Sorry, you need to enable JavaScript to visit this website.

മലപ്പുറത്തെ മുസ്‌ലിം വനിതാ സാന്നിധ്യം ശ്രദ്ധേയമായി

മലപ്പുറം- കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിൽ ഇടം പിടിച്ച വനിതാ മതിലിൽ മലപ്പുറം ജില്ലയിൽ അണിനിരന്നതു രണ്ടു ലക്ഷം പേർ. 1.80 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നായിരുന്നു കണക്കുകൂട്ടിയിരുന്നതെങ്കിലും രണ്ടു ലക്ഷത്തിലധികം പേർ മതിലിൽ അണിനിരന്നു. 
വനിതാ മതിലിൽ മുസ്‌ലിം സ്ത്രീകൾ പങ്കെടുക്കരുതെന്ന് സുന്നി ഇ.കെ വിഭാഗം പരസ്യമായി ആവശ്യപ്പെട്ടിട്ടും ഇന്നലെ വനിതാ മതിലിൽ പങ്കെടുക്കാൻ മുസ്‌ലിം സ്ത്രീകൾ എത്തിയത് ഇടതുപക്ഷത്തിന് നേട്ടമായി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മതിലിൽ മുസ്‌ലിം സ്ത്രീകളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മുസ്‌ലിം സ്ത്രീകളെ മതിലിൽ പങ്കെടുപ്പിക്കാൻ ഇടതുമുന്നണി പ്രത്യേക ശ്രമങ്ങൾ നടത്തിയിരുന്നു.
മലപ്പുറം ജില്ലാതിർത്തിയായ ഐക്കരപ്പടിയിൽ സിപിഎം സംസ്ഥാന സമിതി അംഗം പി.കെ. സൈനബ ആദ്യ കണ്ണിയായി ചേർന്നു. വനിതാ മതിലിനൊപ്പം ജില്ലയുടെ പത്തു കേന്ദ്രങ്ങളിൽ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. ഉച്ചക്കു ശേഷം മൂന്നു മണിയോടെ തന്നെ വനിതാ സംഘടനാ പ്രവർത്തകർ റോഡരികിൽ സ്ഥാനം പിടിച്ചിരുന്നു. ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തിൽ കക്ഷി രാഷ്ട്രീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകൾ മതിലിന്റെ ഭാഗമായി. മന്ത്രി കെ.ടി.ജലീൽ കുടുംബ സമേതമാണ് പങ്കെടുത്തത്. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടി മലപ്പുറം നഗരത്തിൽ മതിലിൽ അണിചേർന്നു. ഐക്കരപ്പടി, പുളിക്കൽ, കൊണ്ടോട്ടി, മൊറയൂർ, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, പുലാമന്തോൾ എന്നിവിടങ്ങളിൽ സമ്മേളനങ്ങളും നടന്നു. മതിലിനു പിന്തുണയുമായി പുരുഷൻമാരും പല സ്ഥലങ്ങളിലും അഭിവാദ്യം നേർന്നു. ഐക്കരപ്പടി മുതൽ പെരിന്തൽമണ്ണ വരെയുള്ള 55 കിലോമീറ്റർ ദൂരത്തിലാണ് ജില്ലയിലുള്ളവർ അണിനിരന്നത്. 
കേരളത്തെ പിന്നോട്ടു നയിക്കാൻ സമ്മിതിക്കില്ലെന്ന നിശ്ചയദാർഢ്യം പ്രകടിപ്പിച്ചാണ് എല്ലാവരും മതിലിൽ അണിനിരന്നത്. വനിതാ മതിലിൽ 20,000 പേരാണ് പെരിന്തൽമണ്ണയിൽ പങ്കെടുത്തത്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്ര പരിസരത്തു നിന്നു തുടങ്ങി സിഗ്‌നൽ വരെ പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെയും സിഗ്‌നൽ മുതൽ പുലാമന്തോൾ പാലം വരെ പാലക്കാട് ജില്ലയുടെ മണ്ണാർക്കാട് മണ്ഡലം, ചെർപ്പുളശേരി, തൃത്താല മണ്ഡലം, ശ്രീകൃഷ്ണപുരം, പുലാമന്തോൾ പഞ്ചായത്ത്, ഏലംകുളം പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരും അണിനിരന്നു. മങ്കട, മഞ്ചേരി അസംബ്ലി മണ്ഡലങ്ങളിലുള്ളവർ റെയിൽവേ മേൽപാലത്തിനപ്പുറവും കണ്ണികളായി. സ്പീക്കർ പി. ശ്രീരാമ കൃഷ്ണന്റെ ഭാര്യ ദിവ്യ, അമ്മ സീതാലക്ഷ്മി, മുൻ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ കെ. ഖദീജ, മകൾ നഫീസ, മരുമകൾ സുഹറ, പി.പി വാസുദേവന്റെ ഭാര്യ ഓമന തുടങ്ങിയവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഷോളയൂർ ജിടിഎച്ച്എസ്എസിലെ അധ്യാപിക ഷാനിത നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. 


വൈകിട്ട് 4.30 ന് പെരിന്തൽമണ്ണ കോടതിപ്പടിയിൽ നടന്ന പൊതുയോഗത്തിൽ മുൻ എം.എൽ.എ ഗിരിജാ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി. പ്രേമലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ നിഷി അനിൽരാജ്, മുൻ എം.എൽ.എ വി. ശശികുമാർ, പി.പി വാസുദേവൻ, പ്രൊഫ. എം.എം നാരായണൻ എന്നിവരും സംബന്ധിച്ചു. അങ്ങാടിപ്പുറത്ത് നടന്ന പൊതുയോഗത്തിൽ മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം കെ.ടി ഖൗലത്ത് അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സുചിത്ര, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാർ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എന്നിവർ പ്രസംഗിച്ചു. 
പുലാമന്തോളിൽ നടന്ന പൊതുയോഗത്തിൽ ടി.പി വനജ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാകൃഷ്ണൻ, മുൻ എം.എൽ.എ എം. ചന്ദ്രൻ, മുൻ ഡെപ്യൂട്ടി സ്പീക്കർ ജോസ് ബേബി, രാമകൃഷ്ണൻ, ഹംസ പാലൂർ, സി. ദിവാകരൻ, എച്ച്. സരോജിനി, കെ. നിമ്മി എന്നിവർ പ്രസംഗിച്ചു. 
ജില്ലാ അതിർത്തിയായ ഐക്കരപ്പടിയിൽ നടന്ന പൊതുയോഗത്തിൽ പി.കെ.സൈനബ, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. മിഥുന, വാഴയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തിൽ, ജയശ്രീ പി.ചന്ദ്രിക, സുനിൽ എന്നിവർ സംസാരിച്ചു. കൊണ്ടോട്ടിയിൽ നടന്ന പൊതുയോഗത്തിൽ പി.ഗീത അധ്യക്ഷത വഹിച്ചു. 
പി.കെ. മൈമൂന, വി.ടി. സോഫിയ, എൻ.പ്രമോദ്ദാസ്, സുമശേഖർ, അഡ്വ.കെ.കെ.മുഹമ്മദ്, അഡ്വ.കെ.കെ.സമദ്, പി.എ.മജീദ്, വീരാൻകുട്ടി, വി.പി.സൗബിയ എന്നിവർ സംസാരിച്ചു. വനിതാ മതിൽ പ്രമാണിച്ച് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇന്നലെ ഉച്ച കഴിഞ്ഞു പ്രവർത്തിച്ചിരുന്നില്ല. 
രണ്ടു ലക്ഷം പേർ മതിലുയർത്തി

 

Latest News