ജിദ്ദ - പുതുവത്സര ദിനത്തിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന വനിതാ മതിലിന് ഐക്യദാർഢ്യവുമായി നവോദയ ജിദ്ദ പ്രതീകാത്മക വനിതാ മതിൽ സംഘടിപ്പിച്ചു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വർഗീയ കക്ഷികൾ കേരളത്തെ ജാതീയമായും വർഗീയമായും വിഭജിക്കാൻ ശ്രമിക്കുന്നത് അനുവദിക്കാനാവില്ലെന്ന് ചടങ്ങിൽ സംസാരിച്ചവർ പ്രഖ്യാപിച്ചു. കേരളത്തെ വർഗീയമായി വേർതിരിക്കാനും വനിതകളുടെ അവകാശങ്ങൾ നിഷേധിക്കാനും ചില വർഗീയ സാമുദായിക ശക്തികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നു. പതിറ്റാണ്ടുകൾക്കു മുമ്പ് കേരളത്തിലെ സ്ത്രീകൾ അനുഭവിച്ച കഷ്ടപ്പാടുകൾക്കും പിന്നോക്കാവസ്ഥക്കും പരിഹാരം കണ്ടത് നിരന്തര സമരങ്ങളിലൂടെയും ശക്തമായ എതിർപ്പുകളെ തരണം ചെയ്തുമാണ്. സ്ത്രീകൾക്കെതിരെയുള്ള ലിംഗവിവേചനത്തിന്റെ പ്രശ്‌നം സജീവമായ ചർച്ചാവിഷയമാക്കാൻ കഴിഞ്ഞു എന്നത് മതിലിനെ ശക്തമായ നവോത്ഥാന ഇടപെടലായി മാറ്റിയിരിക്കുന്നു.
വനിതാ വേദി കേന്ദ്ര കമ്മിറ്റി കൺവീനർ ശഹീബ ബിലാൽ അധ്യക്ഷത വഹിച്ച ചടങ്ങ് രക്ഷാധികാരി ജുമൈല അബു ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവർത്തക റജിയ വീരാൻ, നവോദയ രക്ഷാധികാരി വി.കെ. റഊഫ്, സെക്രട്ടറി ശ്രീകുമാർ മാവേലിക്കര, കുടുംബവേദി കൺവീനർ മുസാഫർ പാണക്കാട് എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. ഡോ. വിനീത പിള്ളയും ചടങ്ങിൽ പങ്കെടുത്തു.
കുടുംബവേദി കേന്ദ്ര കമ്മിറ്റി മെമ്പർമാരായ ഹഫ്‌സ മുസാഫർ സ്വാഗതവും അനുപമ ബിജുരാജ് നന്ദിയും പറഞ്ഞു.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.