റിയാദ് - അഴിമതി കേസുകളിൽ കഴിഞ്ഞ വർഷം പതിനായിരത്തോളം പേരെ അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തു. 7,616 സൗദികളും 2,227 വിദേശികളും അടക്കം 9,843 പേരാണ് അഴിമതി കേസുകളിൽ കഴിഞ്ഞ വർഷം അറസ്റ്റിലായത്. അഞ്ചു വർഷത്തിനിടെ ആകെ 34,596 പേരെ അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇക്കൂട്ടത്തിൽ 24,465 പേർ സൗദികളും 10,131 പേർ വിദേശികളുമാണ്. അഴിമതി, കൈക്കൂലി, ഭീകരതക്ക് സാമ്പത്തിക സഹായം നൽകൽ എന്നീ കേസുകളിലാണ് ഇത്രയും പേർ അഞ്ചു വർഷത്തിനിടെ അറസ്റ്റിലായത്.
അഴിമതി, കൈക്കൂലി, ഭീകരതക്ക് ധനസഹായം നൽകൽ കേസുകളെ കുറിച്ച് അറിയിച്ച് അഞ്ചു വർഷത്തിനിടെ അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് 25,638 പരാതികൾ ലഭിച്ചു. അന്വേഷണം പൂർത്തിയാക്കി പ്രതികൾക്കെതിരായ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് കൈമാറി. അഴിമതി, കൈക്കൂലി, അധികാര ദുർവിനിയോഗം, ഭീകരതക്ക് സാമ്പത്തിക സഹായം നൽകൽ എന്നീ കേസുകളാണ് അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന്റെ അധികാര പരിധിയിൽ വരുന്നത്. ഇത്തരം കേസുകളെ കുറിച്ച് 980 എന്ന നമ്പറിൽ ബന്ധപ്പെട്ട് അറിയിക്കണമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് സൗദി പൗരന്മാരോടും വിദേശികളോടും ആവശ്യപ്പെട്ടു.
മലയാളം ന്യൂസ് വാര്‍ത്തകളും അപ്‌ഡേറ്റുകളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക