തിരുവനന്തപുരം- ശബരിമലയില്‍ യുവതികളുടെ ദര്‍ശനത്തിനു പിന്നാലെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടായ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ഉന്നത ഉദ്യോഗസ്ഥര്‍ അടിയന്തര യോഗം ചേര്‍ന്നു.
ഡി.ജി.പിയുടെയും ചീഫ് സെക്രട്ടറിയുടെയും നേതൃത്വത്തിലായിരുന്നു യോഗം. ശബരിമല കര്‍മസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും യോഗം ചര്‍ച്ച ചെയ്തു. ഹര്‍ത്താലില്‍ അക്രമം നടത്തുന്നവരെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. ജനജീവിതം സാധാരണ നിലയിലാണെന്ന് ഉറപ്പാക്കണം. എല്ലാ സോണല്‍ എ ഡി ജി പിമാര്‍ക്കും റേഞ്ച് ഐ ജിമാര്‍ക്കും കര്‍ശന നടപടി സ്വീകരിക്കാനുള്ള നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ജില്ലാ കലക്ടര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി അക്രമ സംഭവങ്ങളെ കുറിച്ച് വിലയിരുത്തി. ഹര്‍ത്താലിന്റെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്നും അക്രമം അനുവദിക്കരുതെന്നും ചീഫ് സെക്രട്ടറി കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.
കനകദുര്‍ഗ, ബിന്ദു എന്നീ യുവതികള്‍ ബുധനാഴ്ച പുലര്‍ച്ചെ മൂന്നേമുക്കാലോടെയാണ് ശബരിമലയില്‍ ദര്‍ശനം നടത്തിയത്. ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെയാണ് ശബരിമല കര്‍മസമിതിയുടെയും ബി.ജെ.പിയുടെയും നേതൃത്വത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമമുണ്ടായത്.