കോഴിക്കോട്- ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവിലും വലിയങ്ങാടിയിലും വ്യാപാരികള്‍ കടകള്‍ തുറന്നു. ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ബുധനാഴ്ച തന്നെ വ്യാപാരി സംഘടന പ്രഖ്യാപിച്ചിരുന്നു. പത്തു മണിയോടെ വ്യാപാരികള്‍ സംഘടിച്ചെത്തിയാണ് മിഠായിത്തെരുവിലെ കടകള്‍ തുറന്നത്. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ കടയാണ് ആദ്യം തുറന്നത്. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സി.പി.എം പ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയിരുന്നു.
ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എല്ലാ കടകളും തുറന്നുപ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു.