Sorry, you need to enable JavaScript to visit this website.

പറയാൻ ബാക്കിവെച്ച് സൈമൺ പോയതിന്റെ ആഘാതത്തിൽ ഷീബാ അമീർ 

പറയാൻ ബാക്കി വെച്ചു കടന്നു പോയ സഖാവ്... സൈമൺ ബ്രിട്ടോ പങ്കെടുത്ത അവസാന ചടങ്ങ്. തൃശൂരിലെ സൊലെയ്‌സ് ജീവകാരുണ്യ പരിപാടിക്കിടെ. കെ.വി അബ്ദുൽ ഖാദർ എം.എൽ.എ, ഷീബാ അമീർ തുടങ്ങിയവർ സമീപം 

തൃശൂർ - മരണത്തിലേക്ക് ചേർന്നലിയും മുൻപ് സൈമൺ ബ്രിട്ടോ സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയും സൊലസ് എന്ന സന്നദ്ധ സംഘടനയുടെ അമരക്കാരിയുമായ ഷീബാ അമീറിനോട് എന്തോ പറയാൻ ആഗ്രഹിച്ചിരുന്നു. ഷീബയെ വൈകീട്ട് നാലിന് വിളിക്കണമെന്ന് ഒപ്പമുണ്ടായിരുന്ന അജിതാ കല്യാണിയോട് പറഞ്ഞിരുന്നുവെങ്കിലും നമ്പർ കിട്ടാത്തതുകൊണ്ട് അത് നടന്നില്ല. അൽപസമയത്തിനകം സൈമൺ ബ്രിട്ടോ ഈ ലോകത്ത് നിന്ന് യാത്രയാവുകയും ചെയ്തു. പിന്നീട് ദയ ആശുപത്രിയിലെ മൃതദേഹത്തിനരികിൽ നിൽക്കുമ്പോഴാണ് സൈമൺ വിളിച്ച് എന്തോ പറയാൻ ആഗ്രഹിച്ചിരുന്നതായി അജിത ഷീബയോട് പറയുന്നത്. 
അതെന്തായിരുന്നുവെന്ന് സൈമണ് മാത്രമേ അറിയുമായിരുന്നുള്ളു.
കഴിഞ്ഞ ദിവസം തൃശൂർ ഡി.ബി.സി.എൽ.സി ഹാളിൽ നടന്ന സൊലസിന്റെ പന്ത്രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള സൗഹൃദസായാഹ്നമായ സ്‌നേഹാർദ്രമായ്.. എന്ന പരിപാടി കാണാൻ സൈമൺ ബ്രിട്ടോ എത്തിയിരുന്നു. തൃശൂരിൽ എഴുത്തുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ താമസിക്കുന്നതിനിടെയാണ് അദ്ദേഹം സ്‌നേഹാർദ്രമായ് എന്ന പരിപാടിക്കെത്തിയത്.
മുകൾ നിലയിലാണ് പരിപാടി എന്നറിഞ്ഞപ്പോൾ പ്രോഗ്രാമുകൾ താഴത്തെ നിലയിലാക്കണമെന്ന നിർദ്ദേശം സൈമൺ മുന്നോട്ടുവെച്ചിരുന്നു. സൊലസിന്റെ വളണ്ടിയർമാർ സൈമൺ ബ്രിട്ടോയെ വീൽചെയറോടെ ഡി.ബി.സി. എൽ.സി ഹാളിന്റെ മുകൾ നിലയിലേക്ക് എടുത്തുകൊണ്ടുവന്നു. വീൽചെയറിൽനിന്ന് മാറി കസേരയിലേക്ക് ഇരിക്കണോ എന്ന് ഷീബ അമീർ അടക്കമുള്ളവർ ചോദിച്ചപ്പോൾ വേണ്ടെന്നും വീൽചെയറിലിരുന്ന് പരിപാടി ആസ്വദിച്ചോളാമെന്നുമായിരുന്നു മറുപടി. ഇടക്കിടെ സംഘാടകരും ഷീബ അമീറുമെത്തി ബുദ്ധിമുട്ടുകളുണ്ടെങ്കിൽ കസേരയിലേക്ക് മാറിയിരിക്കാമെന്ന് പറഞ്ഞപ്പോൾ നിങ്ങൾ പരിപാടിയുമായി മുന്നോട്ടുപോയ്‌ക്കോളൂ എനിക്ക് പ്രശ്‌നങ്ങളില്ലെന്നായിരുന്നു സൈമൺ ബ്രിട്ടോയുടെ മറുപടി.
