- ഇന്ത്യൻ സിനിമാ ലോകത്തെ ഗൗരവക്കാരനായ തമാശക്കാരൻ വിട പറഞ്ഞു
ജിദ്ദ - 2014 സെപ്റ്റംബർ 28. ഒരേ സമയം വില്ലനായും കൊമേഡിയനായും ബോളിവുഡ് കീഴടക്കിയ വിഖ്യാത നടൻ ഖാദർ ഖാൻ ഹജ് വേളയിൽ ഉംറ നിർവഹിച്ചശേഷം പരിശുദ്ധ ഹറമിൽനിന്ന് സഹായികളോടൊപ്പം വീൽ ചെയറിൽ മടങ്ങുന്നു. അവിചാരിതമായ കണ്ടുമുട്ടൽ. ഹജിനെത്തിയ ബന്ധുവിനോടൊപ്പം ഹറമിലേക്ക് നീങ്ങുകയായിരുന്ന ഞങ്ങൾക്ക് ആദ്യനോട്ടത്തിൽ ചെറിയൊരു സംശയം. പിന്നെ പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പലരും അടുത്ത് കൂടുന്നതും ഹസ്തദാനം ചെയ്യുന്നതും കണ്ടു. അധികവും പാക്കിസ്ഥാനികൾ. ഞാനും സലാം ചൊല്ലി. കൈകൊടുത്തു. സംസാരിക്കാൻ അൽപം പ്രയാസപ്പെടുന്നുണ്ടായിരുന്നു. എങ്കിലും ആൾ പ്രസന്നവദനൻ. ഇന്ത്യൻ കോൺസുലേറ്റുദ്യോഗസ്ഥൻ തമിഴ്‌നാട്ടുകാരനായ മുബാറക്കും അദ്ദേഹത്തോടൊപ്പമുണ്ട്. മുബാറക്കിന്റെ കെയറോഫിൽ അൽപനേരം കൂടി ആ മഹാനടനോടൊപ്പം ചെലവിടാൻ സാധിച്ചു. അദ്ദേഹത്തിന്റെ മേരീ ആവാസ് സുനേം കണ്ടിരുന്നു.
'അമർ അക്ബർ ആന്റണി'യുൾപ്പെടെ നിരവധി ഹിന്ദി സിനിമകളിലെ ഗൗരവക്കാരനായ തമാശക്കാരനായി തിളങ്ങിയ ഖാദർഖാന്റെ നിരവധി റോളുകൾ ഹ്രസ്വനേരത്തേക്ക് മനസ്സിൽ മിന്നിപ്പൊലിഞ്ഞു.
അഭിനയത്തിനു പുറമെ തിരക്കഥാ രചനയിലും സംവിധാനത്തിലും പ്രാഗൽഭ്യം തെളിയിച്ച ഈ നടൻ വീൽചെയറിലിരുന്ന് തന്നെയാണ് ത്വവാഫും സഈഹും നിർവഹിച്ചത്. മികച്ച ഹാസ്യതാരത്തിനുള്ള ഫിലിംഫെയർ അവാർഡുൾപ്പെടെ നിരവധി ദേശീയ പുരസ്‌കാരങ്ങൾ നേടിയ ഖാദർഖാൻ വിഭജനശേഷം പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽനിന്ന് മുംബൈയിൽ കുടിയേറിപ്പാർത്ത കുടുംബത്തിലെ അംഗമാണ്.
എൻജിനീയറിംഗ് ബിരുദധാരിയായ ഇദ്ദേഹം നേരത്തെ ഉംറ നിർവഹിച്ചിരുന്നുവെങ്കിലും ഹജ് കർമം നിർവഹിക്കുന്നത് നാലു വർഷം മുമ്പാണ്. അതിനിടെ 2012 ൽ ഇദ്ദേഹം 'മരണപ്പെട്ട'തായി ചില ബോംബെ ചാനലുകൾ വാർത്ത സംപ്രേഷണം ചെയ്യുകയും അത് പിൻവലിക്കുകയും ചെയ്തിരുന്നു. ആരാധകരുടെ ഓർമകളിൽ ഖേദം നിറച്ചാണ് ഖാദർ ഖാൻ പുതുവർഷപ്പുലരിയിൽ ഈ ലോകത്തോട് വിട പറഞ്ഞത്.