Sorry, you need to enable JavaScript to visit this website.

അതിശയിപ്പിച്ച്‌ വനിതാമതിൽ

തിരുവനന്തപുരം- അതിശയിപ്പിക്കുന്ന ജനപങ്കാളിത്തവുമായി കേരളത്തിൽ വനിതാ മതിൽ. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടി കേരളത്തിന്റെ ഒരറ്റം മുതൽ മറ്റേയറ്റം വരെ തീർത്ത മതിലിൽ പതിനായിരകണക്കിന് സ്ത്രീകൾ പങ്കെടുത്തു. മുഴുവൻ വിഭാഗത്തിൽനിന്നുള്ളവരും മതിലിൽ അണിനിരന്നു. വനിതാ മതിലിന്റെ ആദ്യ കണ്ണിയായത് മന്ത്രി കെ.കെ.ശൈലജ ടീച്ചർ കാസർക്കോട്ടായിരുന്നു ശൈലജ ടീച്ചർ കണ്ണിയായത്. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. റോഡിന്റെ ഇടതു വശത്താണ് മതിൽ തീർത്തത്. ഇതിന് സമാന്തരമായി പുരുഷൻമാരുടെ മതിലും തീർത്തു.  
വൈകിട്ട് മൂന്നു മണിയോടെ വനിതകൾ നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലെത്തി. 3.30ന് ട്രയൽ നടന്നു. നാലു മണിക്ക് വനിതാ മതിൽ തീർത്തു. കാസർകോട് പുതിയ ബസ് സ്റ്റാൻഡിലാണ് മന്ത്രി ശൈലജ ടീച്ചർ ചേർന്നത്. കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരം മുതൽ കാലിക്കടവ് വരെ 44 കിലോ മീറ്ററാണ് കാസർകോട്ട് മതിൽ ഉയർന്നത്. ഇവിടെ നടക്കുന്ന പൊതുസമ്മേളനത്തിൽ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ പങ്കെടുത്തു. ബൃന്ദാ കാരാട്ട് തിരുവനന്തപുരം വെള്ളയമ്പലത്താണ് മതിലിന്റെ ഭാഗമായി. 
ആദിവാസി സാമൂഹിക പ്രവർത്തക സി.കെ.ജാനു കുളപ്പുള്ളിയിൽ പങ്കെടുത്തു. പി.കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകൾ ശ്രീലക്ഷ്മി ആലപ്പുഴയിൽ മതിലിൽ പങ്കാളിയായി.. വയലാറിന്റെ മകൾ ബി.സിന്ധുവും മകൾ എസ്.മീനാക്ഷിയും ചാലക്കുടിയിൽ മതിലിന്റെ ഭാഗമായി. വയലാറിന്റെ മറ്റൊരു ചെറുമകൾ രേവതി സി.വർമയും മതിലിൽ അണിനിരന്നു. സുശീലാ ഗോപാലന്റെ സഹോദരിയും ചീരപ്പൻചിറ കുടുംബാംഗവുമായ സരോജിനി മാരാരിക്കുളത്ത് അണി ചേÀ¶p.  
കണ്ണൂരിൽ കാലിക്കടവ് മുതൽ മാഹി വരെ 82 കിലോമീറ്ററാണ് മതിൽ. ഡോ.ആരിഫ കെ.സി, സീതാദേവി കരിയാട്ട്, സുകന്യ എന്നിവർ കണ്ണൂരിൽ മതിലിന്റെ ഭാഗമായി. കോഴിക്കോട് അഴിയൂർ മുതൽ വൈദ്യരങ്ങാടി വരെ 76 കി.മീറ്റർ മതിൽ നിരന്നു. കെ.അജിത, പി.വത്സല, ദീദി ദാമോദരൻ, കെ.പി.സുധീര, വി.പി.സുഹറ, ഖദീജ മുംതാസ്, വിജി പെൺകൂട്ട് എന്നിവർ അണി ചേർന്നു. 
മലപ്പുറത്ത് ഐക്കരപ്പടി മുതൽ പെരിന്തൽമണ്ണ വരെ 55 കി.മീറ്ററാണ് മതിൽ. മന്ത്രി കെ.ടി ജലീൽ പൊതുയോഗത്തിൽ പങ്കെടുത്തു. പാലക്കാട് ജില്ലയിൽ ചെറുതുരുത്തി മുതൽ പുലാമന്തോൾ വരെ 26 കി.മീറ്ററാണ് മതിൽ. 
തൃശൂരിൽ ചെറുതുരുത്തി മുതൽ പൊങ്ങം വരെ 73 കി.മീ മതിൽ തീർത്തു. പുഷ്പവതി, ലളിത ലെനിൻ, ട്രാൻസ്‌വിമൻ വിജയരാജ മല്ലിക എന്നിവർ തൃശൂരിൽ മതിലിന്റെ ഭാഗമായി. 
എറണാകുളം ജില്ലയിൽ പൊങ്ങം മുതൽ അരൂർ വരെ 49 കി.മീറ്ററിൽ മതിലുയരും. ആലപ്പുഴ ജില്ലയിൽ അരൂർ മുതൽ ഓച്ചിറ വരെ 97 കി.മീറ്ററാണ് ഒരുക്കിയത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പത്‌നി പ്രീതി നടേശൻ പാതിരപ്പള്ളിയിൽ മതിലിന്റെ ഭാഗമായി. കൊല്ലം ജില്ലയിൽ രാധാ കാക്കനാടൻ, വിജയകുമാരി, ജയകുമാരി എന്നിവർ അണി നിരന്നു. തിരുവനന്തപുരം ജില്ലയിൽ 44 കിലോമീറ്ററാണ് മതിൽ. വെള്ളയമ്പലത്ത്  പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമറിയിച്ചു. 

Latest News