Sorry, you need to enable JavaScript to visit this website.

സി.പി.എം നേതാക്കള്‍ ഭാര്യാ സമതേം സന്നിധാനത്ത് പോകുമോ - മുല്ലപ്പള്ളി

തിരുവനന്തപുരം- അധികാര ദുര്‍വിനിയോഗവും ധനദുര്‍വിനിയോഗവും നടത്തി കെട്ടിയ വനിതാ മതില്‍ കേരളത്തില്‍ ഒരു ചലനവും സൃഷ്ടിച്ചില്ലെന്നു കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മതന്യൂനപക്ഷങ്ങളെ പൂര്‍ണമായി മാറ്റിനിര്‍ത്തിയ മതില്‍ വര്‍ഗീയ മതിലാണെന്നു ഊട്ടിയുറപ്പിക്കുകയും  ശിവഗിരി തീര്‍ഥാടനത്തെ അലങ്കോലപ്പെടുത്തുകയും ചെയ്തു.
വനിതാ മതില്‍ എന്തിനുവേണ്ടിയെന്നോ, ആര്‍ക്കു വേണ്ടിയെന്നോ ഇനിയും വ്യക്തമല്ല. ഇതുകൊണ്ട് എന്തുനേടിയെന്നും ആര്‍ക്കും അറിയില്ല. ശബരിമല വിഷയവും ലിംഗ സമത്വവുമാണെങ്കില്‍ മതിലില്‍ അണിനിരന്നവരെ ശബരിമലയിലേക്കു അയക്കുകയാണ് വേണ്ടിയിരുന്നത്. മതിലില്‍ നിന്നവര്‍ ആരെങ്കിലും സന്നിധാനത്തുപോകാന്‍ തയാറാണോ? പത്‌നീ സമേതം ക്ഷേത്രദര്‍ശനം നടത്താറുള്ള സി.പി.എം നേതാക്കള്‍ വനിതാ മതിലിന്റെ പശ്ചാത്തലത്തില്‍ സന്നിധാനത്തു പോകുമോയെന്നു മുല്ലപ്പള്ളി ചോദിച്ചു.
ബന്ത് സമാനമായ സാഹചര്യം സൃഷ്ടിച്ചാണ് മതില്‍ കെട്ടിയത്.  സര്‍ക്കാര്‍ മെഷീനറി പൂര്‍ണമായും ദുരുപയോഗം ചെയ്തു. സെക്രട്ടേറിയറ്റിലും സര്‍ക്കാര്‍ ഓഫീസികളിലും അപ്രഖ്യാപിത അവധിയായിരുന്നു. സ്‌കൂളുകള്‍ക്ക് അവധി കൊടുത്തു. സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചു. ആശുപത്രികളില്‍ നിന്ന് ആംബുലന്‍ വരെ വിട്ടുകൊടുക്കേണ്ടി വന്നു. ഒരു സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ ആജ്ഞയ്ക്കു കീഴടങ്ങാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായെന്നു മുല്ലപ്പള്ളി പറഞ്ഞു.
സ്ഥലംമാറ്റം ഉള്‍പ്പെടെയുള്ള ഭീഷണി മുഴക്കി ഐഎസുകാര്‍, ഐപിഎസുകാര്‍ ഉള്‍പ്പെടെ പതിനായിരക്കണക്കിനു  സര്‍ക്കാര്‍ ജീവനക്കാരെയാണ് നിരത്തിലിറക്കിയത്. തൊഴിലുറപ്പ് തൊഴിലാളികള്‍, ആശാവര്‍ക്കേഴ്‌സ്, അംഗന്‍വാടി ജീവനക്കാര്‍, കുടുംബശ്രീ ജീവനക്കാര്‍ തുടങ്ങിയവരെയെല്ലാം ഗണ്‍പോയിന്റില്‍ നിര്‍ത്തി. ഒരു മാസമായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ മതിലിന്റെ പ്രവര്‍ത്തനത്തിലായിരുന്നു. ലക്ഷക്കണക്കിന് ആളുകളുടെ പ്രവൃത്തി ദിവസമാണ് വൃഥാ ചെലവാക്കിയത്. ഒരു ഫാസിസ്റ്റ് സര്‍ക്കാരിനു മാത്രമേ ജനങ്ങളോട്  ഇങ്ങനെ പെരുമാറാന്‍ സാധിക്കുകയുള്ളു.
മതിലിന്റെ തുടക്കം മുതല്‍ ക്രിസ്ത്യന്‍, മുസ്ലീം വിഭാഗത്തെ മാറ്റിനിര്‍ത്തിയിരുന്നു. അതിനെതിരേ പ്രതിഷേധം കനത്തപ്പോള്‍ അവരെയും ഉള്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പറഞ്ഞ വാക്ക് വൃഥാവിലായി. അവരുടെ ചെറിയ സാന്നിധ്യംപോലും മതിലില്‍ ഉണ്ടായില്ല. 86 വര്‍ഷമായി ജനുവരി ഒന്നിനു നടക്കുന്ന ശിവഗിരി തീര്‍ത്ഥാടന ദിവസം തന്നെ മതില്‍ കെട്ടിയതു തീര്‍ത്ഥാടനത്തെ ബാധിച്ചു. ശിവഗിരി മഠം തന്നെ ഇതിനെ അപലപിച്ചിട്ടുണ്ട്.

 

Latest News