Sorry, you need to enable JavaScript to visit this website.

പിഴവുകൾ ആവർത്തിക്കരുതെന്ന് കുഞ്ഞാലിക്കുട്ടിയോട് തങ്ങൾ; വിവാദം അവസാനിപ്പിക്കണം

കോഴിക്കോട്- മുത്തലാഖ് വിഷയത്തിൽ നടന്ന വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്ന സംഭവത്തിൽ വിവാദം അവസാനിപ്പിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ. കുഞ്ഞാലിക്കുട്ടി നൽകിയ വിശദീകരണം തൃപ്തികരമാണെന്നും പിഴവുകൾ ആവർത്തിക്കരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്നും തങ്ങൾ വ്യക്തമാക്കി. സമസ്ത അടക്കമുള്ള വിവിധ മുസ്‌ലിം സംഘടനകളിൽനിന്നും ശക്തമായ എതിർപ്പ് ഉയർന്നതോടെയാണ് ശിഹാബ് തങ്ങൾ വിശദീകരണം ആവശ്യപ്പെട്ടത്. 
മുത്തലാഖ് ബിൽ ചർച്ചയിൽ പങ്കെടുക്കാതിരുന്നതിൽ ഖേദമുണ്ടെന്നും പാർട്ടി മുഖപത്രവുമായി ബന്ധപ്പെട്ട സുപ്രധാന മീറ്റിംഗുകളുണ്ടായിരുന്നതിനാലാണ് ദൽഹിയിലേക്ക് പോകാൻ കഴിയാതിരുന്നതെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. 


മലയാളം ന്യൂസ് വാർത്തകളും വിശകലനങ്ങളും ലഭിക്കാൻ ഇവിടെ ക്ലിക് ചെയ്യുക


സാങ്കേതികമായ പല ബുദ്ധിമുട്ടുകളും മൂലമാണ് ദൽഹിയിൽ എത്താൻ കഴിയാതിരുന്നതെന്നും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് കേരളത്തിൽ തങ്ങിയതെന്ന ആക്ഷേപം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. മുത്തലാഖ് പ്രശ്്‌നത്തിൽ പാർട്ടി നിലപാട് നേരത്തെ പാർലമെന്റിൽ അറിയിച്ചിട്ടുണ്ടെന്നും ബില്ലുമായി ബന്ധപ്പെട്ട തുടർന്നുള്ള വേദികളിൽ കോൺഗ്രസുമായി സഹകരിച്ച് ശക്തമായ നിലപാടുകളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. 
ദൽഹിയിലെയും കേരളത്തിലെയും രാഷ്ട്രീയത്തിൽ ഇടപെടുന്നത് മൂലം സമയക്കുറവുണ്ടെന്നും ഇക്കാര്യത്തിൽ പാർട്ടി നേതൃത്വം കൂടിയിരുന്ന് ആലോചിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

Latest News