ജിദ്ദ - മക്ക, ജിദ്ദ, റാബിഗ്, മദീന നഗരങ്ങളെ ബന്ധിപ്പിച്ച് സർവീസ് നടത്തുന്ന ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ പ്രതിദിന സർവീസുകളുടെ എണ്ണം മുപ്പത് ആയി ഉയർത്തുന്നതിനെ കുറിച്ച് അധികൃതർ പഠിക്കുന്നു. പ്രതിദിന സർവീസുകളുടെ എണ്ണം രണ്ടു വീതം ഓരോ മാസവും ഉയർത്തി വർഷാവസാനത്തോടെ പ്രതിദിന സർവീസുകൾ മുപ്പത് ആയി ഉയർത്തുന്നതിനാണ് നീക്കം. ഇതോടെ ഓരോ അര മണിക്കൂർ ഇടവേളകളിലും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ ട്രെയിൻ സർവീസുകളുണ്ടാകും. ഹറമൈൻ ഹൈസ്പീഡ് റെയിൽവേ വഴി പ്രതിവർഷം ചുരുങ്ങിയത് മൂന്നു കോടി പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇവർക്കു പുറമെ ഹജ്, ഉംറ തീർഥാടകർക്കും ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ യാത്രാ സൗകര്യം ഒരുക്കും.
ഒക്‌ടോബർ 11 നാണ് ഹറമൈൻ ഹൈസ്പീഡ് റെയിൽവേയിൽ വാണിജ്യാടിസ്ഥാനത്തിൽ ട്രെയിൻ സർവീസുകൾ ആരംഭിച്ചത്. ആദ്യത്തെ എൺപതു ദിവസത്തിനിടെ 310 സർവീസുകളിൽ 1,18,000 പേർ ട്രെയിനുകളിൽ യാത്ര ചെയ്തു. നിലവിൽ വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമായി ഒരു ദിശയിൽ പ്രതിദിനം നാലു വീതം ഇരു ദിശകളിലും എട്ടു സർവീസുകൾ വീതമാണുള്ളത്. സർവീസുകൾ ആരംഭിച്ചതിന്റെ തുടക്ക കാലത്തു തന്നെ ലക്ഷ്യമിട്ട സാമ്പത്തിക നേട്ടം കൈവരിക്കുന്നതിന് ഹറമൈൻ ഹൈസ്പീഡ് റെയിൽവേക്ക് സാധിച്ചിട്ടുണ്ട്. നിലവിൽ സാമ്പത്തിക നേട്ടങ്ങൾക്കല്ല അധികൃതർ ഊന്നൽ നൽകുന്നത്. ഗുണനിലവാരമുള്ള സേവനം, സർവീസ് സമയങ്ങളുടെ കൃത്യത, സുരക്ഷാ മാനദണ്ഡങ്ങളെയും സേവന നിലവാരത്തെയും ബാധിക്കാതെ സർവീസുകളുടെ എണ്ണം വർധിപ്പിക്കുക എന്നിവക്കാണ് അധികൃതർ ഇപ്പോൾ കൂടുതൽ ഊന്നൽ നൽകുന്നത്.
യാത്രക്കാരെ ആകർഷിക്കുന്നതിന് ശ്രമിച്ച് തുടക്കത്തിൽ 50 ശതമാനം ഇളവോടെയാണ് ടിക്കറ്റുകൾ നൽകിയിരുന്നത്. പ്രൊമോഷൻ നിരക്കുകൾ കഴിഞ്ഞ മാസം മധ്യം വരെ നിലവിലുണ്ടായിരുന്നു. ഇപ്പോൾ സാധാരണ നിരക്കുകളാണ് ബാധകം. ജിദ്ദയിൽ നിന്ന് മക്കയിലേക്ക് ഇക്കോണമി ക്ലാസിൽ 40 റിയാലും ബിസിനസ് ക്ലാസിൽ 50 റിയാലും മക്കയിൽ നിന്ന് മദീനയിലേക്ക് ഇക്കോണമി ക്ലാസിൽ 150 റിയാലും ബിസിനസ് ക്ലാസിൽ 250 റിയാലുമാണ് ടിക്കറ്റ് നിരക്ക്. മക്കയിലെയും മദീനയിലെയും റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് വിശുദ്ധ ഹറമിലേക്കും മസ്ജിദുബവിയിലേക്കും ബസ് സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. അഞ്ചു റിയാലാണ് ബസ് ടിക്കറ്റ്.
ഹജ്, ഉംറ തീർഥാടകരും സന്ദർശകരും സ്വദേശികളും വിദേശികളും അടക്കമുള്ളവർക്ക് മക്ക, മദീന, റാബിഗ്, ജിദ്ദ നഗരങ്ങൾക്കിടയിൽ കുറഞ്ഞ നിരക്കിൽ സുഖകരമായ ലക്ഷുറി യാത്രാ സൗകര്യം ഒരുക്കുന്നതിന് ലക്ഷ്യമിട്ട് ആയിരക്കണക്കിന് കോടി റിയാൽ ചെലവഴിച്ച് സൗദി അറേബ്യ പൂർത്തിയാക്കിയ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ സെപ്റ്റംബർ 25 നാണ് തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. ഒക്‌ടോബർ 11 മുതൽ പൊതുജനങ്ങൾക്കുള്ള ട്രെയിൻ സർവീസുകൾക്ക് തുടക്കമായി.
450 കിലോമീറ്റർ നീളമുള്ള പാതയിൽ മണിക്കൂറിൽ 300 ലേറെ കിലോമീറ്റർ വേഗതയുള്ള ഇലക്ട്രിക് ട്രെയിനുകളാണ് സർവീസിന് ഉപയോഗിക്കുന്നത്. മുപ്പത്തിയഞ്ച് ട്രെയിനുകൾ പദ്ധതിയിൽ സർവീസിന് ഉപയോഗിക്കും. നാലു ബിസിനസ് ക്ലാസ് കോച്ചുകളും എട്ടു ഇക്കണോമിക് ക്ലാസ് കോച്ചുകളും ഒരു പാൻട്രി കാറും അടങ്ങിയ ട്രെയിനുകളിൽ 417 സീറ്റുകൾ വീതമാണുള്ളത്.
ഹജ്, ഉംറ തീർഥാടകരുടെ എണ്ണം വലിയ തോതിൽ വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീർഥാടകർക്ക് സുരക്ഷിതവും സുഖകരവുമായ യാത്രാ സൗകര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ഹറമൈൻ ഹൈസ്പീഡ് റെയിൽവേ പദ്ധതി യാഥാർഥ്യമാക്കിയിരിക്കുന്നത്. 2030 ഓടെ പ്രതിവർഷം പുണ്യഭൂമിയിൽ എത്തുന്ന വിദേശ ഉംറ തീർഥാടകരുടെ എണ്ണം മൂന്നു കോടിയായും ഹജ് തീർഥാടകരുടെ എണ്ണം അര കോടിയായും ഉയർത്താനും വിഷൻ 2030 പദ്ധതി ലക്ഷ്യമിടുന്നു.