കോഴിക്കോട്- വനിതാ മതില്‍ ദിനത്തില്‍ നാളെ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. ഉച്ചവരെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് ഡി.ഡി.ഇ വ്യക്തമാക്കി. പുതിയ ഉത്തരവ് പ്രകാരം ഉച്ച കഴിഞ്ഞ് മാത്രമായിരിക്കും അവധി.
കോഴിക്കോട് ജില്ലയിലെ ഒന്ന് മുതല്‍ 10 വരെയുള്ള ക്ലാസുകള്‍ക്കാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. അവധിക്കുള്ള കാരണം പറയാതെയാണ് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഉത്തരവ് ഇറക്കിയത്.
അധ്യാപക സംഘടനകള്‍ അവധിക്കെതിരെ രംഗത്തെത്തിയതിനു പിന്നാലെയാണ് ഉച്ചക്കുശേഷമാക്കി തിരുത്തിയത്. വനിതാ മതില്‍ ദിനത്തില്‍ അവധി നല്‍കിയത് ശരിയായില്ലെന്ന് കെ.പി.എസ്.ടി.എ ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പകരം ക്ലാസ് വെച്ചാല്‍ സഹകരിക്കില്ലെന്നും അധ്യാപകര്‍ വ്യക്തമാക്കിയിരുന്നു. ഉച്ച കഴിഞ്ഞ് ഗതാഗത തടസ്സം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാലാണ് സ്‌കൂളുകള്‍ക്ക് അവധി നല്‍കിയതെന്ന് ഡി.ഡി.ഇ വിശദീകരിച്ചു.