Sorry, you need to enable JavaScript to visit this website.

ഭക്ഷ്യവസ്തുക്കളിലെ  കലോറി വെളിപ്പെടുത്തൽ  ഇന്നു മുതൽ നിർബന്ധം

റിയാദ് - ഭക്ഷണ പാനീയങ്ങളിൽ അടങ്ങിയ കലോറി ഉപയോക്താക്കൾക്കു മുന്നിൽ വെളിപ്പെടുത്തണമെന്ന വ്യവസ്ഥ ഇന്ന് മുതൽ സൗദിയിൽ നിർബന്ധമാക്കും. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച്  മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയമാണ് പദ്ധതി നടപ്പാക്കുന്നത്. റസ്റ്റോറന്റുകൾ, കോഫി ഷോപ്പുകൾ, ഐസ്‌ക്രീം കടകൾ, ബേക്കറികൾ, പലഹാര കടകൾ, ഫ്രഷ് ജ്യൂസ് കടകൾ, അമ്യൂസ്‌മെന്റ് പാർക്കുകളിലെയും യൂനിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും സർക്കാർ ഓഫീസുകളിലെയും കാന്റീനുകൾ എന്നിവിടങ്ങളിലെല്ലാം വിൽപന നടത്തുന്ന ഭക്ഷ്യവസ്തുക്കളിലെ കലോറി രേഖപ്പെടുത്തണം. 
കലോറി വെളിപ്പെടുത്തൽ വ്യവസ്ഥ പാലിക്കുന്നതിന് നേരത്തെ മൂന്നു മാസത്തെ സാവകാശം നൽകിയിരുന്നു. ഇത് ഇന്നലെ അവസാനിച്ചു. ഭക്ഷണങ്ങൾക്കൊപ്പം വിതരണം ചെയ്യുന്ന ഐസ്‌ക്രീം, ശീതളപാനീയങ്ങൾ, സോസുകൾ, കേക്കുകൾ അടക്കമുള്ള വസ്തുക്കളിലെ കലോറികളും വെളിപ്പെടുത്തൽ നിർബന്ധമാണ്. 
വ്യവസ്ഥ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ഇന്നു മുതൽ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഭക്ഷണപാനീയങ്ങളുടെ മെനു പട്ടികയിൽതന്നെ ഓരോ ഭക്ഷണ പാനീയങ്ങളിലും അടങ്ങിയ കലോറി രേഖപ്പെടുത്തിയിരിക്കണം. കൂടാതെ സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരു ദിവസം ആവശ്യമായ കാലറിയും മെനു പട്ടികയിൽ വിശദീകരിച്ചിരിക്കണം. ആവശ്യമെങ്കിൽ ഭക്ഷണ പാനീയങ്ങളുമായി ബന്ധപ്പെട്ട അധിക പോഷക വിവരങ്ങൾ ലഭ്യമാണ് എന്ന വാചകവും മെനു പട്ടികയിൽ രേഖപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ഈ വിവരങ്ങളെല്ലാം സ്ഥാപനങ്ങൾക്കകത്ത് സൂക്ഷിച്ചിരിക്കണം. 
മെനു പട്ടികയിൽ കലോറി വിവരങ്ങളും സ്ത്രീകൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒരു ദിവസം ആവശ്യമായ കലോറിയുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പറഞ്ഞു. കലോറിയുമായി ബന്ധപ്പെട്ട് മെനു പട്ടികയിൽ രേഖപ്പെടുത്തിയ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിന്റെ ചുമതല സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിക്കാണ്. മെനു പട്ടികയിൽ കലോറി വിവരങ്ങൾ വെളിപ്പെടുത്താത്ത സ്ഥാപനങ്ങൾക്കെതിരെ പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കും. 
ഭക്ഷണങ്ങളിലെ ചേരുവകളും കലോറിയും രേഖപ്പെടുത്തിയ പോസ്റ്ററുകൾ ഉപയോക്താക്കൾക്ക് എളുപ്പത്തിൽ കാണത്തക്കവിധം പതിക്കുന്നതിന് ഫാസ്റ്റ്ഫുഡ് റെസ്റ്റോറന്റുകളെ നിർബന്ധിക്കുന്നതിന് മുനിസിപ്പൽ മന്ത്രാലയം, സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി, വാണിജ്യ മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, കിംഗ് അബ്ദുൽ അസീസ് സിറ്റി ഫോർ സയൻസ് ആന്റ് ടെക്‌നോളജി, കൺട്രോൾ ആന്റ് ഇൻവെസ്റ്റിഗേഷൻ ബോർഡ് എന്നീ ഏഴു സർക്കാർ വകുപ്പുകൾ അടങ്ങിയ പ്രത്യേക കമ്മിറ്റി നേരത്തെ ശുപാർശ ചെയ്തിരുന്നു. ഇതിന് അനുസൃതമായിട്ടാണ് ഭക്ഷണപാനീയങ്ങളിൽ അടങ്ങിയ കലോറി ഉപയോക്താക്കൾക്കു മുന്നിൽ റെസ്റ്റോറന്റുകളും കോഫിഷോപ്പുകളും ഐസ്‌ക്രീം കടകളും ബേക്കറികളും പലഹാര കടകളും ഫ്രഷ് ജ്യൂസ് കടകളും വെളിപ്പെടുത്തണമെന്ന വ്യവസ്ഥ മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം നിർബന്ധമാക്കുന്നത്. മെനു പട്ടികയിൽ കലോറി വിവരങ്ങൾ വെളിപ്പെടുത്തുന്നതിന് നിർബന്ധിക്കുന്ന തീരുമാനത്തിന്റെ ലക്ഷ്യങ്ങളെ കുറിച്ച് റെസ്റ്റോറന്റ് ഉടമകളെ അറിയിക്കുന്നതിന് സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റിയുമായി സഹകരിച്ച് മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പ്രധാന നഗരങ്ങളിൽ ശിൽപശാലകൾ സംഘടിപ്പിച്ചിരുന്നു. കലോറി വിവരങ്ങൾ വെളിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട പ്രധാന സാങ്കേതിക വശങ്ങളെ കുറിച്ച് അറിയിക്കുന്നതിന് നഗരസഭകളിലെ ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കും ശിൽപശാലകൾ സംഘടിപ്പിച്ചിട്ടുണ്ട്. കലോറി കുറഞ്ഞ, അനുയോജ്യമായ ഭക്ഷണ പാനീയങ്ങൾ തെരഞ്ഞെടുക്കുന്നതിന് പുതിയ വ്യവസ്ഥ ഉപയോക്താക്കളെ സഹായിക്കും.
 

Latest News