Sorry, you need to enable JavaScript to visit this website.

വനിതാ മതിലിന് നേരെ ആക്രമണമുണ്ടായേക്കുമെന്ന്  ഇന്റലിജൻസ് റിപ്പോർട്ട് 

കോഴിക്കോട്- ഇന്ന് സംസ്ഥാനത്ത് നടക്കുന്ന വനിതാ മതിലിന് സംഘ് പരിവാർ അടക്കമുള്ള സംഘടനകളിൽ നിന്ന് നേരെ ആക്രമണമുണ്ടായേക്കാമെന്ന്  പോലീസ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇന്നലെ മുതൽ സംസ്ഥാന പോലീസ് രഹസ്യാന്വേഷണ വിഭാഗവും ജില്ലാ തലങ്ങളിലെ സ്‌പെഷ്യൽ സെല്ലുകളും നിരീക്ഷണം ശക്തമാക്കി. എന്നാൽ ഇത്തരമൊരു ഭീഷണിയുടെ ആവശ്യമില്ലെന്നാണ് ബി.ജെ.പി വൃത്തങ്ങൾ പറയുന്നത്. വനിതാ മതിൽ ആക്രമിക്കുമെന്ന രീതിയിലുള്ള പ്രചാരണം അടിസ്ഥാനമില്ലാത്തതാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ.് ശ്രീധരൻ പിള്ള കോഴിക്കോട് പറഞ്ഞു.ബി.ജെ.പി അക്രമത്തിന് ആഹ്വാനം ചെയ്യാറില്ല. എന്നാൽ രണ്ടു തരം നീതിയാണ് സർക്കാർ ഇപ്പോൾ നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന്റെ നടപടികൾ അപകടം വിളിച്ചു വരുത്തും. കേരളത്തെ നശിപ്പിക്കുകയെന്ന ലക്ഷ്യവുമായാണോ സംസ്ഥാന ഭരണകൂടം പ്രവർത്തിക്കുന്നതെന്ന് തോന്നിപ്പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
26 ന് സംഘടിപ്പിച്ച അയ്യപ്പ ജ്യോതിയിൽ പങ്കെടുത്ത ബി.ജെ.പി സംസ്ഥാന നേതാക്കളുൾപ്പെടെയുള്ള 1500 ഓളം പേർക്കെതിരെ പോലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് ശ്രീധരൻ പിള്ളയുടെ പ്രതികരണം. മാർഗ തടസ്സം സൃഷ്ടിക്കൽ, അനധികൃതമായി സംഘം ചേരൽ തുടങ്ങിയവയാണ് പോലീസ് ചാർജ് ചെയ്തിരിക്കുന്നത്.
അയ്യപ്പ ജ്യോതിക്കെതിരെ വടക്കൻ ജില്ലകളിലെ പല ഭാഗത്തും ആക്രമണമുണ്ടായിരുന്നു. സ്വാഭാവികമായും ഇതിന്റെ പ്രതികരണം ഇന്ന് വനിതാ മതിലിന് നേരെ ഉണ്ടായേക്കുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.
സംസ്ഥാനത്ത് കൂടുതൽ ആക്രമണ സാധ്യതയുള്ളവയായി മൂന്ന് പോലീസ് സൂപ്രണ്ട് പരിധികളാണ് സ്‌പെഷ്യൽ ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കോഴിക്കോട് റൂറൽ, കണ്ണൂർ, കാസർകോട് എന്നിവയാണ് അത്. ഇവിടങ്ങളിലെല്ലാം രണ്ട് ദിവസമായി സ്‌പെഷ്യൽ ബ്രാഞ്ചിന്റെ കൂടുതൽ നിരീക്ഷണമുണ്ട്.
ഇതിൽ തന്നെ കാസർകോട്ടെ ഓണക്കുന്നം, ആണൂർ, മഞ്ചേശ്വരം, ആദൂർ, ബേക്കർ, അമ്പലത്തറ, കോത്തായിമുക്ക്, അന്നൂർ, സെയ്താൻ പള്ളി, കോഴിക്കോട് ജില്ലയിലെ അഴിയൂർ, പയ്യോളി തുടങ്ങിയ പ്രദേശങ്ങളിൽ ബേക്കൽ പോലീസ് കൂടുതൽ ജാഗരൂകരായിരിക്കണമെന്നാണ് സ്‌പെഷ്യൽ ബ്രാഞ്ചിന്റെ നിർദേശം. 
 

Latest News