Sorry, you need to enable JavaScript to visit this website.

ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും മകളുടെ ജനന സർട്ടിഫിക്കറ്റും യുവതിക്ക് ലഭിച്ചത് ഒരേ ദിവസം

സൗദി യുവതി റീം അൽഹർബിയുടെ മകളുടെ ജനന സർട്ടിഫിക്കറ്റും ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും 

റിയാദ് - വിധിയുടെ രൂപത്തിൽ ദൈവം ഓരോരുത്തർക്കും കാത്തുവെച്ചത് എന്താണെന്ന് അറിയാൻ കഴിയാത്തത് മനുഷ്യ ബുദ്ധിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ദൈവിക യുക്തിയാണ്. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും മകളുടെ ജനന സർട്ടിഫിക്കറ്റും സൗദി യുവതി റീം അൽഹർബിക്ക് ലഭിച്ചത് ഒരേ ദിവസമായത് വിധി തീർത്ത യാദൃഛികതയായി. നവംബർ നാലിനായിരുന്നു ഇത്. ഒരാഴ്ചക്കിടെ ഇവർക്ക് സോഷ്യൽ സയൻസ് കോളേജിൽ നിന്ന് മാസ്റ്റർ ബിരുദ സർട്ടിഫിക്കറ്റും ലഭിച്ചു. 
വൈധവ്യത്തിന്റെ തോരാകണ്ണീരും മാതൃത്വം സമ്മാനിച്ച അനന്തമായ അനുഭൂതിയും ബിരുദാനന്തര ബിരുദം ലഭിച്ചതിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത ആഹ്ലാദവും റീം അൽഹർബിയെ തേടിയെത്തിയത് ദിവസങ്ങളുടെ ഇടവേളയിലായിരുന്നു. 
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ കഴിയവേ മസ്തിഷ്‌ക മരണം സംഭവിച്ചാണ് ഭർത്താവ് മുഹമ്മദ് നാസിർ അൽഹർബി അന്ത്യശ്വാസം വലിച്ചതെന്ന് ദുഃഖം കടിച്ചമർത്തി റീം പറഞ്ഞു. മകളെ പ്രസവിച്ച് ദിവസങ്ങൾക്കു ശേഷമായിരുന്നു ഇത്. ഭർത്താവിന്റെ മരണ സർട്ടിഫിക്കറ്റും മകളുടെ ജനന സർട്ടിഫിക്കറ്റും ഒരേ ദിവസമാണ് ബന്ധപ്പെട്ട വകുപ്പുകൾ ഇഷ്യൂ ചെയ്തത്. 
നാലു വർഷം നീണ്ട ദാമ്പത്യ ജീവിതത്തിനു ശേഷമാണ് ഭർത്താവിന്റെ ജീവൻ വാഹനാപകടം തട്ടിയെടുത്തത്. ഭർത്താവിനു വേണ്ടി പ്രാർഥിക്കുന്നതിനു മാത്രമേ തനിക്ക് കഴിയുകയുള്ളൂ. പിറക്കാനിരിക്കുന്ന കുഞ്ഞിനെ കാണാനുള്ള അടങ്ങാത്ത മോഹം കാരണമായി, തങ്ങൾ താമസിക്കുന്ന നഗരത്തിനു പുറത്തുള്ള ജോലി സ്ഥലത്തേക്ക് മരണത്തിനു മുമ്പുള്ള ദിവസങ്ങളിൽ ഭർത്താവ് പോയിരുന്നില്ല. ഇതുമൂലം ഭർത്താവിന്റെ പെൻഷൻ തനിക്ക് നിഷേധിക്കപ്പെട്ടു. സ്വകാര്യ സ്‌കൂളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന അധ്യാപികയായതിനാൽ സാമൂഹിക സുരക്ഷാ പദ്ധതി സഹായവും തനിക്ക് തടയപ്പെട്ടു. ഡോക്ടറേറ്റ് ബിരുദം നേടണമെന്നതാണ് തന്റെ സ്വപ്‌നം. 
എന്നാൽ മകളെ വളർത്തുന്നതിന് ജോലി ആവശ്യമായതിനാൽ ഡോക്ടറേറ്റ് ബിരുദം നേടുകയെന്ന സ്വപ്‌നം ഉപേക്ഷിക്കാൻ താൻ നിർബന്ധിതയാവുകയാണ്. മകൾ പിറന്നതിൽ അനുമോദനം അറിയിച്ചും സന്തോഷം പ്രകടിപ്പിച്ചും ബന്ധുക്കളും പരിചയക്കാരും സന്ദർശിക്കുന്നതിനിടെയാണ് ഭർത്താവിന്റെ മരണത്തിലുള്ള അനുശോചനവും തനിക്ക് സ്വീകരിക്കേണ്ടിവന്നത്. 
ഭർത്താവിനു വേണ്ടി മറ്റുള്ളവർ പ്രാർഥിക്കാൻ വേണ്ടിയാണ് തന്റെ കഥ സാമൂഹിക മാധ്യമങ്ങളിലൂടെ താൻ പുറത്തുവിട്ടതെന്നും റീം അൽഹർബി പറയുന്നു.


 

Latest News