മാൻ ഓഫ് ദി ഇയർ, വുമൺ ഓഫ് ദി ഇയർ തുടങ്ങിയ തെരഞ്ഞെടുപ്പുകൾക്കോ എന്തെങ്കിലും അർത്ഥമുണ്ടോ എന്നു ചോദിച്ചാൽ ഇല്ലെന്നു തന്നെ പറയാം. എന്നാലും അത്തരമൊരു പരിശോധനയും ചർച്ചകളും ഭാവിയെ നിർവ്വചിക്കുന്നതിൽ സഹായകരമാകുന്നു എങ്കിൽ അത് പ്രസക്തവുമാണ്. ഈ അർത്ഥത്തിൽ കേരളീയ പശ്ചാത്തലത്തിൽ പോയ വർഷത്തെ മാൻ ഓഫ് ദി ഇയർ ആയി സണ്ണി കപിക്കാടിനേയും വുമൺ ഓഫ് ദി ഇയർ ആയി രഹ്ന ഫാത്തിമയേയും നിർദ്ദേശിക്കുകയാണ്.
തീർച്ചയായും ഇത്തരത്തിലുള്ള തെരഞ്ഞെടുപ്പുകളിൽ തെരഞ്ഞെടുക്കുന്നയാളുടെ നിലപാടുകൾ തന്നെയാണ് പ്രതിഫലിക്കുക. ആരോഗ്യകരമായ സംവാദത്തിനും അവിടെ സാധ്യതയുണ്ട്. എന്നാൽ എല്ലാ സംവാദത്തേയും കക്ഷിരാഷ്ട്രീയ - ജാതി മത കളളികളിൽ ഒതുക്കുന്ന കേരളത്തിൽ ആ സാധ്യത തുലോ തുച്ഛമാണ്. മാൻ ഓഫ് ദി ഇയര് ആയി നിരവധി പേർ നിർദ്ദേശിക്കുന്ന പേര് മുഖ്യമന്ത്രി പിണറായി വിജയന്റേതാണ്. മൂന്നു കാരണങ്ങളാണ് അതിനു പുറകിലുള്ളത്. ഒന്ന് അന്ധമായ വ്യക്ത്യാരാധന തന്നെ.
നമ്മുടെ രാഷ്ട്രീയം അനുദിനം വ്യക്ത്യാധിഷ്ഠിതമാകുന്നതിനു ഉദാഹരണമാണ് മമ്മുട്ടിയേയും മോഹൻലാലിനേയും പോലെ പിണറായിക്കും ലക്ഷക്കകണക്കിനു ഫാൻസുകൾ ഉണ്ടാകുന്നത്. അതവഗണിക്കാം. പിന്നെ പലരും പിണറായിയെ നിർദ്ദേശിക്കുന്നത് പ്രളയകാലത്തെ പ്രവർത്തനങ്ങൾ ചൂണ്ടികാട്ടിയാണ്. സാധാരണ വാർത്താ സമ്മേളനങ്ങൾ നടത്താത്ത അദ്ദേഹം ആ ദിവസങ്ങളിൽ മാധ്യമങ്ങളിൽ നിറഞ്ഞുനിന്നു എന്നത് ശരിയാണ്. അതിൽപരം ഒരു മുഖ്യമന്ത്രി സ്വാഭാവികമായും ചെയ്യുന്ന കാര്യങ്ങളല്ലാതെ മറ്റെന്താണ് അദ്ദേഹം ചെയ്തത്? അതുപോട്ടെ, പ്രളയത്തിനുശേഷം മാസങ്ങളായിട്ടും ദുരിതാശ്വാസപ്രവർത്തനങ്ങൾ എവിടെയെത്തി നിൽക്കുന്നു എന്ന പരിശോധന നടത്തിയാലോ? ആദ്യഗഡുവായ 10000 രൂപ പോലും കിട്ടാത്തവർ നിരവധി. ഇപ്പോളും ക്യാമ്പുകളിൽ ജീവിക്കുന്നവർ. തകർന്ന വീടുകളുടെ ലിസ്റ്റ് എടുത്തു തീർന്നിട്ടില്ല. വ്യാപാരമേഖയിലെ നഷ്ടത്തിനു കണക്കു പോലുമില്ല. പുനർ നിർമ്മാണ പ്രവർത്തനങ്ങൾ കാര്യമായൊന്നും മുന്നോട്ടു പോകുന്നില്ല. കേരളത്തിന്റെ ന്യായമായ അവകാശങ്ങൾ തള്ളിക്കളഞ്ഞ കേന്ദ്രത്തിനു നേരെ പ്രതീകാത്മക സമരം പോലുമുണ്ടായില്ല. അതിനിടയിൽ ശബരിമല വിഷയം സജീവമായതോടെയ പ്രളയം പോലും മലയാളി മറന്നത് സർക്കാരിനു ഗുണകരമായി എന്നതാണ് വസ്തുത.
