Sorry, you need to enable JavaScript to visit this website.

വലിയ വിമാന സർവീസുകളുടെ കടമ്പ കടന്ന് കരിപ്പൂർ പുതുപ്രതീക്ഷയുടെ പുലരിയിലേക്ക് 

കൊണ്ടോട്ടി- വലിയ വിമാന സർവീസുകളുടെ പറന്നിറങ്ങലിന്റെ മധുര സ്മരണയിൽ നിന്ന് പുതിയ ടെർമിനലും കൂടുതൽ സർവീസുകളുമെന്ന ഇരട്ടി മധുരത്തിന്റെ പുതുവർഷത്തിലേക്ക് കരിപ്പൂർ വിമാനത്താവളം. 
പുതിയ ടെർമിനൽ, എയർ ഇന്ത്യ ഉൾെപ്പടെയുളള വിമാനങ്ങളുടെ ആഭ്യന്തര-അന്താരാഷ്ട്ര സർവീസുകൾ, ഹജ് സർവീസുകൾ, പുതിയ കാർ പാർക്കിംഗ്, മറ്റു വികസന പ്രവൃത്തികളാണ് പുതിയ വർഷത്തിൽ കരിപ്പൂർ വിമാനത്താവളം നേടിയെടുക്കുന്നത്.
 പിറവിയുടെ മുപ്പതാം വാർഷമായ 2018 ലാണ് കരിപ്പൂരിന്റെ ചരിത്രത്തിൽ ഇന്നോളം കണ്ടിട്ടില്ലാത്ത സമര പോർക്കളങ്ങളുണ്ടായത്. റൺവേ റീ-കാർപറ്റിംഗ് കഴിഞ്ഞിട്ടും 2015 ൽ നിർത്തലാക്കിയ വലിയ വിമാനങ്ങൾ തിരിച്ചെത്തിക്കാൻ വ്യോമയാന മന്ത്രാലയം തയാറായില്ല. തുടർന്നായിരുന്നു വിവിധ രാഷ്ട്രീയ സാംസ്‌കാരിക സംഘടനകളുടെ പ്രതിഷേധം അരങ്ങേറിയത്. 
ഒടുവിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കി കാത്തിരുന്നെങ്കിലും എയർപോർട്ട് അതോറിറ്റിയിലെ ഉന്നതന്റെ ഇടപെടൽ മൂലം മാസങ്ങളോളം വൈകി. ഇതിനെതിരെ സമരങ്ങൾ ശക്തമായതോടെയാണ് ഡയറക്ടർ ജനറൽ ഓഫീസ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) അനുമതി നൽകിയത്. തുടർന്ന് ഡിസംബർ അഞ്ചിന് കരിപ്പൂരിൽ സൗദി എയർലൈൻസിന്റെ വലിയ വിമാനങ്ങൾ വന്നിറങ്ങിത്തുടങ്ങി.
പുതുവർഷത്തിൽ വിമാനത്താവളത്തിൽ 120 കോടി ചെലവിൽ നിർമിച്ച പുതിയ ടെർമിനലാണ് തുറക്കുന്നത്. ജനുവരിയിൽ ടെർമിനൽ തുറക്കാനാണ് എയർപോർട്ട് അഥോറിറ്റിയുടെ തീരുമാനം. നിലവിലെ ടെർമിനലിനോട് ചേർത്ത് നിർമിച്ച പുതിയ ടെർമിനലിൽ യാത്രക്കാർക്ക് ആവശ്യമായ അത്യാധുനിക സംവിധാനങ്ങളാണ് ഒരുക്കിയിട്ടുളളത്. ഇതോടെ ഇന്ത്യയിലെ വിമാനത്താവളങ്ങളുടെ ചരിത്രത്തിൽ ഏറ്റവും നീളം കൂടിയ ടെർമിനൽ എന്ന ഖ്യാതി കരിപ്പൂർ വിമാനത്താവളത്തിനാകും.
എയർ ഇന്ത്യയുടെ വലിയ വിമാനങ്ങളുടെ സർവീസിനുളള സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കിയതോടെ പുതുവർഷത്തിൽ സർവീസുകൾ ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ്. സൗദി അറേബ്യയിലേക്ക് ജംബോ വിമാനങ്ങളാണ് എയർ ഇന്ത്യ സർവീസിനായി എത്തിക്കുന്നത്. ഫെബ്രുവരിയിൽ ഫ്‌ളൈ ദുബായ് വിമാന കമ്പനിയുടെ സർവീസുകളും ആരംഭിക്കും. 
സൗദി എയർലൈൻസ് സർവീസുകൾ വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതും പുതുവർഷത്തിലാണ്. കരിപ്പൂരിൽ നിന്ന് മധ്യ-പൂർവേഷ്യൻ രാജ്യങ്ങളിലേക്ക് സർവീസ് ആരംഭിക്കാനുളള നടപടികളും ആരംഭിച്ചിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര യാത്രക്കാർ വിന്നിറങ്ങുന്ന കരിപ്പൂർ പുതുവർഷത്തിൽ പഴയകാല പ്രതാപത്തിലേക്കാണ് ചിറകടിച്ചുയരുന്നത്.

Latest News