പത്തനംതിട്ട- ശബരിമലയില്‍ ദര്‍ശനം നടത്തിയതായി രണ്ട് യുവതികള്‍ അവകാശപ്പെട്ടു. നേരത്തെ ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധം കാരണം പിന്‍വാങ്ങേണ്ടി വന്ന കനകദുര്‍ഗയും ബിന്ദുവുമാണ് ദര്‍ശനം നടത്തിയത്. സുരക്ഷിതമായി മലകയറാന്‍ സാധിച്ചുവെന്നും ആരും പിന്തിരിപ്പിച്ചില്ലെന്നും ഇവര്‍ പറഞ്ഞു.
പോലീസ് സംരക്ഷണത്തോടെ ഇന്ന് പുലര്‍ച്ചെയാണ് യുവതികള്‍ വി.ഐ.പി ലോഞ്ച് വഴി സന്നിധാനത്ത് എത്തിയത്. കഴിഞ്ഞ മാസം 24ന് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയെങ്കിലും കടുത്ത പ്രതിഷേധം കാരണം തിരിച്ചിറങ്ങേണ്ടി വന്നിരുന്നു.
പോലീസ് സംരക്ഷണത്തിലാണ് ദര്‍ശനം നടത്തിയതെന്നും പമ്പയില്‍ എത്തിയ ശേഷമാണ് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടതെന്നും ഇവര്‍ പറയുന്നു. പമ്പയില്‍ നിന്ന് സന്നിധാനം വരെയുള്ള പാതയില്‍ ഏതാനും ഭക്തര്‍ ഇവരെ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പ്രതിഷേധമൊന്നും ഉണ്ടായില്ല. ഭക്തര്‍ മാത്രമേ സന്നിധാനത്ത് ഉണ്ടായിരുന്നുള്ളൂവെന്നും പോലീസ് പിന്തിരിപ്പിച്ചില്ലെന്നും യുവതികള്‍ പറയുന്നു. ഒന്നരയോടെയാണ് പമ്പയില്‍നിന്ന് പുറപ്പെട്ടത്. മൂന്നരയോടെ സന്നിധാനത്തെത്തി.
യുവതികളെ പോലീസ് മഫ്തിയില്‍ പിന്തുടര്‍ന്നിരുന്നു. ഇരുവരും ആറു പേരടങ്ങുന്ന സംഘത്തിനൊപ്പം എറണാകളുത്തുനിന്നാണ് എത്തിയത്. ദര്‍ശനം കഴിഞ്ഞ് മടങ്ങിയ യുവതികള്‍ പത്തനംതിട്ടയിലെ സുരക്ഷിത കേന്ദ്രത്തിലാണ്.
കനകദുര്‍ഗയുടെ അങ്ങാടിപ്പുറത്തെ വീടിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയതായി മലപ്പുറം റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ മല കയറാനാവാതെ മടങ്ങിയ കനകദുര്‍ഗ അരീക്കോട്ടെ സ്വന്തം വീട്ടിലോ അങ്ങാടിപ്പുറത്തെ ഭര്‍തൃവീട്ടിലോ എത്തിയിരുന്നില്ല. സുരക്ഷാ കാരണങ്ങളാല്‍ കണ്ണൂരിലെ സുഹൃത്തിന്റെ വീട്ടിലാണെന്നാണ് പോലീസ് അറിയിച്ചിരുന്നത്.
അതിനിടെ, യുവതികളുടെ ദര്‍ശനം സ്ഥരീകരിച്ചാല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പന്തളം രാജകുടുംബവും തന്ത്രിയും അറിയിച്ചു. നടയടച്ച് ശുദ്ധിക്രിയ ചെയ്യുമെന്നാണ് കൊട്ടാരം പ്രതിനിധി അറിയിച്ചത്.
യുവതികള്‍ ദര്‍ശനം നടത്തിയതു സംബന്ധിച്ച് പ്രതികരിക്കാന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വിസമ്മതിച്ചു.
#WATCH Two women devotees Bindu and Kanakdurga entered & offered prayers at Kerala's #SabarimalaTemple at 3.45am today pic.twitter.com/hXDWcUTVXA
— ANI (@ANI) January 2, 2019