Sorry, you need to enable JavaScript to visit this website.

വനിതാ മതിലിന് ഐക്യദാർഢ്യവുമായി മദീന നവോദയ

വനിതാ മതിലിന് ഐക്യദാർഢ്യവുമായി നവോദയ മദീന യൂനിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ പ്രഫസർ ഡോ.രോയനിസ സംസാരിക്കുന്നു. 

മദീന- പുതുവത്സര ദിനത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാർഢ്യവുമായി നവോദയ മദീന യൂനിറ്റ് പരിപാടി സംഘടിപ്പിച്ചു. മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങളറിയാൻ കുഞ്ഞുങ്ങളെയും പെൺകുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് നവോത്ഥാനത്തിന്റെ മുഖ്യ കടമ എന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത  മുഖ്‌രിൻ യൂനിവേഴ്‌സിറ്റി പ്രഫസർ ഡോ.രോയനിസ പറഞ്ഞു. അധികാര വിധേയത്വ ബന്ധങ്ങളില്ലാതെ, സാമൂഹിക ജീവിതത്തിന്റെയും വ്യക്തി ജീവിതത്തിന്റെയും എല്ലാ ഇടങ്ങളിലും എല്ലാവർക്കും തുല്യാവകാശമാണുള്ളത്. തടയേണ്ടതിനെ തടയാനും അരുതെന്ന് പറയാനും പെൺകുട്ടികളെ പഠിപ്പിക്കണം. ഒരുപോലെ അവകാശപ്പെട്ട ജനാധിപത്യ ലോകത്തിനു വേണ്ടി പോരാടാൻ സ്ത്രീകൾ ശ്രമിക്കുകയും ചെയ്യണമെന്ന് അവർ പറഞ്ഞു. 


സ്ത്രീകൾക്കെതിരായ ലിംഗ വിവേചനത്തിന്റെ പ്രശ്‌നം രാഷ്ട്രീയ സാമൂഹ്യ മണ്ഡലങ്ങളിൽ സജീവ ചർച്ചാ വിഷയമാക്കാൻ കഴിഞ്ഞുവെന്നതാണ് വനിതാ മതിലിനെ പ്രസക്തമാക്കുന്നതെന്ന് നവോയ മദീന വനിതാ വേദി കൺവീനർ സാജിത ടീച്ചർ പറഞ്ഞു. സ്ത്രീയെയും ദളിതനെയും നീച ജന്മങ്ങളായി കാണുന്ന രാഷ്ട്രീയത്തെ സർവതലങ്ങളിലും തുറന്നു കാട്ടുകയാണ് അടിസ്ഥാനപരമമായി ചെയ്യേണ്ടത്. പ്രതിരോധിക്കേണ്ടിടത്ത് അത് ചെയ്യുന്നതിനാണ് വനിതാ മതിൽ രൂപം കൊടുക്കുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അടിച്ചമർത്തലുകൾ തുടരുകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വീട്ടിലെ സ്ത്രീകൾ മാത്രമല്ല, സമൂഹത്തിലെ മുഴുവൻ വീടുകളിലുമുള്ള സ്ത്രീകൾക്കും അടിച്ചമർത്തലുകൾ നേരിടേണ്ടി വന്നു. സ്ത്രീ-പുരുഷ സമത്വം, ഭരണഘടനാ മൂല്യങ്ങൾ എന്നിവ ഉയർത്തിപ്പിടിക്കുന്നതിന് സർക്കാരും ജനങ്ങളും ചേർന്ന് രൂപീകരിക്കുന്ന പ്രസ്ഥാനമായിരിക്കും വനിതാ മതിലെന്ന് അവർ പറഞ്ഞു. 


ഷെമി മുബാറക്ക് സ്വാഗതവും, സരീദ ഫൈസൽ നന്ദിയും പറഞ്ഞു. സാജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. വജിദാൻ ഹാജറ, മദീന നവോദയ രക്ഷാധികാരി സലാം കല്ലായി, പ്രസിഡന്റ് ഗഫൂർ മങ്കട, സെക്രട്ടറി അൻസാർ അരിമ്പ്ര, സജി ലബ്ബ, മുജീബ്കരുവന്തുരിത്തി, നിസാർ കരുനാഗപ്പള്ളി, എന്നിവർ ആശസകൾ നേർന്നു. സ്ത്രീകൾക്കായി ക്വിസ് മത്സരവും, കലാ കായിക മത്സരങ്ങളും സംഘടിപ്പിച്ചു.  

 

Latest News