റിയാദ് - സ്വകാര്യ മേഖലയിൽനിന്ന് മൂന്നു മാസത്തിനിടെ അഞ്ചര ലക്ഷത്തിലേറെ പേർക്ക് തൊഴിൽ നഷ്ടപ്പെട്ടതായി ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് (ഗോസി) കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മൂന്നാം പാദാവസാനത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ സൗദികളും വിദേശികളും അടക്കം ആകെ 88,13,236 ജീവനക്കാരാണുള്ളത്. രണ്ടാം പാദാവസാനത്തിൽ ആകെ ജീവനക്കാർ 93,67,593 ആയിരുന്നു. മൂന്നു മാസത്തിനിടെ ജീവനക്കാരുടെ എണ്ണത്തിൽ 5,54,357 പേരുടെ കുറവുണ്ടായി.
വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളാണ് ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നൽകുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ 43,87,000 ജീവനക്കാരുണ്ട്. രണ്ടാം സ്ഥാനത്ത് ലിമിറ്റഡ് ലയേബിലിറ്റി കമ്പനികളാണ്. ഇത്തരം സ്ഥാപനങ്ങളിൽ 32,53,000 പേർ ജോലി ചെയ്യുന്നുണ്ട്. ജോയിന്റ് സ്റ്റോക്ക് കമ്പനികളിൽ 8,56,409 പേർ ജോലി ചെയ്യുന്നു. ഏറ്റവും കുറച്ച് പേർക്ക് തൊഴിൽ നൽകുന്നത് പ്രൊഫഷനൽ സ്ഥാപനങ്ങളാണ്. ഇത്തരം സ്ഥാപനങ്ങളിൽ ആകെ 4,645 ജീവനക്കാർ മാത്രമാണുള്ളത്.
സ്വകാര്യ മേഖലയിൽ ഏറ്റവും കൂടുതൽ പേർ ജോലി ചെയ്യുന്നത് റിയാദ് പ്രവിശ്യയിലാണ്. ഇവിടെ 32,01,000 ജീവനക്കാരുണ്ട്. മക്കയിലും ജിദ്ദയിലുമായി 15,17,000 ജീവനക്കാരും കിഴക്കൻ പ്രവിശ്യയിൽ 13,55,000 ജീവനക്കാരുമുണ്ട്. ഈ വർഷം രണ്ടാം പാദത്തെ കണക്കുകൾ പ്രകാരം സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന 19,46,000 സൗദികളെയും 74,21,000 വിദേശികളെയും ഗോസിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗോസി രജിസ്‌ട്രേഷനുള്ള സ്വകാര്യ മേഖലാ ജീവനക്കാരിൽ 85,57,000 പേർ പുരുഷന്മാരും 8,10,216 പേർ വനിതകളുമാണ്.