തിരുവനന്തപുരം - തിരുവനന്തപുരം ജില്ലയിലെ വർക്കല, ചാവർകോട് സി.എച്ച്.എം.എം കോളേജിനെ സംബന്ധിച്ച് സമൂഹത്തിൽ മതസ്പർദ്ധ വളർത്തുന്നതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ച ജന്മഭൂമി ദിനപത്രത്തിനും ജനം ടി.വി ചാനലിനുമെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ, ജില്ലാ പോലീസ് മേധാവി പി. അശോക് കുമാർ, അയിരൂർ പോലീസ് ഹെഡ് സ്‌റ്റേഷൻ ഓഫീസർ എന്നിവർക്ക് എസ്.ഐ.ഒ പരാതി സമർപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി ബിനാസ്. ടി.എ നൽകിയ പരാതിയിൽ കോളേജിൽ അൽ ഖാഇദ, ഐ.എസ് തുടങ്ങിയ നിരോധിത സംഘടനകൾ പ്രകടനം നടത്തിയെന്നും കോളേജ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകുന്നുവെന്നും പറഞ്ഞുകൊണ്ടുള്ള വ്യാജ റിപ്പോർട്ടുകൾ ഇസ്‌ലാം മതവിശ്വാസികളെ മുറിപ്പെടുത്തുന്നതും മുസ്‌ലിം സമുദായത്തെക്കുറിച്ച് ഇതര വിശ്വാസികളിൽ തെറ്റിദ്ധാരണ പരത്തുന്നതുമാണെന്ന് അഭിപ്രായപ്പെട്ടു. കോളേജിലെ മുസ്‌ലിം വിദ്യാർത്ഥികളുടെ ജീവന് തന്നെ ഭീഷണിയാകുന്ന വിധത്തിൽ മതസ്പർദ്ധ വളർത്താനും കലാപം സൃഷ്ടിക്കാനും ലക്ഷ്യം വെച്ച് കൊണ്ടുള്ള ഈ വ്യാജ വാർത്ത പടച്ചുവിട്ട പത്രമാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റർക്കും റിപ്പോർട്ടർക്കുമെതിരെ തക്കതായ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.