ഇടുക്കി- ദുരൂഹ സാഹചര്യത്തില്‍ വീട്ടമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് പോലീസ് കസ്റ്റഡിയില്‍. ഏലപ്പാറ ചെമ്മണ്ണ് മൊട്ടലയത്തില്‍ ഷേര്‍ലി(27)യാണ് മരിച്ചത്. കുടുംബ കലഹത്തെ തുടര്‍ന്നുളള കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് ജഡം കണ്ടത്.
ഷേര്‍ലിയും ഭര്‍ത്താവ് ഭാഗ്യരാജും വാഗമണ്‍ കണ്ണംകുളത്ത് നിന്ന് ചെമ്മണ്ണിലെത്തിയിട്ട് ആറ് മാസം കഴിഞ്ഞതേയുള്ളൂ. ഭാഗ്യരാജ് വാഗമണിലെ ഓട്ടോ ഡ്രൈവര്‍ ആണ്. കഴിഞ്ഞ സെപ്റ്റംബര്‍ ഏഴിന് ഷേര്‍ലിയെ കൊല ചെയ്യാന്‍ ശ്രമിച്ചിരുന്നു. കഴുത്തിന് മുറിവേറ്റ ഷേര്‍ലി ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇതേതുടര്‍ന്ന് ശാരീരിക വൈകല്യം കാരണം ലയത്തിനുള്ളില്‍ തന്നെ കഴിയുകയായിരുന്നു. സ്ഥിരം മദ്യപാനിയായ ഭാഗ്യരാജ് ഇന്നലെ രാത്രിയിലും മദ്യപിച്ച് ലയത്തിലെത്തി കഴുത്തിന് കുത്തിപ്പിടിച്ച് കൊല ചെയ്യാന്‍ ശ്രമം നടത്തിയിരുന്നതായി പ്രദേശവാസികള്‍ പോലീസില്‍ മൊഴി നല്‍കിയിയിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ ശ്രമം ഉപേക്ഷിച്ചു. സമീപത്തെ ലയങ്ങളില്‍ നിന്ന് തൊഴിലാളികള്‍ പണിക്ക് പോയ സമയത്ത് ലയത്തിലെ നടുമുറിയിലിട്ട് കൊലപ്പെടുത്തിയെന്നാണ് പ്രദേശ വാസികള്‍ക്ക് സംശയം. കഴുത്തില്‍ സാരി കെട്ടി അടുക്കളയിലാണ് കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കാണാനായത്. തൊഴിലാളികള്‍ ഉച്ചഭക്ഷണത്തിന് വന്നപ്പോഴാണ്
മൃതദേഹം കണ്ടത്. ഭാഗ്യരാജിനെ ഏലപ്പാറയില്‍ വെച്ച് നാട്ടുകാരും ഓട്ടോ ഡ്രൈവര്‍മാരും ചേര്‍ന്ന് തടഞ്ഞ് വെച്ച് പോലീസില്‍ ഏല്‍പിക്കുകയായിരുന്നു. കട്ടപ്പന ഡിവൈ.എസ്.പി എന്‍.സി രാജ്മോഹന്‍, സി.ഐ അനില്‍കുമാര്‍, പീരുമേട് എസ്.ഐ സുരേഷ്‌കുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചു.