റിയാദ് - ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളിൽ രോഗികൾക്ക് പരിചരണം നൽകുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും മാനദണ്ഡങ്ങളും പാലിക്കുന്നതിൽ വീഴ്ചകൾ വരുത്തുന്നവർക്ക് തടവും പിഴയും ലഭിക്കുമെന്ന് ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി.
അത്യാഹിത വിഭാഗങ്ങളിലെ നിയമ ലംഘനങ്ങളെ കുറിച്ച് ബോധവൽക്കരിക്കുന്ന കാമ്പയിന് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടു. അണുബാധാ നിയന്ത്രണ വ്യവസ്ഥകൾ നടപ്പാക്കുന്നതിൽ വീഴ്ചകൾ വരുത്തൽ, ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്ക് ലൈസൻസില്ലാതിരിക്കൽ, ലൈസൻസ് കാലാവധി അവസാനിക്കൽ, മിനിമം എണ്ണം ജീവനക്കാരില്ലാതിരിക്കൽ, സജ്ജീകരണങ്ങളുടെയും മരുന്നുകളുടെയും കുറവ്, പൂർണ സജ്ജീകരണങ്ങളോടു കൂടിയ ഐസൊലേഷൻ വാർഡ് ഇല്ലാതിരിക്കൽ, ആംബുലൻസ് ഇല്ലാതിരിക്കൽ, ആംബുലൻസ് അനുയോജ്യമായ അവസ്ഥയിലല്ലാതിരിക്കൽ എന്നിവ അത്യാഹിത വിഭാഗങ്ങളിൽ നടക്കാനിടയുള്ള പ്രധാന നിയമ ലംഘനങ്ങളായി ആരോഗ്യ മന്ത്രാലയം എണ്ണി.
നിയമ ലംഘനങ്ങൾക്ക് ആരോഗ്യ പ്രവർത്തകർക്ക് ആറു മാസം വരെ തടവും ഒരു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. ആശുപത്രികൾക്കും ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്തും. ആരോഗ്യ പ്രവർത്തകരുടെ ലൈസൻസ് റദ്ദാക്കുമെന്നും ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആരോഗ്യ സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെ കുറിച്ച് 937 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം എല്ലാവരോടും ആവശ്യപ്പെട്ടു.