റിയാദ് - അഞ്ചു ഹലലയുടെ ക്രയവിക്രയങ്ങൾ കഴിഞ്ഞ മാസം 21.2 ലക്ഷം റിയാൽ കവിഞ്ഞതായി കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി വെളിപ്പെടുത്തി. ആദ്യമായാണ് ഒരു മാസത്തിനിടെ അഞ്ചു ഹലല ക്രയവിക്രയം ഇരുപതു ലക്ഷം റിയാലിനു മുകളിലേക്ക് ഉയരുന്നത്. 2017 നവംബറിൽ അഞ്ചു ഹലല ക്രയവിക്രയം 1,11,761 റിയാൽ മാത്രമായിരുന്നു. ഒരു വർഷത്തിനിടെ അഞ്ചു ഹലല ക്രയവിക്രയത്തിൽ 1,796 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
അമ്പതു ഹലല (അര റിയാൽ നാണയം) ക്രയവിക്രയം ആദ്യമായി അഞ്ചു കോടി റിയാൽ കവിഞ്ഞു. നവംബറിൽ 50 ഹലല ക്രയവിക്രയം 5.144 കോടി റിയാലായിരുന്നു. കഴിഞ്ഞ കൊല്ലം നവംബറിൽ 50 ഹലല ക്രയവിക്രയം 99.9 ലക്ഷം റിയാലായിരുന്നു. ഒരു ഹലല ക്രയവിക്രയം 2,44,246 റിയാൽ ആയി ഉയർന്നു. 2017 നവംബറിൽ ആകെ 7,868 റിയാലിന്റെ ഒരു ഹലലകളാണ് ക്രയവിക്രയം ചെയ്തത്.
രണ്ടു റിയാൽ നാണയത്തിന്റെ 3.838 കോടി റിയാലിന്റെ ക്രയവിക്രയം നടന്നു. 2017 നവംബറിൽ ഈ വിഭാഗം നാണയത്തിന്റെ 82.3 ലക്ഷം റിയാലിന്റെ ക്രയവിക്രയമാണ് നടന്നത്. പത്തു ഹലലയുടെ ക്രയവിക്രയം നവംബറിൽ 45.2 ലക്ഷമായി ഉയർന്നു. 2017 നവംബറിൽ പത്തു ഹലലയുടെ 1,73,739 റിയാലിന്റെ ക്രയവിക്രയമാണ് നടന്നത്. ഒരു റിയാൽ നോട്ടിന്റെ അച്ചടി നിർത്തിവെച്ചെങ്കിലും മറ്റു നാണയങ്ങളെ അപേക്ഷിച്ച് ഒരു റിയാൽ നാണയത്തിന്റെ ക്രയവിക്രയത്തിൽ വലിയ വർധനവ് രേഖപ്പെടുത്തിയില്ല. ഒരു റിയാൽ നാണയത്തിന്റെ ക്രയവിക്രയം 6.482 കോടി റിയാൽ മാത്രമായിരുന്നു. 2017 നവംബറിൽ ഇത് 86.2 ലക്ഷം റിയാലായിരുന്നു. 25 ഹലല (കാൽ റിയാൽ) വിഭാഗത്തിൽ പെട്ട നാണയത്തിന്റെ ക്രയവിക്രയം 2.359 കോടി റിയാലായി ഉയർന്നു. 2017 നവംബറിൽ കാൽ റിയാൽ ക്രയവിക്രയം 41.1 ലക്ഷം റിയാലായിരുന്നു. നാണയങ്ങളുടെ ശരാശരി ആയുസ്സ് ഇരുപതു മുതൽ 25 വർഷം വരെയാണ്. എന്നാൽ കറൻസി നോട്ടുകളുടെ ശരാശരി ആയുസ് 12 മുതൽ 18 മാസം വരെ മാത്രമാണെന്ന് സൗദി ബാങ്കുകളുടെ കൂട്ടായ്മക്കു കീഴിലെ ബോധവൽക്കരണ കമ്മിറ്റി റിപ്പോർട്ട് പറയുന്നു.
മലയാളം ന്യൂസ് വാര്‍ത്തകളും അപ്‌ഡേറ്റുകളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക