റിയാദ് - സുൽഫി നിവാസിയായ സൗദി പൗരന്റെയും രണ്ടു മക്കളുടെയും, നാലു ദശകത്തെ ഇടവേളയിൽ എടുത്ത രണ്ടു ഫോട്ടോകൾ സാമൂഹികമാധ്യമങ്ങളിൽ വൈറലാകുന്നു. മുപ്പത്തിയെട്ടു വർഷത്തെ ഇടവേളയിൽ ഒരേ സ്ഥലത്തു വെച്ച് എടുത്ത ഫോട്ടോകളാണ് സാമൂഹികമാധ്യമ ഉപയോക്താക്കളുടെ മനം കവരുന്നത്. ആദ്യത്തെ ഫോട്ടോയിൽ പിഞ്ചു കുഞ്ഞുങ്ങളായ മക്കളെ സൗദി പൗരൻ എടുത്തു നിൽക്കുകയാണ്. രണ്ടാമത്തെ ഫോട്ടോയിൽ വൃദ്ധനായ സൗദി പൗരൻ മക്കൾക്ക് ഇരുവർക്കുമിടയിൽ അവശനായി ഇരിക്കുന്നു.
ആദ്യത്തെ ഫോട്ടോയിൽ മക്കളെ പിതാവാണ് ശ്രദ്ധിക്കുന്നതെങ്കിൽ രണ്ടാമത്തെ ഫോട്ടോയിൽ പിതാവിനെ മക്കളാണ് പരിചരിക്കുന്നത്. സുൽഫിയിലെ റൗദത്തുസ്സബ്‌ല പാർക്കിൽ ഒരേ സ്ഥലത്തു വെച്ചാണ് മുപ്പത്തിയെട്ടു വർഷത്തെ ഇടവേളയിൽ രണ്ടു ഫോട്ടോകളും എടുത്തത്.
'ഇന്നലെ ഉപ്പ എന്റെ അവലംബമായിരുന്നു, ഇന്ന് ഉപ്പയുടെ അവലംബം ഞാനാണ്' - ഫോട്ടോക്ക് അടിയിൽ സാമൂഹികമാധ്യമ ഉപയോക്താക്കളിൽ ഒരാൾ രേഖപ്പെടുത്തി. 'കാലപ്രവാഹത്തിൽ പലവിധ മാറ്റങ്ങൾക്കും നാം വിധേയരാകുന്നു, ചെറുത്തുനിൽക്കുന്നതിന് നാം ശ്രമിച്ചുനോക്കുമെങ്കിലും വൈകാതെ അതിന്റെ ശക്തിക്കു മുന്നിൽ നാം പരാജയപ്പെടും' - മറ്റൊരാൾ കുറിച്ചു.
സുൽഫിയിൽ നിന്ന് അഞ്ചു കിലോമീറ്റർ ദൂരെയാണ് വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന റൗദത്തുസ്സബ്‌ല. സൗദി അറേബ്യയിലെ ഏറ്റവും പ്രശസ്തവും ചരിത്രപ്രധാനവുമായ സംരക്ഷിത കേന്ദ്രമാണ് റൗദത്തുസ്സബ്‌ല. നിരവധി താഴ്‌വരകളും അരുവികളും അടങ്ങിയ റൗദത്തുസ്സബ്‌ല വശ്യമായ പ്രകൃതിഭംഗിയാൽ സന്ദർശകരെ മാടിവിളിക്കുന്നു. നല്ല മഴ ലഭിച്ചതിനാൽ ഇത്തവണ റൗദത്തുസ്സബ്‌ല കൂടുതൽ മനോഹാരിത കൈവരിച്ചിട്ടുണ്ട്.
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന, വ്യത്യസ്ത വർണങ്ങളിലുള്ള പൂക്കൾ കുറിയിട്ട പച്ചപ്പട്ട് വിരിച്ച പ്രദേശവും മികച്ച കാലാവസ്ഥയുമാണ് റൗദത്തുസ്സബ്‌ലയുടെ പ്രത്യേകത. ആധുനിക സൗദി ശിൽപി അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് സൗദി അറേബ്യയുടെ ഏകീകരണത്തിൽ നിർണായക പോരാട്ടത്തിന് സാക്ഷ്യം വഹിച്ചത് റൗദക്കു സമീപമുള്ള അൽസബ്‌ലയിലായിരുന്നു. ഹിജ്‌റ 1347 ശവ്വാൽ 19 ന് ആയിരുന്നു അത്.