Sorry, you need to enable JavaScript to visit this website.

സൗദിയിൽ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

റിയാദ് - പുതുതായി നിയമിതരായ മന്ത്രിമാരും ഗവർണർമാരും ശൂറാ കൗൺസിൽ അംഗങ്ങളും തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. അൽയെമാമ കൊട്ടാരത്തിൽ നടന്ന ചടങ്ങിൽ സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, സഹമന്ത്രി ഡോ. ഫഹദ് അൽമുബാറക്, വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് ആലുശൈഖ്, മീഡിയ മന്ത്രി തുർക്കി അൽശബാന എന്നിവരും അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരനും മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ ബദ്ർ ബിൻ സുൽത്താൻ രാജകുമാരനും അൽജൗഫ് ഗവർണർ ഫൈസൽ ബിൻ നവാഫ് രാജകുമാരനും ശൂറാ കൗൺസിൽ അംഗങ്ങളായ മുഹമ്മദ് അൽമസീദും ഹസ്സാഅ് അൽഖഹ്താനിയും ബന്ദർ അസീരിയും രാജാവിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു. 
ഇസ്‌ലാമിനോടും രാജാവിനോടും രാജ്യത്തോടും കൂറു കാണിക്കുമെന്നും രാഷ്ട്രത്തിന്റെ രഹസ്യങ്ങളൊന്നും പരസ്യപ്പെടുത്തില്ലെന്നും രാജ്യതാൽപര്യങ്ങളും നിയമങ്ങളും സംരക്ഷിക്കുമെന്നും സത്യസന്ധമായും വിശ്വസ്തതയോടെയും ആത്മാർഥതയോടെയും നീതിപൂർവമായും കൃത്യനിർവഹണം നടത്തുമെന്നും അല്ലാഹുവിന്റെ പേരിൽ ആണയിടുന്നു - എന്ന വാചകം ഉരുവിട്ടാണ് ഇവർ സത്യപ്രതിജ്ഞ ചെയ്തത്. 
ഇതിനുശേഷം രാജാവിന് അഭിവാദ്യം അർപ്പിച്ച അംഗങ്ങൾ സൽമാൻ രാജാവ് നൽകിയ നിർദേശങ്ങൾ ശ്രവിക്കുകയും ചെയ്തു. കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി ഡോ. മുസാഅദ് അൽഈബാൻ എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ സംബന്ധിച്ചു.
 

Latest News