റിയാദ്- ബഖാലകളടക്കമുള്ള ചെറുകിട സ്ഥാപനങ്ങളുടെ നിലവാരം ഉയർത്തുന്നതിന് നഗരസഭയുടെ ഇജാദ അധികൃതരുടെ നേതൃത്വത്തിൽ പരിശോധന വ്യാപകമാകുന്നു. നിർദിഷ്ട നിലവാരം ഇല്ലാത്തതിന്റെ പേരിൽ അയ്യായിരം മുതൽ ഇരുപതിനായിരം റിയാൽ വരെ പിഴ ഈടാക്കിവരുന്നതായി റിയാദിലെ വിവിധ കടകളിൽ ജോലി ചെയ്യുന്നവർ അറിയിച്ചു.
സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കൽ, സ്ഥാപനത്തിന്റെ ഉൾഭാഗത്തുള്ള ക്രമീകരണം, സ്ഥാപനങ്ങളുടെ വിവരങ്ങൾ നഗരസഭയുടെ ഓൺലൈനിൽ അപ്‌ഡേറ്റ് ചെയ്യൽ തുടങ്ങിയവ ലക്ഷ്യമിട്ട് ഇൽമ് കമ്പനിയുമായി സഹകരിച്ച് മുനിസിപ്പൽ മന്ത്രാലയമാണ് ഇജാദ പദ്ധതി നടപ്പാക്കിയത്. ഇജാദ സംബന്ധിച്ച വിവരങ്ങൾ സ്ഥാപനമുടകൾക്ക് മൊബൈൽ സന്ദേശം വഴി അയച്ചിരുന്നുവെന്ന് റിയാദ് നഗരസഭ അറിയിച്ചു. ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഇജാദ ഉദ്യോഗസ്ഥർ ഔദ്യോഗിക വേഷത്തിലാണ് പരിശോധനക്കെത്തുകയെന്നും തിരിച്ചറിയൽ കാർഡ് ഉണ്ടാവുമെന്നും ഉടമക്ക് അത് ഉറപ്പുവരുത്താമെന്നും നഗരസഭയുടെ അറിയിപ്പിലുണ്ട്. ഇവർ നൽകുന്ന പിഴയെ കുറിച്ച് നഗരസഭ വെബ്‌സൈറ്റ് വഴിയും 920033954 നമ്പർ വഴിയും പരാതി ബോധിപ്പിക്കാവുന്നതാണ്.
സ്ഥാപനം പ്രവർത്തിക്കുന്ന കെട്ടിടത്തിന് പെയിന്റിംഗ് ഇല്ലാതിരിക്കൽ, ലൈസൻസ് പുതുക്കാതിരിക്കൽ, ജോലിക്കാരുടെ കൈകാലുകളിലുള്ള മുറിവ്, കടകളിൽ പ്രാണികളുടെ സാന്നിധ്യം, ബാത്‌റൂമുകളില്ലാതിരിക്കൽ, പഴയ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്യൽ, ടൈൽസ് പതിക്കാതിരിക്കൽ, നിശ്ചിത വിലയേക്കാൾ വില വർധിപ്പിക്കൽ, റൊട്ടിയുടെ കനം കുറയൽ, ആവശ്യത്തിന് റഫ്രിജറേറ്റർ ഇല്ലാതിരിക്കൽ, എക്‌സ്വാസ്റ്റ് ഫാൻ ഇല്ലാതിരിക്കൽ, അനുമതിയില്ലാത്ത വസ്തുക്കൾ സൂക്ഷിക്കൽ, ജോലിക്കാർ യൂണിഫോം ധരിക്കാതിരിക്കൽ, അരി, പൊടികൾ എന്നിവ സൂക്ഷിക്കുന്നയിടങ്ങളിൽ അടിഭാഗത്ത് ഇരുമ്പു പട്ടകൾ സ്ഥാപിക്കാതിരിക്കൽ, ഭക്ഷ്യ സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളിൽ സോപ്പ് പൊടി തുടങ്ങിയ ബാത്‌റൂം വസ്തുക്കൾ വെക്കൽ, മതിയായ ലൈറ്റ് സംവിധാനമില്ലാതിരിക്കൽ തുടങ്ങിയവയാണ് ഉദ്യോഗസ്ഥർ പ്രധാനമായും പരിശോധിക്കുന്നത്. 100, 200, 500, 1000 എന്നിങ്ങനെയാണ് ഇവക്ക് പിഴയായി ഈടാക്കുന്നത്.
ഉദ്യോഗസ്ഥർ പിഴ ചുമത്തിയാൽ നിയമലംഘനവും പിഴയും കാണിക്കുന്ന വെബ് ലിങ്ക് ഉടമക്ക് മൊബൈലിൽ സന്ദേശമെത്തിക്കും. അതേസമയം വൻതുക പിഴയും ഇഖാമ പുതുക്കുന്നതിനുള്ള ലെവിയും തൊഴിലാളികളുടെ ശമ്പളവുമടക്കമുള്ള ചെലവുകളും കാരണം കടകൾ നടത്തിക്കൊണ്ടുപോകുന്നതിന് വൻ ചെലവാണുള്ളതെന്ന് ഉടമകൾ പറഞ്ഞു.