റിയാദ് - മധ്യപൗരസ്ത്യദേശത്തെ പ്രമുഖ മാധ്യമ സ്ഥാപനവും മലയാളം ന്യൂസ് അടക്കമുള്ള പ്രസിദ്ധീകരണങ്ങളുടെ ഉടമകളുമായ സൗദി റിസർച്ച് ആന്റ് മാർക്കറ്റിംഗ് ഗ്രൂപ്പ് (എസ്.ആർ. എം.ജി) ഡയറക്ടർ ബോർഡ് ചെയർമാനായി എൻജിനീയർ അബ്ദുറഹ്മാൻ ബിൻ ഇബ്രാഹിം അൽറുവൈതിഇനെ നിയമിച്ചു.
എസ്.ആർ.എം.ജി ഡയറക്ടർ ബോർഡ് അംഗമായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു എൻജിനീയർ അബ്ദുറഹ്മാൻ അൽറുവൈതിഅ്.
എസ്.ആർ.എം.ജി ചെയർമാനായിരുന്ന ഡോ. ഗസ്സാൻ അൽശിബിലിനെ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ദിവസങ്ങൾക്കു മുമ്പ് നടത്തിയ മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി പുതുതായി സ്ഥാപിച്ച ലോക്കൽ കണ്ടന്റ് ആന്റ് ഗവൺമെന്റ് പ്രോക്യുർമെന്റ് അതോറിറ്റി ചെയർമാൻ പദവിയിൽ നിയമിച്ചതോടെ കമ്പനി ചെയർമാൻ പദവിയും ഡയറക്ടർ ബോർഡ് അംഗത്വവും അദ്ദേഹം രാജിവെക്കുകയായിരുന്നു. ഇതോടെയാണ് കമ്പനി ചെയർമാൻ പദവിയിൽ എൻജിനീയർ അബ്ദുറഹ്മാൻ അൽറുവൈതിഇനെ നിയമിച്ചത്.
അമേരിക്കയിലെ സൗത്ത് കാലിഫോർണിയ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എൻജിനീയറിംഗിൽ മാസ്റ്റർ ബിരുദം നേടിയ എൻജിനീയർ അബ്ദുറഹ്മാൻ അൽറുവൈതിഅ് ഹൽവാനി ബ്രദേഴ്‌സ് കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനാണ്. ഇഅ്മാർ ഇക്കണോമിക് സിറ്റി, ജദ്‌വ ഇൻവെസ്റ്റ്‌മെന്റ് കമ്പനി എന്നിവ അടക്കം ഏതാനും കമ്പനികളിൽ ഡയറക്ടർ ബോർഡ് അംഗമാണ്. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ബോർഡ് അംഗമായും സുപ്രീം ഇക്കണോമിക് കൗൺസിൽ അഡൈ്വസറി ബോഡി അംഗമായും നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.