മലപ്പുറം- ലോക്‌സഭയില്‍ മുത്തലാഖ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍നിന്നും വോട്ടെടുപ്പില്‍നിന്നും പി.കെ. കുഞ്ഞാലിക്കുട്ടി എം.പി വിട്ടുനിന്നതു പാര്‍ട്ടി ചര്‍ച്ചചെയ്യുമെന്നു മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയര്‍മാനുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങള്‍ കുഞ്ഞാലിക്കുട്ടിയോടു വിശദീകരണം തേടിയിരുന്നതായി ലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് എന്തുകൊണ്ടാണെന്നു വിശദമാക്കണമെന്നു ഹൈദരലി തങ്ങള്‍ ആവശ്യപ്പെട്ടുവെന്നാണ് സാദിഖലി തങ്ങള്‍ വ്യക്തമാക്കിയത്.
മലയാളം ന്യൂസ് വാര്‍ത്തകളും വിശകലനങ്ങളും വാട്‌സാപ്പില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
മുത്തലാഖ് ബില്‍ ചര്‍ച്ചയും വോട്ടെടുപ്പും നടന്നപ്പോള്‍ പി.കെ. കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ ഇല്ലാതിരുന്നതാണ് പാര്‍ട്ടിക്കകത്തും പുറത്തും വിവാദമായത്. നിര്‍ണായക സന്ദര്‍ഭത്തില്‍ സമുദായത്തെ വഞ്ചിച്ചുവെന്ന വിമര്‍ശനങ്ങള്‍ക്കിടയിലാണ് കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം ചോദിക്കാന്‍ പാര്‍ട്ടി നിര്‍ബന്ധിതമായത്. തങ്ങള്‍ക്ക് വിശദീകരണം നല്‍കിയതായി കുഞ്ഞാലിക്കുട്ടി ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍ കുഞ്ഞാലിക്കുട്ടിയില്‍നിന്ന് വിശദീകരണം ലഭിച്ച ശേഷം പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്നാണ് തങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.
വോട്ടെടുപ്പില്‍ പങ്കെടുക്കാതെ വിട്ടുനിന്നത് ചന്ദ്രികയുടെ ഗവേണിംഗ് ബോഡിയില്‍ പങ്കെടുക്കാനാണെന്നും വിവാഹത്തില്‍ പങ്കെടുത്തത് കൊണ്ടല്ലെന്നും കുഞ്ഞാലിക്കുട്ടി വിശദീകരിച്ചിരുന്നു. വോട്ടെടുപ്പ് ഉണ്ടാകുമെന്നറിഞ്ഞെങ്കില്‍ സഭയില്‍ എത്തുമായിരുന്നു. ടൈം മാനേജ്‌മെന്റില്‍ പ്രശ്‌നങ്ങള്‍ വരുന്നുണ്ട്. കേന്ദ്ര, കേരള ചുമതലകള്‍ ഒന്നിച്ചു കൊണ്ടുപോകല്‍ പ്രശ്‌നമുണ്ടാക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.
രാജ്യസഭയില്‍ തിങ്കളാഴ്ച മുത്തലാഖ് ബില്‍ പരിഗണിക്കുമ്പോള്‍ അതിനെതിരെ വോട്ട് ചെയ്യാനായി ലീഗ് അംഗങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയതായും ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. രാജ്യസഭയില്‍ ബില്ല് പാസാകിലെന്നാണ് പ്രതീക്ഷയെന്നും അങ്ങനെയെങ്കില്‍ ആക്ഷേപങ്ങള്‍ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.