പരിപാടിയുടെ ഭാഗമായുള്ള ഗസൽ ഖവാലി സൂഫി ഗീതങ്ങൾ വീൽചെയറിലിരുന്ന് സൈമൺ നന്നായി ആസ്വദിച്ചിരുന്നുവെന്ന് ഷീബ അമീർ ഓർക്കുന്നു. ചില പാട്ടുകൾ പാടണമെന്ന് ഗായകരോട് ആവശ്യപ്പെടുകയും ഖവാലിക്കൊപ്പം വീൽചെയറിലിരുന്ന് കൈകൾ വീശി ആവേശത്തോടെ അതിൽ ലയിച്ചു ചേരുകയും ചെയ്തിരുന്നുവത്രെ സൈമൺ ബ്രിട്ടോ. ഇത്രയധികം നേരം വീൽചെയറിൽ തുടർച്ചയായി ഇരിക്കുന്നതിനെക്കുറിച്ച് തങ്ങൾക്ക് ആശങ്കയുണ്ടായിരുന്നുവെങ്കിലും സൈമൺ ബ്രിട്ടോ അതൊന്നും കാര്യമാക്കിയില്ലെന്നും ഗിത്താറിസ്റ്റ് പോൾസണേയും ഗസൽ ഗായകൻ ഉമ്പായിയുടെ മകനേയുമൊക്കെ വിളിച്ച് സംസാരിച്ച് സൗഹൃദം പങ്കിട്ടിരുന്നുവെന്നും ഷീബ അമീർ പറഞ്ഞു. ഉമ്പായിയുടെ മകനുമായി ഏറെനേരം സംഗീതത്തെക്കുറിച്ചായിരുന്നു സൈമൺ ബ്രിട്ടോയുടെ വർത്തമാനം. 
പരിപാടിയെല്ലാം കഴിഞ്ഞ് എല്ലാവരും പോയശേഷമായിരുന്നുവത്രെ സൈമൺ ബ്രിട്ടോ മടങ്ങിയത്. പരിപാടിയിൽ പ്രസംഗിക്കാൻ വിളിച്ചപ്പോൾ ഇല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞിരുന്നു. അഞ്ചുമണിക്കൂറോളം പരിപാടിയിൽ ചെലവിട്ടു. തുടർന്ന് ഇന്നലെ ഷീബ അമീറിനെ വൈകീട്ട് നാലിന് വിളിക്കണമെന്ന് പറഞ്ഞിരുന്നുവെങ്കിലും വിളിക്കാൻ സാധിച്ചില്ല.
എന്തായിരുന്നു സൈമൺ ബ്രിട്ടോയ്ക്ക് പറയാനുണ്ടായിരുന്നതെന്ന് ഷീബ അമീറിന് പിടികിട്ടുന്നില്ല. പന്ത്രണ്ടാം വാർഷികത്തെക്കുറിച്ചായിരിക്കുമോ എന്ന് ചോദിച്ചപ്പോൾ അതെക്കുറിച്ച് ഒന്നും പറയാൻ സാധ്യതയില്ലെന്നും അത് ഏറെ ആസ്വദിച്ചാണ് സൈമൺ ബ്രിട്ടോ പോയതെന്നും സൊലസിനെക്കുറിച്ച് എന്തെങ്കിലും ചോദിക്കാനോ പറയാനോ ആയിരിക്കുമെന്നും ഷീബ അമീർ ഊഹിക്കുന്നു.
ദയ ആശുപത്രിയിൽ സ്‌ട്രെച്ചറിൽ കിടത്തിയ മൃതദേഹത്തിനരികെ നിന്ന് നിറകണ്ണുകളോടെ ഷീബ അമീർ സൈമൺ ബ്രിട്ടോയോട് നിശ്ശബ്ദം ചോദിച്ചു - എന്തായിരുന്നു എന്നോട് പറയാനുണ്ടായിരുന്നത്.......എന്താണ് പറയാതെ പോയത്?

 

Latest News