റിയാദ് - ഈ വർഷം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ വ്യാപാര സ്ഥാപനങ്ങളിലെ പോയന്റ് ഓഫ് സെയിൽ (സൈ്വപിംഗ് മെഷീൻ-മദ) ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകൾ 20,998 കോടി റിയാൽ കവിഞ്ഞതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി കണക്ക്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളിലെ ഇടപാടുകൾ 18,025 കോടി റിയാലായിരുന്നു.
സൈ്വപിംഗ് മെഷീൻ ഇടപാടുകളിൽ റെക്കോർഡ് വർധനവാണ് ഈ വർഷം രേഖപ്പെടുത്തിയത്. പതിനൊന്നു മാസത്തിനിടെ സൈ്വപിംഗ് മെഷീൻ ഇടപാടുകളിൽ 16.5 ശതമാനം വർധന രേഖപ്പെടുത്തി. ഈ കൊല്ലം ആദ്യത്തെ പതിനൊന്നു മാസത്തിനിടെ 2973 കോടി റിയാലിന്റെ അധിക ഇടപാടുകളാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി ഉപയോക്താക്കൾ നടത്തിയത്.
നവംബറിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകളിൽ 18 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം നവംബറിനെ അപേക്ഷിച്ച് ഇക്കഴിഞ്ഞ നവംബറിൽ 303 കോടി റിയാലിന്റെ അധിക ഇടപാടുകളാണ് നടന്നത്. നവംബറിൽ 1987 കോടി റിയാലിന്റെ ഇടപാടുകളാണ് പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി നടന്നത്. 2017 നവംബറിൽ ഇത് 1684 കോടി റിയാലായിരുന്നു. നവംബറിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴി 9.844 കോടി ഇടപാടുകൾ നടന്നു. 2017 നവംബറിൽ ഇത് 6.598 കോടിയിയായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങൾ വഴിയുള്ള ഇടപാടുകളുടെ എണ്ണത്തിൽ 49.2 ശതമാനം വർധന രേഖപ്പെടുത്തി. പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണം 14.9 ശതമാനം വർധിച്ച് 3,48,500 ആയി ഉയർന്നു. 2017 നവംബറിൽ 3,03,400 സൈ്വപിംഗ് മെഷീനുകളാണുണ്ടായിരുന്നത്.
നവംബറിൽ സൈ്വപിംഗ് മെഷീനുകൾ വഴി ഏറ്റവും കൂടുതൽ ഇടപാടുകൾ നടന്നത് റിയാദിലാണ്. ഇവിടെ 685 കോടി റിയാലിന്റെ ഇടപാടുകൾ നടന്നു. ആകെ 33,610 ഇടപാടുകൾ സൈ്വപിംഗ് മെഷീനുകൾ വഴി നവംബറിൽ റിയാദിൽ നടന്നു. രണ്ടാം സ്ഥാനത്തുള്ള ജിദ്ദയിൽ നവംബറിൽ 12,990 ഇടപാടുകളിലൂടെ ആകെ 324 കോടി റിയാലിന്റെ ഇടപാടുകൾ ആണ് സൈ്വപിംഗ് മെഷീനുകൾ വഴി ഉപയോക്താക്കൾ നടത്തിയത്.