തുന്ന ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിനും സംയോജിപ്പിക്കുന്നതിനും ഇരു രാജ്യങ്ങളും തീരുമാനിച്ചു. ബാബൽമന്ദബ്, ഹുർമുസ് കടലിടുക്കുകൾ അടക്കമുള്ള അന്താരാഷ്ട്ര കപ്പൽ പാതകളിൽ സമുദ്ര ഗതാഗത സുരക്ഷ ഉറപ്പുവരുത്തുന്നതിന് സഹകരണം ശക്തമാക്കുന്നതിനെ കുറിച്ച് വിശകലനം ചെയ്ത നേതാക്കൾ ഐ.എസ്, അൽഖാഇദ അടക്കമുള്ള ഭീകര സംഘടനകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നിശ്ചയദാർഢ്യം പ്രകടിപ്പിച്ചതായി സംയുക്ത പ്രസ്താവന പറഞ്ഞു.
ട്രംപ് എല്ലാ വർഷവും ഗൾഫ് നേതാക്കളെ കാണും
റിയാദ് - ഔദ്യോഗിക സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് റിയാദ് വിട്ടു. ഡെപ്യൂട്ടി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും അമേരിക്കയിലെ സൗദി അംബാസഡർ ഖാലിദ് ബിൻ സൽമാൻ രാജകുമാരനും മുതിർന്ന ഉദ്യോഗസ്ഥരും ചേർന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യു.എസ് പ്രസിഡന്റിനെ യാത്രയാക്കി.
എല്ലാവർഷവും ഡോണൾഡ് ട്രംപ് ഗൾഫ് ഭരണാധികാരികളെ കാണുമെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞു. ഭീകരതക്കും തീവ്രവാദത്തിനുമെതിരായ പോരാട്ടത്തിലെ പുരോഗതി ട്രംപും ഗൾഫ് ഭരണാധികാരികളും പ്രതിവർഷ യോഗത്തിൽ വിലയിരുത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു.
ശനിയാഴ്ചയാണ് അമേരിക്കൻ പ്രസിഡന്റ് റിയാദിലെത്തിയത്. സൗദി-അമേരിക്കൻ, ഗൾഫ്-അമേരിക്കൻ, അറബ്-ഇസ്‌ലാമിക് അമേരിക്കൻ ഉച്ചകോടികളിൽ ട്രംപ് പങ്കെടുത്തിരുന്നു.
ഡോണൾഡ് ട്രംപിന്റെ സൗദി സന്ദർശനം വൻ വിജയമായിരുന്നെന്ന് യു.എസ് പ്രസിഡന്റിന്റെ മുഖ്യ ഉപദേഷ്ടാവ് ജെരേദ് കുഷ്‌നർ പറഞ്ഞു. തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരെ ലോകത്തെ യോജിപ്പിക്കാൻ സഹായിക്കുന്ന യാത്ര ആസൂത്രണം ചെയ്യാനാണ് പ്രസിഡന്റ് ആവശ്യപ്പെട്ടിരുന്നത്. സൗദി സന്ദർശനത്തിലൂടെ ഈ ലക്ഷ്യം സാക്ഷാൽക്കരിക്കുന്നതിൽ വലിയ പുരോഗതി കൈവരിച്ചു. അമേരിക്കൻ പ്രസിഡന്റിന്റെ ശ്രമഫലമായി സൗദി അറേബ്യയുമായി പ്രതിരോധ കരാർ ഒപ്പുവെച്ചു. ഭീകര വിരുദ്ധ പോരാട്ടത്തിന് പുതിയ കേന്ദ്രം ആരംഭിച്ചു. ഭീകരവാദം കുറ്റകരമാക്കുന്നതിനും ഭീകരതക്ക് സാമ്പത്തിക സഹായം തടയുന്നതിനും മേഖലാ രാജ്യങ്ങളുടെ സഹകരണം ഉറപ്പുവരുത്താൻ പ്രസിഡന്റിന്റെ സന്ദർശനത്തിലൂടെ സാധിച്ചു. ഏറ്റവും മികച്ച ആതിഥേയത്വം വഹിച്ചതിന് സൗദി അറേബ്യക്ക് നന്ദി പറയുകയാണ്. യു.എസ് പ്രസിഡന്റിന്റെ യാത്രാ ലക്ഷ്യങ്ങളുടെ പൂർണതയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ജെരേദ് കുഷ്‌നർ പറഞ്ഞു.