അടുത്തൊരു വിഭാഗം പിണറായിയെ നിർദ്ദേശിക്കുന്നത് ശബരിമല വിഷയവുമായി എടുത്ത നിലപാടുകളുടെ പേരിലാണ്. അവിടേയും എന്താണ് സംഭവിച്ചത്? നവോത്ഥാന പ്രസംഗങ്ങളിലൂടെ അദ്ദേഹം കയ്യടി നേടിയെന്നത് ശരിതന്നെ. എന്നാൽ പ്രസംഗിക്കുന്നത് പിണറായിയല്ല, മുഖ്യമന്ത്രിയാണെന്നത് അദ്ദേഹവും ഫാൻസും മറന്നു. പ്രസംഗമല്ലാതെ മറ്റെന്താണ് നടന്നത്? ഒന്നുമില്ല. അവസാനം ശബരിമലയുമായി ബന്ധമില്ലാത്ത വനിതാമതിലിൽ നവോത്ഥാനം മുട്ടി നിൽക്കുന്നു. താൻ മാൻ ഓഫ് ദി ഇയർ ആകാൻ താൻ അർഹനല്ലെന്ന് പിണറായി തന്നെ തെളിയിച്ചു.
രാഹുൽ ഈശ്വറിനേയും ശ്രീധരൻ പിള്ളയേയും കെ. സുരേന്ദ്രനേയുമൊക്കെ മാൻ ഓഫ് ദി ഇയറായി നിർദ്ദേശിക്കുന്നവരുണ്ട്. നാട്ടിൽ കലാപമുണ്ടാക്കാൻ ശ്രമിച്ച് വാർത്തയാകാൻ ശ്രമിക്കുന്നവരല്ലല്ലോ ഈ വിശേഷണത്തിന് അർഹർ. അവിടെയാണ് സണ്ണി കപിക്കാടിന്റെ പ്രസക്തി. ദളിത് - മനുഷ്യാവകാശ - സാമൂഹ്യ പ്രവർത്തകർക്കിടയിൽ എത്രയോ കാലമായി സുപരിചിതനാണ് സണ്ണി എങ്കിലും കക്ഷിരാഷ്ട്രീയക്കാരേയും ഏതാനും സാഹിത്യകാരന്മാരേയും മാത്രം അറിയുന്ന പൊതുസമൂഹത്തിൽ അദ്ദേഹം അത്ര പ്രശസ്തനായിരുന്നില്ല. എന്നാൽ ശബരിമല വിഷയത്തിൽ സംഘപരിവാറിനെതിരെ ഏറ്റവും ശക്തമായ പ്രതിരോധമുയർത്തിയത് സണ്ണിയാണ്. സുനിൽ പി ഇളയിടത്തെപോലുള്ളവർ സ്വയം സൃഷ്ടിച്ച സവർണ്ണ ചട്ടക്കൂടിനകത്തുനിന്നുള്ള സാധ്യതകൾ ഉപയോഗിച്ചും രവിചന്ദ്രനെ പോലുള്ളവർ വരട്ടു യുക്തിവാദവുമായും സംഘികളെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോൾ അതിൽ നിന്നു വ്യത്യസ്ഥമായി തികച്ചും ദളിത് - അംബേദ്കർ - സ്ത്രീ പക്ഷത്തുനിന്നുള്ള അതിശക്തമായ പ്രതിരോധമാണ് സണ്ണി ഉയർത്തിയത്. കേവലം പ്രഭാഷണങ്ങളിൽ മാത്രമത് ഒതുങ്ങുന്നുമില്ല. നവവത്സരത്തിൽ ആദിവാസി - ദളിത് സ്ത്രീകളുടെ നേതൃത്വത്തിൽ ജനാധിപത്യ - മനുഷ്യാവകാശ പ്രവർത്തകരുടെ പിന്തുണയോടെ യുവതികളുടെ ശബരിമല പ്രവേശനത്തിനായുള്ള പ്രവർത്തനങ്ങളിലാണ് ഇപ്പോളദ്ദേഹം. കേരളത്തിൽ സമീപകാലത്ത് ഉയർന്നുവന്നിട്ടുള്ള യുവ ദളിത് പ്രവർത്തകരിൽ സണ്ണി ചെലുത്തുന്ന സ്വാധീനവും ചെറുതല്ല. സണ്ണിയുള്ളപ്പോൾ മറ്റാരെയാണ് മാൻ ഓഫ് ദി ഇയർ ആയി നിർദ്ദേശിക്കാനാവുക?
