കോഴിക്കോട് - പി.കെ. കുഞ്ഞാലിക്കുട്ടിയെ വെട്ടിലാക്കിയത് പാർലമെന്റിലെ സി.പി.എം നീക്കം. മുത്തലാഖ് ബിൽ വോട്ടിന് ഇടുമ്പോൾ പൊതു നിലപാടെടുക്കുന്ന കാര്യത്തിൽ പ്രതിപക്ഷ നീക്കം പരാജയപ്പെട്ടതോടെ കോൺഗ്രസടക്കം വലിയ വിഭാഗം ഇറങ്ങിപ്പോയപ്പോൾ സി.പി.എം എതിർത്ത് വോട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഇതോടെ ലീഗിനും വോട്ടെടുപ്പിൽ പങ്കെടുക്കാതെ വയ്യെന്നായി.
11 നെതിരെ 245 വോട്ടിനാണ് മുസ്‌ലിം സ്ത്രീ വിവാഹാവകാശ സംരക്ഷണ ബിൽ ലോക്‌സഭ അംഗീകരിച്ചത്. നേരത്തെ കോൺഗ്രസ്, എൻ.സി.പി, ബി.ജെ.പി, മജ്‌ലിസ് എന്നിവർ ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാവശ്യപ്പെട്ടത് സർക്കാർ തള്ളുകയായിരുന്നു. തുടർന്നാണ് ബിൽ വോട്ടിനിട്ടത്. കോൺഗ്രസിന് പുറമെ എ.ഐ.എ.ഡി.എം.കെ, ടി.ആർ.എസ്, ആർ.ജെ.ഡി, ടി.ഡി.പി, എം.സി, എസ്.പി എന്നീ സംഘടനകൾ സഭ ബഹിഷ്‌കരിക്കുകയായിരുന്നു. എതിർത്ത് വോട്ട് ചെയ്യാനുണ്ടായത് സി.പി.എം, ആർ.എസ്.പി, മുസ്‌ലിം ലീഗ് കക്ഷികളാണ്. സി.പി.എമ്മിന്റെയും ലീഗിന്റെയും ഓരോ അംഗങ്ങൾ സന്നിഹിതരായിരുന്നില്ല. സി.പി.എമ്മിന് 9 പേരാണ് സഭയിലുള്ളത്. ഇവരുടെ എട്ടും ഉവൈസി, എൻ.കെ. പ്രേമചന്ദ്രൻ, ഇ.ടി. മുഹമ്മദ് ബഷീർ എന്നിവരും ചേർന്നാണ് 11 വോട്ട്.
മൂന്ന് തലാഖും ഒന്നിച്ച് ചൊല്ലുന്നതിനെ ക്രിമിനൽ കുറ്റമാക്കി മുസ്‌ലിം ഭർത്താവിനെ തടവിന് ശിക്ഷിക്കുന്ന വ്യവസ്ഥയാണ് പ്രതിപക്ഷ എതിർപ്പിന് ആധാരം. ഈ വ്യവസ്ഥ എടുത്തു കളഞ്ഞിരുന്നെങ്കിൽ സി.പി.എം, കോൺഗ്രസ് കക്ഷികൾ ബില്ലിനെ എതിർക്കുമെന്ന് ഉറപ്പില്ല. മുത്തലാഖ് സുപ്രീം കോടതി തന്നെ റദ്ദ് ചെയ്തതാണ്. വിധിയെ സി.പി.എം, കോൺഗ്രസ് കക്ഷികൾ സ്വാഗതം ചെയ്തിട്ടുണ്ട്. അതേ സമയം ബി.ജെ.പി ഇതിനെ ക്രിമിനൽ കുറ്റമാക്കിയതാണ് കൂടുതൽ കക്ഷികൾ എതിർക്കാൻ കാരണം. ശിവസേനയും അകാലിദളും മാത്രമാണ് ബി.ജെ.പിയെ പിന്തുണച്ചത്.
മുസ്‌ലിം ലീഗും ബഹിഷ്‌കരണത്തിൽ പങ്കെടുത്തിരുന്നുവെങ്കിൽ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ശ്രദ്ധിക്കപ്പെടുമായിരുന്നില്ല. എന്നാൽ സി.പി.എം വോട്ടു ചെയ്യുമ്പോൾ എതിർത്തു വോട്ടു ചെയ്തില്ലെങ്കിൽ അത് പാർട്ടിക്ക് പ്രയാസം സൃഷ്ടിക്കുമായിരുന്നു. ഇത്തരം ബിൽ ചർച്ചാ വേളകളിൽ തീരുമാനങ്ങൾ മിക്കപ്പോഴും മുൻകൂട്ടി എടുക്കാൻ കഴിയില്ല. പ്രത്യേകിച്ച് കൂടുതൽ പാർട്ടികളും ഉൾക്കൊള്ളുന്ന പ്രതിപക്ഷത്തിന്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം വോട്ടിനെ ലക്ഷ്യം വെക്കുന്നതിനാലാണ് സി.പി.എം എതിർത്ത് വോട്ട് ചെയ്യാൻ തീരുമാനിച്ചത്. ഹിന്ദു സ്ത്രീകളുടെ അവകാശത്തിന് പട നയിക്കുന്ന സി.പി.എം മുത്തലാഖ് ബില്ലിനെ എതിർത്തത് പാർട്ടിയിൽ ചർച്ചക്ക് ഇട നൽകിയിട്ടുണ്ട്. തടവ് ശിക്ഷാ വ്യവസ്ഥയുണ്ടെന്നാണ് സി.പി.എം ഇതിനെ ന്യായീകരിക്കാൻ പറയുന്നത്.