ജിദ്ദ - സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍നിന്ന് അഞ്ചു ലക്ഷം റിയാല്‍ വെട്ടിച്ച കേസിലെ പ്രതി രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെ ജിദ്ദ എയര്‍പോര്‍ട്ടില്‍ അറസ്റ്റിലായി. പ്രതിക്ക് സര്‍ക്കാര്‍ വകുപ്പുകളില്‍നിന്നുള്ള സേവനങ്ങള്‍ വിലക്കുന്നതിനും രാജ്യം വിടുന്നതില്‍നിന്ന് വിലക്കേര്‍പ്പെടുത്തുന്നതിനും നേരത്തെ കോടതി വിധിച്ചിരുന്നു.
വ്യാജ എക്‌സിറ്റ് സീല്‍ പതിച്ച പാസ്‌പോര്‍ട്ടുമായി കയ്‌റോ വിമാനത്തില്‍ രാജ്യം വിടാന്‍ ശ്രമിക്കുന്നതിനിടെയാണ് പ്രതി പിടിയിലായത്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥനാണെന്ന് സ്ഥിരീകരിക്കുന്ന വ്യാജ തിരിച്ചറിയല്‍ കാര്‍ഡും പ്രതിയുടെ പക്കല്‍ കണ്ടെത്തി. ഈ കാര്‍ഡ് ഉപയോഗിച്ചാണ് വിദേശി ഡിപ്പാര്‍ച്ചര്‍ ലോഞ്ചില്‍ എത്തിയതെന്നാണ് കരുതുന്നത്.
എയര്‍പോര്‍ട്ട് ജവാസാത്ത് നടത്തിയ അന്വേഷണത്തില്‍ വിദേശിക്കെതിരെ ജിസാന്‍ എന്‍ഫോഴ്‌സ്‌മെന്റ് കോടതി വിധിയുണ്ടെന്നും സ്‌പോണ്‍സറുടെ സ്ഥാപനത്തില്‍ വെട്ടിപ്പ് നടത്തി അഞ്ചു ലക്ഷം റിയാല്‍ തട്ടിയെടുത്ത കേസില്‍ അല്‍ദര്‍ബ് പോലീസ് പ്രതിക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള സേവനങ്ങള്‍ തടഞ്ഞിട്ടുണ്ടെന്നും വ്യക്തമായി. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുന്നതിന് മുന്നോടിയായി പ്രതിയെ പിന്നീട് ശുമൈസി ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി.