സി. പി. എം കുടുംബാംഗമായിരിക്കുമ്പോഴും നേതാക്കളുടെ പ്രവർത്തന ശൈലികളോടും നയവ്യതിയാനങ്ങളോടുമുള്ള വിയോജിപ്പ് മറയില്ലാതെ പ്രകടിപ്പിക്കാൻ മടിക്കാതിരുന്ന സഖാവായിരുന്നു സൈമൺ ബ്രിട്ടോ. പാർട്ടിയുടെ തണലിൽ ഒതുങ്ങി നിൽക്കാതെ പുതിയ ആകാശങ്ങൾ തേടി പറക്കാൻ വെമ്പിയ മനസ്സ് ബ്രിട്ടോയ്ക്കുണ്ടായിരുന്നു. പാർട്ടിയിൽ വിഭാഗീയത കത്തിപ്പടർന്ന വേളയിൽ സി. പി. എമ്മിലെ ഒരു വിഭാഗത്തിന്റെ നോട്ടപ്പുള്ളിയായി പാർട്ടി സമ്മേളനത്തിൽ വടുതല ഏരിയാ കമ്മിറ്റിയിൽ മത്സരിച്ചു തോറ്റ അനുഭവവും ബ്രിട്ടോയ്ക്കുണ്ട്. എന്നാൽ നേതാക്കളുമായുള്ള കലഹങ്ങൾക്ക് പാർട്ടി എന്ന വികാരത്തെ കീഴ്‌പ്പെടുത്താൻ കഴിയാത്തതുകൊണ്ടു തന്നെ എന്നും അടിയുറച്ച സഖാവ് തന്നെയായിരുന്നു സൈമൺ ബ്രിട്ടോ.
ജീവിതത്തിലെ മടുപ്പ് മാറ്റുന്നതിന് പുതിയ അനുഭവങ്ങളിലൂടെ കടന്നു പോകാനുള്ള ആവേശം അദ്ദേഹത്തിൽ പ്രകടമായിരുന്നു. നെഞ്ചിന് താഴെ മുഴുവനായും തളർന്ന ശരീരവുമായി നാലു മാസം കൊണ്ട് ഭാരത പര്യടനം പൂർത്തിയാക്കിയ സൈമൺ ബ്രിട്ടോ മലയാളികൾക്ക് മുന്നിൽ വിസ്മയമായത് അടുത്ത കാലത്താണ്. പഠിക്കുന്ന കാലത്ത് പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോൾ കാണുന്ന ഇന്ത്യയുടെ വൈവിധ്യം നേരിട്ടു കാണണം എന്നാഗ്രഹിച്ച ബ്രിട്ടോ ഒരു സുപ്രഭാതത്തിൽ കുടുംബത്തെ പോലും ആശങ്കയുടെ മുൾമുനയിൽ നിർത്തി ഭാരത പര്യടനം തുടങ്ങുകയായിരുന്നു. വീടിന് മേൽക്കൂര പണിയാനായി സൂക്ഷിച്ച കാശുമായി യാത്ര തുടങ്ങിയ ബ്രിട്ടോ നന്ദിഗ്രാം, അജന്ത, അയോധ്യ, എല്ലോറ അങ്ങനെ അദ്ദേഹം കാണാനാഗ്രഹിച്ച സ്ഥലങ്ങൾ കണ്ടു. യു.പിയിലെ രാത്രികാല യാത്രകളെ ഒഴിവാക്കാൻ അവിടത്തെ രാഷ്ട്രീയ നേതാക്കളും സന്ന്യാസിമാരും ഉപദേശിച്ചപ്പോൾ മരണത്തെ ഭയമില്ലാത്തവർക്ക് രാത്രിയെന്നോ പകലെന്നോ ഇല്ല എന്നായിരുന്നു ബ്രിട്ടോ നൽകിയ മറുപടി. യു.പിയിലെ രണ്ട് രാത്രികൾ അദ്ദേഹം പകലാക്കി. പൊന്തക്കാടുകളും കായലുകളും അടങ്ങിയ ഒറീസയിലെ ചില ഗ്രാമങ്ങൾ കേരളത്തിന്റെ പകർപ്പാണെന്ന് അദ്ദേഹം പറയുന്നു. ആരാധനയോടെ കണ്ടിരുന്ന പശ്ചിമ ബംഗാളിലെ ജനങ്ങളുടെ ദരിദ്രാവസ്ഥ നേരിൽ കാണാനും കയ്ക്കുന്ന ചില യാഥാർഥ്യങ്ങൾ ബോധ്യപ്പെടാനും അദ്ദേഹത്തിനു കഴിഞ്ഞു.
അരയ്ക്കു താഴെ തളർന്ന ശരീരം യാത്രയിൽ പലപ്പോഴും തടസ്സമായി. പെരുമഴയത്തും 45 ഡിഗ്രി ചൂടിലുമായിരുന്നു യാത്രകൾ. ചില ദിവസങ്ങളിൽ അസുഖം അദ്ദേഹത്തെ വേട്ടയാടി. ഹോമിയോ - ആയുർവേദ മരുന്നുകൾ കൈവശം ഉണ്ടായിരുന്നതിനാൽ തളർന്നു വീഴാതെ മുന്നോട്ട് പോയി. ഭാരത പര്യടനം പൂർത്തിയാക്കുന്നതിനായി സൈമൺ ബ്രിട്ടോയ്ക്ക് എട്ടു ഡ്രൈവർമാരെ ആശ്രയിക്കേണ്ടിവന്നു. ഓരോ സ്ഥലങ്ങളിൽ നിന്നുമായി പുതിയ ഡ്രൈവർ. കൈ സഹായത്തിന് ആളില്ലാത്ത സന്ദർഭത്തിൽ അദ്ദേഹത്തെ സഹായിക്കാൻ മാവോയിസ്റ്റുകൾ വരെ എത്തി. വീൽ ചെയറിലിരുത്തി കൃത്യസ്ഥലത്ത് അദ്ദേഹത്തെ എത്തിച്ചു. രാത്രികളിൽ പല സ്ഥലങ്ങളിലായി കിടന്നുറങ്ങി. പലരെയും കണ്ടുമുട്ടി, സുഹൃത്തുക്കളായി. മനോധൈര്യവും ആത്മവിശ്വാസവും മാത്രം മുറുകെ പിടിച്ച് സൈമൺ ബ്രിട്ടോ നാലര മാസത്തെ ഭാരത പര്യടനത്തിലൂടെ മറക്കാനാവാത്ത ഒരുപാട് നിമിഷങ്ങളാണ് സ്വന്തമാക്കിയത്.
കമ്യൂണിസ്റ്റുകാർ സഞ്ചരിക്കാത്ത മറ്റൊരു വഴിയിലൂടെയും അദ്ദേഹം സഞ്ചരിച്ചു, പ്രകൃതി ജീവനമായിരുന്നു അത്. സി. പി. എമ്മുമായി അടുത്ത കാലത്ത് ഏറ്റുമുട്ടിയ ഡോ. ജേക്കബ് വടക്കുഞ്ചേരിയാണ് ബ്രിട്ടോയെ പ്രകൃതി ജീവനത്തിന്റെ വഴിയിലേക്ക് കൊണ്ടു വന്നത്. അലോപ്പതി മരുന്നിന്റെ മടുപ്പിൽ നിന്നും മരവിപ്പിൽ നിന്നും രക്ഷിച്ച് ബ്രിട്ടോയ്ക്ക് പുതിയ പ്രതീക്ഷകൾ പകർന്നു നൽകിയത് ഡോ. വടക്കുംചേരിയുടെ പ്രകൃതി ചികിൽസയായിരുന്നു. ഡോ. വടക്കുംചേരിയുടെ പ്രകൃതി ചികിത്സാ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ബ്രിട്ടോ. പ്രകൃതി ജീവനം അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിമറിച്ചു. അരയ്ക്ക് താഴ്വശം തളർന്ന് കിടക്കാൻ വിധിക്കപ്പെടുന്നവരെ ബാധിക്കുന്ന ദുരന്തമാണ് സെപ്ടിസീമിയ എന്ന അവസ്ഥ. ചലന ശേഷിയില്ലാത്തതുകൊണ്ട് ശരീരത്തിന്റെ മെറ്റബോളിക് ആക്ടിവിറ്റി കുറയുന്നതു മൂലം കോശങ്ങളിലുണ്ടാകുന്ന വിഷമാവസ്ഥയാണ് സെപ്ടിസീമിയ.
കോശങ്ങളിൽ രക്ത ചംക്രമണത്തിലൂടെ പ്രാണവായു എത്തുമ്പോഴാണ് വിഷവസ്തുക്കളെ പുറംതള്ളുന്ന പ്രക്രിയ സാധാരണ മനുഷ്യരിൽ നടക്കുന്നത്. കിടപ്പുരോഗിയിൽ ഈ പ്രക്രിയ കുറഞ്ഞ നിലയിലാണ് നടക്കുക. ഈ അവസ്ഥയെ എങ്ങനെ തരണം ചെയ്യാം എന്ന അന്വേഷണത്തിലാണ് പ്രകൃതി ജീവനത്തിൽ എത്തിച്ചേർന്നത്. മത്സ്യമാംസാദികൾ ത്യജിച്ച് പ്രകൃതിയോട് ഇണങ്ങി ശരീരത്തിന് ആവശ്യത്തിന് പോഷകം നൽകുന്ന ഭക്ഷണക്രമമാണ് ഡോ. വടക്കുംചേരി നിർദേശിച്ചത്. അത്ഭുതകരമായിരുന്നു ഇതിന്റെ ഫലം. കിടപ്പുരോഗികളുടെ ആയുസ്സും ആരോഗ്യവും പ്രസന്നതയും സന്തുഷ്ടിയും വർധിപ്പിക്കാൻ പ്രകൃതിജീവനത്തിന് കഴിയുമെന്ന് അനുഭവത്തിലൂടെ ബ്രിട്ടോ വ്യക്തമാക്കുന്നു.
ജീവിതവുമായുള്ള പോരാട്ടത്തിൽ പുതിയ പല വഴികളിലൂടെ സഞ്ചരിച്ചെങ്കിലും ചെങ്കൊടി നെഞ്ചേറ്റിയ ഈ സഖാവ് മരണം വരെ പാർട്ടിയെയായിരുന്നു തന്നേക്കാൾ വലുതായി കണ്ടത്.