വടകര- വേളം ഗ്രാമ പഞ്ചായത്തിലെ കാക്കുനിയില്‍ വീട്ടു പറമ്പിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്ക്. പോലീസ് നടത്തിയ തെരച്ചിലില്‍ പൊട്ടാത്ത രണ്ട് ബോംബുകള്‍ കണ്ടെത്തി. ചൊവ്വാഴ്ച അര്‍ധരാത്രിക്ക് ശേഷം പറമ്പത്ത് അബ്ദുല്ല മുസ്‌ല്യാരുടെ വീട്ടു പറമ്പിലാണ് സ്‌ഫോടനം നടന്നത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. പറമ്പത്ത് സാലിഹ് (26), പറമ്പത്ത് മലയില്‍ മുനീര്‍ (22), കുളങ്ങര ഷംസീര്‍ (23) എന്നിവര്‍ക്കാണ് പരിക്ക്്. സാലിഹിന്റെ രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടതായും കാലിനും കണ്ണിനും പരിക്കുണ്ടെന്നും പോലീസ് പറഞ്ഞു. സ്‌ഫോടനം നടന്ന വിവരമിഞ്ഞ് കുറ്റിയാടി സി.ഐ സുനില്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടയിലാണ് രണ്ട് നാടന്‍ ബോംബുകള്‍ ലഭിച്ചത്. സാലിഹിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥലത്ത് നിന്ന് ബോംബിന്റെ അവശിഷ്ടങ്ങളും മറ്റും പോലീസ് കണ്ടെടുത്തു.
സംഭവത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് സി.പി.എം ചേരാപുരം ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. മേഖലയില്‍ സ്ഥിരമായി ബോംബ് നിര്‍മാണവും പരീക്ഷണവും നടന്നു വരികയാണെന്നും രാത്രി കാലങ്ങളില്‍ ചാലില്‍പാറ, തുലാറ്റുനട ഭാഗങ്ങളില്‍ സ്‌ഫോടനം നടക്കുന്നതായും കമ്മിറ്റി ആരോപിച്ചു. ഒരു മാസം മുമ്പ് ഇതിനടുത്ത് നിന്ന് ബോംബ് കണ്ടെടുത്തിരുന്നു.