സ്ത്രീകളിലേക്കു വരുമ്പോൾ മത്സരം കുറെക്കൂടി ശക്തമാണ്. മുഖ്യധാരയിൽ നിന്നുള്ള പ്രധാന നിർദ്ദേശം നിപ കാലത്ത് മികച്ച രീതിയിൽ പ്രവർത്തിച്ച ആരോഗ്യമന്ത്രി ഷൈലജ ടീച്ചറെയാണ്. ശരിയാകാം. എന്നാൽ അതവരുടെ ഉത്തരവാദിത്തമല്ലാതെ മറ്റെന്താണ്? പോരാട്ടങ്ങളാണ് ഇത്തരമൊരു തെരഞ്ഞെടുപ്പിനെ കൂടുതൽ പ്രസക്തമാണെന്നു കരുതുന്നവരുടെ മുന്നിൽ ഉയർന്നു വരുക പ്രധാനമായും 2 പേരുകളാണ്. ഒന്ന് ആദ്യമായി കന്യാസ്ത്രീകളെ തെരുവിലിറക്കി നടത്തിയ ചരിത്രപോരാട്ടത്തിനു നേതൃത്വം നൽകിയ സിസ്റ്റർ അനുപമ. തീർച്ചയായും അവരുടെ ധീരതയേയും ആർജവത്തേയും അംഗീകരിക്കുന്നു.
എന്നാൽ അവർക്ക് പൊതുസമൂഹത്തിൽ നിന്നും ശക്തമായ പിന്തുണ ലഭിച്ച കാര്യം മറക്കുന്നില്ല. അതുപോലുമില്ലാത്ത ഒറ്റയാൾ പോരാട്ടമാണ് രഹ്ന ഫാത്തിമ നടത്തിയത്. ഭരണഘടനാമൂല്യങ്ങൾക്കും ലിംഗനീതിക്കുമായി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റേയോ മതസംഘടനയുടേയോ മാധ്യമങ്ങളുടേയോ പിന്തുണയില്ലാതെ നടത്തിയ പോരാട്ടം. ഭരണഘടനാപരമായി നിലനിൽക്കാത്തതും എന്നാൽ പ്രത്യക്ഷത്തിൽ തന്നെ നിലനിൽക്കുന്നതുമായ അയിത്തത്തിനെതിരായ ശകതമായ പോരാട്ടമാണ് രഹ്ന നടത്തിയത്.
ഔദ്യോഗികമായി വിലക്കില്ലെങ്കിലും ഫലത്തിൽ വിലക്കുണ്ടായിരുന്ന തൃശൂരിലെ പുലിക്കളിയിൽ പെൺപുലിയായി അവരിറങ്ങിയപ്പോൾ അഭിനന്ദിച്ചവർപോലും ഇത്തവണ അവർക്കെതിരെ തിരിയുകയായിരുന്നു. സിപിഎമ്മിന് അവർ ബിജെപിയുടേയും ബിജെപിക്ക് അവർ സിപിഎമ്മിന്റേയും കോൺഗ്രസിന് ഇരുകൂട്ടരുടേയും പ്രതിനിധിയായിരുന്നു. പെണ്ണിന്റെ അസ്തിത്വത്തെയാണ് അതിലൂടെ അവരെല്ലാം നിഷേധിച്ചത്.
2017 ൽ ഹാദിയ നടത്തിയ പോരാട്ടത്തിനു സമാനമാണ് രഹ്‌നാ ഫാത്തിമയുടേയും പോരാട്ടമെന്നു കാണാം. വീടിനുനേരെ ആക്രമണം, ജോലിയിൽ സസ്‌പെൻഷൻ, ജയിൽവാസം. എന്നിട്ടും ലിംഗനീതിക്കായി പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന രഹ്‌നയെയല്ലാതെ മറ്റാരെയാണ് 2018 ലെ വുമൺ ഓഫ് ദി ഇയർ ആയി തെരഞ്ഞെടുക്കാനാകുക?