ജിദ്ദ - കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര എയർപോർട്ടിൽ റൺവേയിൽ അതിക്രമിച്ചുകയറിയ നിയമ ലംഘകനെ സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. കളിത്തോക്കും മൊബൈൽ ഫോണും പണവും സ്വർണവും ഇയാളുടെ പക്കൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 7.47 ന് ആണ് നിയമ ലംഘകൻ റൺവേയിലേക്ക് നുഴഞ്ഞുകയറിയത് സുരക്ഷാ വകുപ്പുകളുടെ ശ്രദ്ധയിൽപെട്ടത്. റൺവേയിലേക്ക് നീങ്ങുന്ന വിമാനങ്ങൾ കടന്നുപോകുന്ന ട്രാക്ക് (എഫ്.ജി) മുറിച്ചുകടന്ന് മധ്യഭാഗത്തെ റൺവേ ലക്ഷ്യമാക്കിയാണ് നിയമ ലംഘകൻ നീങ്ങിയത്. മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ച ഇയാൾ അറസ്റ്റ് ചെയ്യുമ്പോൾ പിച്ചുംപേയും പറഞ്ഞുകൊണ്ടിരുന്നു.
മുൻകരുതലെന്നോണം ഉടൻ തന്നെ സുരക്ഷാ വകുപ്പുകൾ മധ്യറൺവേ അടച്ചു. അന്വേഷണം പൂർത്തിയാക്കുന്നതിന് നിയമ ലംഘകനെ പിന്നീട് എയർപോർട്ട് സുരക്ഷാ വകുപ്പിന് കൈമാറി. റൺവേയും എയർക്രാഫ്റ്റ് കോറിഡോറുകളും സുരക്ഷാ വകുപ്പുകൾ അരിച്ചുപെറുക്കി സുരക്ഷക്ക് ഭീഷണിയായ സംശയകരമായ വസ്തുക്കളൊന്നുമില്ല എന്ന് ഉറപ്പുവരുത്തി. ഇതിനു ശേഷമാണ് റൺവേ തുറന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.
മലയാളം ന്യൂസ് വാര്‍ത്തകളും അപ്‌ഡേറ്റുകളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക